Kerala
വോട്ടെടുപ്പ് രണ്ടാം ഘട്ടം നാളെ; വടക്കന്‍ കേരളം സജ്ജം
ഇന്ന് നിശ്ശബ്ദ പ്രചാരണം. പോളിങ് ബൂത്തുകളില്‍ കനത്ത സുരക്ഷ.
തിരുവനന്തപുരം | സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ നാളെ (ഡിസംബര്‍ 11, വ്യാഴം) നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പിന് വടക്കന്‍ കേരളം സജ്ജമായി. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചിരുന്നു. ഇന്ന് നിശ്ശബ്ദ പ്രചാരണമാണ്. പോളിങിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ബൂത്തുകളില്‍ ഒരുക്കിയിട്ടുള്ളത്. ഏഴ് ജില്ലകളിലെ വോട്ടിങ് യന്ത്രങ്ങൾ ഇന്ന് രാവിലെ എട്ട് മുതൽ വിവിധ വിതരണ കേന്ദ്രങ്ങളിൽ നിന്ന് പോളിങ് ഉദ്യോഗസ്ഥർക്ക് കൈമാറിത്തുടങ്ങി.
ആദ്യഘട്ടം വോട്ടെടുപ്പ് നടന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മികച്ച പോളിങാണ് രേഖപ്പെടുത്തിയത്. 70.9 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. അന്തിമ കണക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് അറിയിക്കും. വോട്ടിങ് യന്ത്രത്തിലെ തകരാര്‍ മൂലം പോളിങ് നിര്‍ത്തിവച്ച ആലപ്പുഴ മണ്ണഞ്ചേരിയില്‍ നാളെ റീപോളിങ് നടത്തും. ഡിസംബര്‍ പതിമൂന്നിനാണ് വോട്ടെണ്ണല്‍ നടക്കുക.
470 പഞ്ചായത്തിലെ 9,027 വാര്‍ഡിലേക്കും 77 ബ്ലോക്ക് പഞ്ചായത്തിലെ 1177 ഡിവിഷനിലേക്കും ഏഴ് ജില്ലാപഞ്ചായത്തിലെ 182 ഡിവിഷനിലേക്കും 47 മുനിസിപ്പാലിറ്റിയിലെ 1,834 ഡിവിഷനിലേക്കും തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷനുകളിലായി 188 ഡിവിഷനിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ നാളെ (ഡിസംബര്‍ 11, വ്യാഴം) പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമുള്‍പ്പെടെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് വേതനത്തോടെയുള്ള അവധിയും പ്രഖ്യാപിച്ചു.



