Kerala
ചിത്രപ്രിയയെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; കുറ്റം സമ്മതിച്ച് സുഹൃത്ത് അലന്‍
മദ്യലഹരിയിലാണ് കൊലപാതകം. പെണ്‍കുട്ടി മറ്റൊരാളുമായി അടുപ്പത്തിലാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
കൊച്ചി | എറണാകുളം മലയാറ്റൂരില്‍ ചിത്രപ്രിയ (19) എന്ന പെണ്‍കുട്ടിയുടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. പോലീസ് ചോദ്യം ചെയ്യലില്‍ സുഹൃത്ത് അലന്‍ കൊലക്കുറ്റം സമ്മതിച്ചു. കല്ലുകൊണ്ട് തലക്കടിച്ചാണ് കൃത്യം നടത്തിയത്. മദ്യലഹരിയിലാണ് കൊലപാതകം. പെണ്‍കുട്ടി മറ്റൊരാളുമായി അടുപ്പത്തിലാണെന്ന സംശയമാണ് ചിത്രപ്രിയയെ കൊലപ്പെടുത്തിയതെന്ന് അലന്‍ വെളിപ്പെടുത്തി.
അലനെ നേരത്തെ പോലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും വിട്ടയച്ചിരുന്നു. എന്നാല്‍, പെണ്‍കുട്ടി ഒരു യുവാവിനൊപ്പം ബൈക്കില്‍ പോകുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അലനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയത്.
സംഭവ ദിവസം അലന്‍ ചിത്രപ്രിയയെ നിരവധി തവണ വിളിച്ചതായി ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായിരുന്നു. ഇന്നലെയാണ് മലയാറ്റൂര്‍ മുണ്ടങ്ങമറ്റം സ്വദേശിയായ ബിരുദ വിദ്യാര്‍ഥി ചിത്രപ്രിയയുടെ മൃതദേഹം സെബിയൂരിലെ ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയത്. ശനിയാഴ്ച മുതല്‍ ചിത്രപ്രിയയെ കാണാതായിരുന്നു. തുടര്‍ന്ന് പോലീസും വീട്ടുകാരും അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പിന്നീട് മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.




