Connect with us

Kerala

അതിജീവിതക്കെതിരായ അടൂര്‍ പ്രകാശിന്റെ പ്രസ്താവന അനാവശ്യം: കെ മുരളീധരന്‍

പദവിക്ക് അനുസരിച്ചുള്ള പ്രസ്താവനകള്‍ നടത്തണം. തിരഞ്ഞെടുപ്പ് ദിവസം ഇത്തരമൊരു പ്രസ്താവന നടത്തിയത് ശരിയായില്ല. അതിജീവിതക്ക് നീതി കിട്ടണം. സര്‍ക്കാര്‍ അപ്പീല്‍ ചോദ്യം ചെയ്യേണ്ടതില്ല.

Published

|

Last Updated

തിരുവനന്തപുരം | നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് അനുകൂലമായ യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പ്രസ്താവനക്കെതിരെ കെ മുരളീധരന്‍. അനാവശ്യമായ പ്രസ്താവനയാണ് നടത്തിയത്. പദവിക്ക് അനുസരിച്ചുള്ള പ്രസ്താവനകള്‍ നടത്തണമെന്ന് മുരളീധരന്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ദിവസം ഇത്തരമൊരു പ്രസ്താവന നടത്തിയത് ശരിയായില്ല. അതിജീവിതക്ക് നീതി കിട്ടണം. സര്‍ക്കാര്‍ അപ്പീല്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നും സ്വകാര്യ ചാനലിനോട് സംസാരിക്കവേ കെ മുരളീധരന്‍ പറഞ്ഞു.

ദിലീപിനെ കോടതി വെറുതെ വിട്ടതില്‍ അദ്ദേഹത്തിന് നീതി ലഭ്യമായി എന്നുള്ളതാണ് എനിക്ക് പറയാനുള്ള വ്യക്തിപരമായ അഭിപ്രായം എന്നായിരുന്നു അടൂര്‍ പ്രകാശ് ഇന്നലെ രാവിലെ നടത്തിയ പ്രതികരണം. എന്നാല്‍, മണിക്കൂറുകള്‍ക്കകം അദ്ദേഹം മലക്കം മറിഞ്ഞു. ഒരു കലാകാരന്‍ എന്ന നിലയില്‍ മാത്രമല്ല, ദിലീപുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന ഒരു വ്യക്തി കൂടിയാണെന്നും അദ്ദേഹത്തിന് നീതി ലഭ്യമായെന്നുമാണ് അടൂര്‍ പ്രകാശ് ആദ്യം പറഞ്ഞിരുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ കുറെ പോലീസുകാര്‍ ഉണ്ടാക്കിയെടുത്ത കേസാണിതെന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ടെന്നും അത്തരം കാര്യങ്ങളില്‍ നിരീക്ഷണം നടത്തേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സര്‍ക്കാര്‍ രാഷ്ട്രീയ നേതൃത്വത്തിനു വേണ്ടി അറസ്റ്റ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, വിധി വന്ന ശേഷമുള്ള പല തരം അഭിപ്രായങ്ങള്‍ കേട്ടപ്പോള്‍ തനിക്കും അങ്ങനെയൊക്കെ തോന്നി എന്നായിരുന്നു അടൂര്‍ പ്രകാശിന്റെ മറുപടി.

‘സര്‍ക്കാരിന് വേറെ ഒരു ജോലിയുമില്ലല്ലോ. ഏത് കേസ് കിട്ടിയാലും ഏതൊക്കെ തരത്തില്‍ ആരെയൊക്കെ ഉപദ്രവിക്കാന്‍ കഴിയുമെന്ന് നോക്കുന്ന സര്‍ക്കാരാണ് ഇവിടെയുള്ളത്. എന്ത് കേസുകളും കെട്ടിച്ചമച്ചുണ്ടാക്കാന്‍ തയ്യാറായി നില്‍ക്കുന്ന സര്‍ക്കാരാണ് നിലവിലുള്ളത്.’- സര്‍ക്കാര്‍ അപ്പീല്‍ പോകുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിന് ഇതായിരുന്നു അടൂര്‍ പ്രകാശിന്റെ മറുപടി.

ഇതിനെതിരെ വിമര്‍ശനങ്ങളുയര്‍ന്നതോടെ അടൂര്‍ പ്രകാശ് തിരുത്തിയ നിലപാടുമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. താന്‍ പറഞ്ഞ എല്ലാ കാര്യങ്ങളും സംപ്രേക്ഷണം ചെയ്തില്ലെന്നും അതിജീവിതക്ക് നീതി കിട്ടിയില്ല എന്ന് തന്നെയാണ് പറഞ്ഞതെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി. നീതിന്യായ കോടതിയില്‍നിന്നും ഒരു വിധിയുണ്ടാകുമ്പോള്‍ കോടതിയെ തള്ളിപ്പറയുക എന്നത് എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടാണ്. അതിജീവിതക്ക് നീതി ലഭിക്കാനുള്ള പ്രവര്‍ത്തനങ്ങളുണ്ടാകണം. പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയില്‍ സര്‍ക്കാര്‍ ഉരുണ്ടുകളിക്കുകയാണ്. അതിജീവിതയോടൊപ്പം തന്നെയാണ് കോണ്‍ഗ്രസും യു ഡി എഫുമുള്ളതെന്നും അപ്പീല്‍ കള്ളക്കളിയാണെന്നാണ് സൂചിപ്പിച്ചതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

 

Latest