National
സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം നദിയില്‍ കണ്ടെത്തി; ഒഡീഷയില്‍ സംഘര്‍ഷം, നിരവധി കെട്ടിടങ്ങള്‍ അഗ്നിക്കിരയാക്കി
മല്‍ക്കാന്‍ഗിരി ജില്ലയിലെ രാഖേല്‍ഗുഡ, എം വി-26 പ്രദേശത്തുകാരാണ് തമ്മിലടിച്ചത്. സംഘര്‍ഷം പിന്നീട് നിയന്ത്രണ വിധേയമാക്കി.
ഭുവനേശ്വര്‍ | ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം നദിയില്‍ നിന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ നിരവധി കെട്ടിടങ്ങള്‍ അഗ്നിക്കിരയാക്കപ്പെട്ടു. മല്‍ക്കാന്‍ഗിരി ജില്ലയിലെ രാഖേല്‍ഗുഡ, എം വി-26 പ്രദേശത്തുകാരാണ് തമ്മിലടിച്ചത്. സംഘര്‍ഷം പിന്നീട് നിയന്ത്രണ വിധേയമാക്കിയതായി അധികൃതര്‍ പറഞ്ഞു. കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മേഖലയില്‍ പോലീസിനെയും കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്.
ഞായറാഴ്ച ഉച്ചയോടെയായിരുന്നു അക്രമസംഭവങ്ങളുടെ തുടക്കം. ഗോത്രവിഭാഗത്തില്‍പ്പെട്ട 51കാരിയുടെ മൃതദേഹം നദിയില്‍ നിന്ന് കണ്ടെടുത്തതോടെയാണ് പരസ്പരമുള്ള ഏറ്റുമുട്ടല്‍ നടന്നത്. പ്രശ്‌നങ്ങള്‍ നിയന്ത്രണാതീതമായതോടെ ഇന്റര്‍നെറ്റ് വിച്ഛേദനം ഉള്‍പ്പെടെയുള്ള നടപടികള്‍ ഭരണകൂടം സ്വീകരിച്ചു.
ഭൂമിതര്‍ക്കമാണ് സ്ത്രീയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അയല്‍ഗ്രാമത്തിലെ ഒരാള്‍ക്ക് സ്ത്രീ തന്റെ ഭൂമിയുടെ ഒരുഭാഗം പാട്ടത്തിന് നല്‍കിയിരുന്നുവെങ്കിലും പാട്ടക്കരാര്‍ റദ്ദാക്കണമെന്ന് പിന്നീട് ആവശ്യപ്പെട്ടു. ഇതേച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.


