Connect with us

Kerala

കേരളത്തില്‍ നേട്ടം ഉണ്ടാകാനിടയില്ലെന്ന തോന്നല്‍; ഇത്തവണയും കേരളത്തെ അവഗണിച്ചു : ആന്റോ ആന്റണി എം പി

രാജ്യത്തിന്റെ പ്രത്യേകിച്ച് കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ മുഖ്യ ഘടകമായ പ്രവാസികളെ സഹായിക്കുന്നതിന് യാതൊരു പദ്ധതിയുമില്ല

Published

|

Last Updated

ന്യൂഡല്‍ഹി |  കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് കേരളത്തില്‍ തെരഞ്ഞെടുപ്പില്‍ നേട്ടം ഉണ്ടാകാനിടയില്ല എന്ന തോന്നലുകള്‍ കൊണ്ടാകാം കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനങ്ങള്‍ ഇല്ലാതെ പോയതെന്ന് ആന്റോ ആന്റണി എം പി. നരേന്ദ്രമോദി സര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണന ഇത്തവണയും ബജറ്റില്‍ പ്രതിഫലിച്ചു.

കേരളം ഏറെ പ്രതീക്ഷ വച്ചിരുന്ന ശബരി റെയില്‍വേ പ്രൊജക്ട്, അതിവേഗ റെയില്‍വേ ഇടനാഴി, ഗ്രീന്‍ഫീല്‍ഡ് ഹൈവേ, എയിംസ്, ഉള്‍നാടന്‍ ജലഗതാഗത വികസനം പദ്ധതികള്‍ ബജറ്റില്‍ പഖ്യാപിക്കുമെന്നാണ് കരുതിയിരുന്നത്. കാര്‍ഷിക വിളകളുടെ വില തകര്‍ച്ച മൂലം നട്ടം തിരിയുന്ന കര്‍ഷകരെ രക്ഷിക്കുവാന്‍, റബര്‍ ഉള്‍പ്പെടെയുള്ള വിളകള്‍ക്ക് താങ്ങു വില പ്രഖ്യാപിക്കുന്നതിനുള്ള നടപടിയില്ല. അനിയന്ത്രിതമായി തുടരുന്ന മൂല്യ വര്‍ധിത റബ്ബര്‍ ഉല്‍പ്പന്നങ്ങളുടെ, കോമ്പൗണ്ട് റബര്‍ പോലുള്ളവയുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിനു ബജറ്റില്‍ നിര്‍ദേശങ്ങളില്ല.

രാജ്യത്തിന്റെ പ്രത്യേകിച്ച് കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ മുഖ്യ ഘടകമായ പ്രവാസികളെ സഹായിക്കുന്നതിന് യാതൊരു പദ്ധതിയുമില്ല. രാജ്യത്തു പുതിയ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിട്യൂട്ടുകള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴും, ലോകോത്തര നിലവാരത്തിലുള്ള ആയുര്‍വേദ ചികിത്സ ഉറപ്പു നല്‍കുന്ന കേരളത്തെ തഴഞ്ഞു. നാളികേരത്തിന്റെ ഉത്പാദനം വര്‍ധിപ്പിക്കുവാനുള്ള നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പദ്ധതി നടപ്പാക്കേണ്ട നാളികേര വികസന ബോര്‍ഡിന് 2026-27 സാമ്പത്തിക വര്‍ഷം വകയിരുത്തിയിരുക്കുന്നത് 37.16 കോടി രൂപ മാത്രമാണ്. കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷങ്ങളില്‍ നല്‍കിയ തുക 35 കോടി രൂപ വീതമായിരുന്നു. വെറും രണ്ടു കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 2023-2024 സാമ്പത്തിക വര്ഷം ഇത് 39 കോടി രൂപയായിരുന്നു. മുന്‍കാല ബഡ്ജറ്റുകളിലെ പോലെ കുറെ കോടികള്‍ പ്രഖ്യാപിക്കുന്നതല്ലാതെ ഒട്ടു മിക്ക പദ്ധതികളിലും പകുതിയില്‍ താഴെ മാത്രം തുക ചിലവഴിച്ചു കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണെന്നും ആന്റോ ആന്റണി എം പി ആരോപിച്ചു.

 

Latest