Uae
ഡിജിറ്റല്‍ പരസ്യവിപണി 70,000 കോടി ഡോളറിലേക്ക്; വിവരങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാന്‍ യുനെസ്‌കോ സഹകരണം
ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ വളര്‍ച്ച, പരമ്പരാഗത വരുമാന മാതൃകകളുടെ തകര്‍ച്ച, നിര്‍മിത ബുദ്ധിയുടെ (എ ഐ) കടന്നുകയറ്റം എന്നിവയാണ് മാറ്റത്തിന് കാരണമെന്ന് വിദഗ്ധര്‍.
അബൂദബി | ആഗോള മാധ്യമ, വിനോദ വ്യവസായം ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അബൂദബിയില്‍ നടക്കുന്ന ‘ബ്രിഡ്ജ് 2025’ ഉച്ചകോടിയില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഡിജിറ്റല്‍ പരസ്യവിപണി 70,000 കോടി ഡോളറിലേക്ക് കുതിച്ചപ്പോള്‍ പരമ്പരാഗത മാധ്യമങ്ങളുടേത് 30,000 കോടി ഡോളറില്‍ ഒതുങ്ങി. ഇന്നത്തെ ടെക് ഭീമന്മാര്‍ പലതും രാജ്യങ്ങളേക്കാള്‍ വലിയ സ്ഥാപനങ്ങളായി മാറിയെന്നും ചിലതിന്റെ വിപണി മൂല്യം 4,000 കോടി ഡോളറിലധികമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഒരു പ്രമുഖ ചിപ്പ് നിര്‍മാണ കമ്പനിയുടെ മൂല്യം മാത്രം 5,000 കോടി ഡോളറിലേക്ക് അടുക്കുകയാണ്.
ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ വളര്‍ച്ച, പരമ്പരാഗത വരുമാന മാതൃകകളുടെ തകര്‍ച്ച, നിര്‍മിത ബുദ്ധിയുടെ (എ ഐ) കടന്നുകയറ്റം എന്നിവയാണ് മാറ്റത്തിന് കാരണം. പ്രേക്ഷകരുമായുള്ള ബന്ധം പുനര്‍നിര്‍വചിക്കാന്‍ മാധ്യമ സ്ഥാപനങ്ങള്‍ നിര്‍ബന്ധിതമാകുന്നു. കായിക മാധ്യമ രംഗത്തും വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഡിജിറ്റല്‍ കണ്ടന്റ്, ലൈവ് സ്ട്രീമിംഗ്, എ ഐ അധിഷ്ഠിത വിശകലനം എന്നിവക്ക് പ്രാധാന്യമേറുന്നു.
വിവരങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാന്‍ യുനെസ്‌കോ സഹകരണം
ഡിജിറ്റല്‍ യുഗത്തില്‍ വിവരങ്ങളുടെ ആധികാരികതയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനായി യു എ ഇ-യുനെസ്‌കോ യോഗം. വ്യക്തിഗത ഉള്ളടക്ക നിര്‍മാതാക്കളും അല്‍ഗോരിതങ്ങളും അതിവേഗം വളരുന്ന സാങ്കേതികവിദ്യയും നിയന്ത്രിക്കുന്ന ലോകത്ത് വിവരങ്ങളുടെ സത്യസന്ധത സംരക്ഷിക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് യോഗം വിലയിരുത്തി.
ആഗോള നേതാക്കള്‍, നയരൂപകര്‍ത്താക്കള്‍, മാധ്യമ വിദഗ്ധര്‍, സാങ്കേതികവിദ്യാരംഗത്തെ പ്രമുഖര്‍ വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്തു. വിവരങ്ങളുടെ ഒഴുക്കില്‍ സമൂഹത്തിന്റെ കരുത്ത് നിലനിര്‍ത്തുന്നതിനും സത്യവും വിശ്വാസവും സംരക്ഷിക്കുന്നതിനുമുള്ള ചട്ടക്കൂടുകള്‍ രൂപവത്കരിക്കുന്നതിനെക്കുറിച്ചും മുന്‍ഗണനകള്‍ നിശ്ചയിക്കുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു.




