Ongoing News
ദുബൈ വിമാനത്താവളത്തില്‍ നിന്ന് 600 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസ്
പ്രാദേശിക, വിദേശ വിമാനക്കമ്പനികള്‍ പുതിയ ആധുനിക ദീര്‍ഘദൂര വിമാനങ്ങള്‍ ഉപയോഗിക്കുന്നതോടെയാണ് ഇത് സാധ്യമാകുക.
ദുബൈ | ദുബൈ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ നിലവിലുള്ള 240ല്‍ നിന്ന് 600 ലക്ഷ്യസ്ഥാനങ്ങളിലേക്കായി വര്‍ധിപ്പിക്കുമെന്ന് ദുബൈ എയര്‍പോര്‍ട്‌സ് സി ഇ ഒ. പോള്‍ ഗ്രിഫിത്‌സ് പറഞ്ഞു. പ്രാദേശിക, വിദേശ വിമാനക്കമ്പനികള്‍ പുതിയ ആധുനിക ദീര്‍ഘദൂര വിമാനങ്ങള്‍ ഉപയോഗിക്കുന്നതോടെയാണ് ഇത് സാധ്യമാകുക. ദുബൈ ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമി ആന്‍ഡ് ടൂറിസം സംഘടിപ്പിച്ച ‘ദുബൈ സിറ്റി ബ്രീഫിംഗി’ല്‍ സംസാരിക്കുകയായിരുന്നു പോള്‍ ഗ്രിഫിത്‌സ്.
കിഴക്കിനും പടിഞ്ഞാറിനും ഇടയിലുള്ള ആഗോള വ്യോമയാന കേന്ദ്രമായി ദുബൈ മാറും. ഒമ്പത് മണിക്കൂര്‍ വരെ പറക്കാന്‍ കഴിയുന്നതും 160 മുതല്‍ 200 വരെ യാത്രക്കാരെ വഹിക്കുന്നതുമായ വിമാനങ്ങള്‍ വരുന്നതോടെ ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലെ രണ്ടാംനിര നഗരങ്ങളിലേക്ക് നേരിട്ട് സര്‍വീസ് നടത്താന്‍ സാധിക്കും. എമിറേറ്റ്സ്, ഫ്‌ളൈ ദുബൈ തുടങ്ങിയ വിമാനക്കമ്പനികള്‍ പുതിയ വിമാനങ്ങള്‍ സ്വന്തമാക്കുന്നതോടെ പ്രവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഇത് ഗുണകരമാകും. ലോക ജനസംഖ്യയുടെ മൂന്നിലൊന്ന് ഭാഗം ദുബൈയില്‍ നിന്ന് നാല് മണിക്കൂര്‍ യാത്രാ ദൂരത്തിനുള്ളിലാണെന്നും പോള്‍ ഗ്രിഫിത്‌സ് ചൂണ്ടിക്കാട്ടി.
ഈ വര്‍ഷം അവസാനത്തോടെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം (ഡി എക്സ് ബി) വഴിയുള്ള യാത്രക്കാരുടെ എണ്ണം 9.53 കോടിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2025ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ 7.01 കോടി യാത്രക്കാരാണ് എത്തിയത്. 8.8 ദശലക്ഷം യാത്രക്കാരുമായി ഇന്ത്യയാണ് പട്ടികയില്‍ ഒന്നാമതെന്നും ദുബൈ എയര്‍പോര്‍ട്‌സ് സി ഇ ഒ പറഞ്ഞു.


