Kerala
തദ്ദേശപ്പോര്: ഏഴ് ജില്ലകളിൽ പോളിംഗ് പൂർത്തിയായി; വടക്കൻ കേരളത്തിൽ വാശിയേറിയ കൊട്ടിക്കലാശം
തെക്കൻ-മധ്യ കേരളത്തിലെ 595 തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടെടുപ്പ് ഏറെക്കുറെ സമാധാനപരമായാണ് പൂർത്തീകരിച്ചത്.
തിരുവനന്തപുരം | കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ ആദ്യഘട്ടം വോട്ടെടുപ്പ് പൂർത്തിയായി. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലെ വോട്ടർമാർ തങ്ങളുടെ ജനവിധി രേഖപ്പെടുത്തി ബൂത്തിൽ നിന്ന് മടങ്ങിയപ്പോൾ, മറ്റെന്നാൾ (വ്യാഴാഴ്ച) വോട്ടെടുപ്പ് നടക്കുന്ന വടക്കൻ ജില്ലകൾ ആവേശത്തിൻ്റെ പരകോടിയിലെത്തിയ കൊട്ടിക്കലാശത്തോടെ പ്രചാരണത്തിന് വിരാമമിട്ടു. തെക്കൻ ജില്ലകളിൽ ചില ബൂത്തുകളിൽ ആളുകളുടെ തിരക്ക് കാരണം ക്യൂവിൽ നിൽക്കുന്നവർക്ക് സ്ലിപ്പ് നൽകി വോട്ടിംഗ് നടക്കുന്നുണ്ട്.
തെക്കൻ-മധ്യ കേരളത്തിലെ 595 തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടെടുപ്പ് ഏറെക്കുറെ സമാധാനപരമായാണ് പൂർത്തീകരിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ പോളിംഗ് ശതമാനം മുന്നണികളുടെ നെഞ്ചിടിപ്പ് ഉയർത്തുന്നതാണ്. ഭൂരിഭാഗം ജില്ലകളിലും വൈകീട്ടോടെ തന്നെ പോളിംഗ് ശതമാനം 70 കടന്നിരുന്നു. ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് എറണാകുളത്തും (73.09%) ഏറ്റവും കുറവ് തിരുവനന്തപുരത്തുമാണ് (65.65%).
അതേസമയം, വടക്കൻ ജില്ലകളായ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ എൽ ഡി എഫ്, യു ഡി എഫ്, എൻ ഡി എ മുന്നണികളുടെ പ്രവർത്തകരും സ്ഥാനാർത്ഥികളും അണികളും പങ്കെടുത്ത വാശിയേറിയ റോഡ് ഷോകളോടെയും പ്രകടനങ്ങളോടെയുമാണ് പരസ്യ പ്രചാരണത്തിന് തിരശ്ശീല വീണത്. പാട്ടും മുദ്രാവാക്യം വിളികളുമായി ആയിരങ്ങൾ തെരുവിലിറങ്ങി തങ്ങളുടെ ശക്തി പ്രകടിപ്പിച്ചതോടെ നഗരങ്ങളും ഗ്രാമങ്ങളും ആവേശത്തിരയിൽ മുങ്ങി.
രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകളിലെ ജനവിധി മറ്റന്നാൾ രേഖപ്പെടുത്തും. പരസ്യപ്രചാരണം ഇന്ന് അവസാനിച്ചതോടെ, നാളെ നിശബ്ദ പ്രചാരണത്തിൻ്റെ നിർണായക ദിവസമാണ്. ഇരു ഘട്ടങ്ങളിലെയും വോട്ടെണ്ണൽ ഡിസംബർ 13-ന് രാവിലെ നടക്കും.





