Connect with us

Union Budget 2026

സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് കുത്തനെ കൂട്ടി; ലക്ഷ്യം ഓഹരി വിപണിയിലെ ഊഹക്കച്ചവടം നിയന്ത്രിക്കൽ

യുവാക്കളും പരിചയസമ്പന്നരല്ലാത്തവരുമായ നിക്ഷേപകർ ഡെറിവേറ്റീവ് വിപണിയിലെ റിസ്ക് തിരിച്ചറിയാതെ പണം നഷ്ടപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കാനാണ് നികുതി ഇരട്ടിയാക്കാൻ സർക്കാർ തീരുമാനിച്ചത്.

Published

|

Last Updated

ന്യൂഡൽഹി | ഓഹരി വിപണിയിലെ ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് വിഭാഗത്തിലെ അമിതമായ ഊഹക്കച്ചവടം നിയന്ത്രിക്കാനായി സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് കുത്തനെ വർധിപ്പിച്ച് കേന്ദ്ര ബജറ്റ്. യുവാക്കളും പരിചയസമ്പന്നരല്ലാത്തവരുമായ നിക്ഷേപകർ ഡെറിവേറ്റീവ് വിപണിയിലെ റിസ്ക് തിരിച്ചറിയാതെ പണം നഷ്ടപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കാനാണ് നികുതി ഇരട്ടിയാക്കാൻ സർക്കാർ തീരുമാനിച്ചത്. വാതുവെപ്പിന് സമാനമായ രീതിയിൽ ഈ മേഖലയിൽ നിക്ഷേപം കൂടുന്നത് സമ്പദ്‌വ്യവസ്ഥയ്ക്ക് വെല്ലുവിളിയാണെന്ന ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾക്ക് പിന്നാലെയാണ് ധനമന്ത്രി നിർമല സീതാരാമന്റെ ഈ കർശന നടപടി.

പുതിയ പ്രഖ്യാപനം അനുസരിച്ച് ഫ്യൂച്ചേഴ്സ് വ്യാപാരത്തിനുള്ള നികുതി 0.02 ശതമാനത്തിൽ നിന്ന് 0.05 ശതമാനമായും, ഓപ്ഷൻസ് വ്യാപാരത്തിന്റേത് 0.1 ശതമാനത്തിൽ നിന്ന് 0.15 ശതമാനമായും വർധിപ്പിച്ചു. സെബിയുടെ കണക്കുകൾ പ്രകാരം 2022 നും 2024 നും ഇടയിൽ ഒരു കോടിയോളം ചെറുകിട നിക്ഷേപകർക്ക് എഫ് ആൻഡ് ഒ വിപണിയിൽ 1.81 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. വിപണിയിലെ അമിതമായ പണമൊഴുക്ക് നിയന്ത്രിക്കാനും ദീർഘകാല നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കാനുമാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ലാഭമുണ്ടാക്കുമെന്ന പ്രതീക്ഷയിൽ വീണ്ടും വീണ്ടും പണം നിക്ഷേപിക്കുന്ന ‘അഡിക്ഷൻ’ രീതിക്ക് ഇത് കടിഞ്ഞാണിടുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

അതേസമയം, നികുതി വർധനയെത്തുടർന്ന് വിപണിയിൽ വലിയ ഇടിവ് രേഖപ്പെടുത്തി. നികുതി ഭാരം വർധിക്കുന്നത് ട്രേഡിംഗ് വോളിയത്തെ ബാധിക്കുമെന്ന ആശങ്കയിൽ എൻ എസ് ഇ, ബി എസ് ഇ തുടങ്ങിയ എക്സ്ചേഞ്ചുകളുടെയും വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളുടെയും ഓഹരി മൂല്യം 10 ശതമാനത്തിലധികം ഇടിഞ്ഞു. ഉയർന്ന ആവൃത്തിയിലുള്ള ട്രേഡിംഗുകളെ ഈ തീരുമാനം പ്രതികൂലമായി ബാധിക്കും. വിപണിയിലെ അസ്ഥിരത കുറയ്ക്കാനും ചെറുകിട നിക്ഷേപകരെ വലിയ സാമ്പത്തിക തകർച്ചയിൽ നിന്ന് സംരക്ഷിക്കാനും ഈ നികുതി വർധന സഹായിക്കുമെന്ന് റവന്യൂ സെക്രട്ടറി വ്യക്തമാക്കി.