Kerala
പരാതിക്കാരിയെ അപമാനിച്ച കേസ്; സന്ദീപ് വാര്യരെ ഡിസംബര്‍ 15 വരെ അറസ്റ്റ് ചെയ്യില്ല
സന്ദീപ് വാര്യരുടെ ജാമ്യാപേക്ഷ ഈ മാസം 15നാണ് പരിഗണിക്കുന്നത്
തിരുവനന്തപുരം|രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയ സ്ത്രീയെ അധിക്ഷേപിച്ച കേസില്‍ കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യരെ ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്ന് പ്രോസിക്യൂഷന്‍. ഈ മാസം 15 വരെ അറസ്റ്റ് ചെയ്യില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കേസില്‍ പോലീസ് റിപ്പോര്‍ട്ട് ലഭിക്കാത്തതിനാലാണ് നടപടിയിലേക്ക് കടക്കാത്തതെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. കേസില്‍ സന്ദീപ് വാര്യരുടെ ജാമ്യാപേക്ഷ ഈ മാസം 15നാണ് പരിഗണിക്കുന്നത്.
തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. കേസില്‍ നാലാം പ്രതിയാണ് സന്ദീപ്. പരാതിക്കാരിയായ യുവതിയുടെ വിവാഹ സമയത്ത് എടുത്ത ആശംസാ പോസ്റ്റ് പലരും സാമൂഹിക മാധ്യമത്തില്‍ കുത്തിപ്പൊക്കിയതാണെന്നും പരാതിക്കാരിയെ അപമാനിക്കുന്ന പ്രവര്‍ത്തി ചെയ്തിട്ടില്ലെന്നും സന്ദീപ് വാര്യര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.


