Connect with us

Uae

ദുബൈയിലെ ഹോട്ടലുകളില്‍ ഇനി ഡിജിറ്റല്‍ ചെക്ക്-ഇന്‍; പുതിയ സംവിധാനത്തിന് ശൈഖ് ഹംദാന്റെ അംഗീകാരം

വിനോദസഞ്ചാരികള്‍ക്ക് സ്മാര്‍ട്ടും വേഗത്തിലുള്ളതും സുരക്ഷിതവുമായ പ്രവേശനം ഇത് ഉറപ്പാക്കും.

Published

|

Last Updated

ദുബൈ | ദുബൈയിലെ എല്ലാ ഹോട്ടലുകളിലും ഹോളിഡേ ഹോമുകളിലും ഡിജിറ്റല്‍ ചെക്ക് – ഇന്‍ സംവിധാനത്തിന് ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. വിനോദസഞ്ചാരികള്‍ക്ക് സ്മാര്‍ട്ടും വേഗത്തിലുള്ളതും സുരക്ഷിതവുമായ പ്രവേശനം ഇത് ഉറപ്പാക്കും.

പുതിയ സംവിധാനത്തിലൂടെ സന്ദര്‍ശകര്‍ക്ക് യാത്രക്ക് മുമ്പ് തന്നെ സ്മാര്‍ട്ട്ഫോണ്‍ വഴി ചെക്ക് – ഇന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. തിരിച്ചറിയല്‍ രേഖകളും ബയോമെട്രിക് വിവരങ്ങളും ഒരു തവണ മാത്രം രജിസ്റ്റര്‍ ചെയ്താല്‍ മതിയാകും. പിന്നീട് വരുന്ന സന്ദര്‍ശനങ്ങള്‍ക്കായി ഫേസ് റെക്കഗ്നിഷന്‍ ഉപയോഗിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. ഹോട്ടലില്‍ എത്തിയാല്‍ റിസപ്ഷനില്‍ കാത്തുനില്‍ക്കാതെ ഡിജിറ്റല്‍ രീതിയില്‍ മുറിയിലേക്ക് പ്രവേശിക്കാന്‍ ഇതിലൂടെ സാധിക്കും. തിരിച്ചറിയല്‍ രേഖയുടെ കാലാവധി കഴിഞ്ഞാല്‍ മാത്രമേ വീണ്ടും വിവരങ്ങള്‍ നല്‍കേണ്ടതുള്ളൂ.

കാത്തിരിപ്പ് സമയം കുറക്കാനും ഹോട്ടല്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും ഇത് സഹായിക്കും. ദുബൈ വിമാനത്താവളത്തിലെ സ്മാര്‍ട്ട് ഗേറ്റുകള്‍ക്ക് സമാനമായ രീതിയിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ദുബൈ സാമ്പത്തിക അജണ്ട ഡി 33ന്റെ ഭാഗമായാണ് ഈ നടപടി.

2025ലെ ആദ്യ പത്ത് മാസങ്ങളില്‍ 1.57 കോടി വിനോദസഞ്ചാരികളാണ് ദുബൈയില്‍ എത്തിയത്. കാര്‍ റെന്റല്‍ ഉള്‍പ്പെടെയുള്ള മറ്റ് സേവനങ്ങള്‍ക്കും ഭാവിയില്‍ ഈ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

 

Latest