Connect with us

Kerala

വി സി നിയമനം: വിട്ടുവീഴ്ചക്കില്ലെന്ന് ഗവര്‍ണറും സര്‍ക്കാറും; അനുനയ നീക്കം പാളി

താന്‍ നിശ്ചയിച്ച വൈസ് ചാന്‍സലര്‍മാര്‍ യോഗ്യരാണെന്ന് പറഞ്ഞ ഗവര്‍ണര്‍, മുഖ്യമന്ത്രി എവിടെയെന്ന് തന്നെ സന്ദര്‍ശിച്ച മന്ത്രിമാരായ ആര്‍ ബിന്ദുവിനോടും പി രാജീവിനോടും ചോദിച്ചു.

Published

|

Last Updated

തിരുവനന്തപുരം | കെ ടി യു, ഡിജിറ്റല്‍ സര്‍വകലാശാല വി സി നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണെന്ന് നിയമമന്ത്രി പി രാജീവ്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍  ബിന്ദുവിനൊപ്പം ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ കണ്ട ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാജീവ്. വി സി നിയമനത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന് ഗവര്‍ണറും സംസ്ഥാന സര്‍ക്കാറും വ്യക്തമാക്കിയതോടെ അനുനയ നീക്കങ്ങള്‍ പൊളിഞ്ഞിരിക്കുകയാണ്.

താന്‍ നിശ്ചയിച്ച വൈസ് ചാന്‍സലര്‍മാര്‍ യോഗ്യരാണെന്ന് പറഞ്ഞ ഗവര്‍ണര്‍, മുഖ്യമന്ത്രി എവിടെയെന്ന് മന്ത്രിമാരോട് ചോദിച്ചു. വി സിമാരുടെ മുന്‍ഗണനാ ക്രമം മുഖ്യമന്ത്രി തീരുമാനിച്ചത് എങ്ങനെ എന്ന ചോദ്യത്തിന് തനിക്ക് ഉത്തരം കിട്ടിയിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

വി സി നിയമന തര്‍ക്കത്തില്‍ സുപ്രീം കോടതി കടുത്ത നിലപാടെടുത്ത പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ അനുനയ നീക്കത്തിന് ശ്രമിച്ചത്. തര്‍ക്കം അവസാനിക്കാത്തതില്‍ കേസ് പരിഗണിച്ച ജസ്റ്റിസ് ജെബി പര്‍ദിവാലയുടെ നേതൃത്വത്തിലുള്ള ബഞ്ച് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ജസ്റ്റിസ് ധൂലിയ സമിതി നല്‍കിയ പട്ടികയുടെ അടിസ്ഥാനത്തില്‍ സമവായം ഉണ്ടായില്ലെങ്കില്‍ വി സി നിയമനം നേരിട്ട് ഏറ്റെടുക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

വി സി നിയമനത്തിന് സുപ്രീം കോടതി ജസ്റ്റിസ് സുധാന്‍ഷു ധൂലിയ അധ്യക്ഷനായ രണ്ട് സെര്‍ച്ച് കമ്മിറ്റികളാണ് രൂപവത്കരിച്ചിരുന്നത്. രണ്ട് സമിതികളും നല്‍കിയ പട്ടികയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ശിപാര്‍ശ ഗവര്‍ണര്‍ക്ക് നല്‍കിയെങ്കിലും നിയമനം നടന്നിരുന്നില്ല. വി സി നിയമനത്തിനായി സര്‍ക്കാരും ഗവര്‍ണറും മുന്നോട്ട് വെച്ചത് വ്യത്യസ്ത പേരുകളായിരുന്നു. മുഖ്യമന്ത്രിയുടെ ശിപാര്‍ശക്കെതിരെ ഗവര്‍ണര്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്മൂലം നല്‍കിയിരുന്നു. സാങ്കേതിക സര്‍വകലാശാല വി സിയായി സിസ തോമസിനെയും ഡിജിറ്റല്‍ സര്‍വകലാശാല വി സിയായി ഡോ. പ്രിയ ചന്ദ്രനെയും നിയമിക്കണമെന്നാണ് ഗവര്‍ണറുടെ സത്യവാങ്മൂലത്തിലെ ആവശ്യം. അതേസമയം, യഥാക്രമം സി നിതീഷ് കുമാര്‍, സജി ഗോപിനാഥ് എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി മുന്നോട്ട് വച്ചിട്ടുള്ളത്.

 

Latest