Kerala
അവഗണന തുടരുന്നു; കേന്ദ്ര ബജറ്റില്‍ കേരളത്തിന് പ്രത്യേക പദ്ധതികള്‍ ഒന്നുമില്ല
അതിവേഗ റെയില്‍ പദ്ധതി, എയിംസ്, വിഴിഞ്ഞം എന്നിവയിലെല്ലാം കേരളത്തെ തഴഞ്ഞു. ശബരിമലക്കും സഹായമില്ല. ശബരിപാത പരിഗണിച്ചില്ല.
ന്യൂഡല്‍ഹി | കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച 2026-27 സാമ്പത്തിക വർഷത്തെ ബജറ്റിൽ കേരളത്തിന് വീണ്ടും അവഗണന. സംസ്ഥാനം മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങളൊന്നും പരിഗണിച്ചില്ലെന്ന് മാത്രമല്ല, കേരളത്തിനായി പ്രത്യേക പദ്ധതികളോ സാമ്പത്തിക പാക്കേജുകളോ ബജറ്റിൽ ഇടംപിടിച്ചതുമില്ല. ദശകങ്ങളായി കേരളം സ്വപ്നം കാണുന്ന എയിംസ്, ശബരി റെയിൽ പാത, വിഴിഞ്ഞം തുറമുഖ വികസനത്തിനായുള്ള പ്രത്യേക പാക്കേജ് എന്നിവയെല്ലാം കേന്ദ്രം തഴഞ്ഞു. അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ചും ബജറ്റിൽ പരാമർശമില്ല.
ശബരിമല തീർത്ഥാടന കേന്ദ്രത്തിന്റെ വികസനത്തിനായി പ്രത്യേക സഹായം കേരളം പ്രതീക്ഷിച്ചിരുന്നെങ്കിലും അതും നിരാശപ്പെടുത്തി. ശബരിപാതയ്ക്കായി വകയിരുത്തിയ തുച്ഛമായ തുകയല്ലാതെ പദ്ധതി യാഥാർത്ഥ്യമാക്കാനുള്ള കൃത്യമായ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല.
ബജറ്റ് പ്രസംഗത്തിൽ കേരളത്തെക്കുറിച്ച് രണ്ട് തവണ മാത്രമാണ് പരാമർശമുണ്ടായത്. ഇതിൽ പ്രധാനമായ ‘റേർ എർത്ത് കോറിഡോർ’ കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേരള ബജറ്റിൽ സംസ്ഥാന സർക്കാർ നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. ഈ പദ്ധതിക്കൊപ്പം ധാതു ഇടനാഴിയും കടലാമ വികസന പദ്ധതിയും മാത്രമാണ് കേരളത്തിന് ആകെ ലഭിച്ചത്.
വന്യജീവി ആക്രമണങ്ങൾ തടയാൻ 1,000 കോടി രൂപയുടെ പാക്കേജ് ഉൾപ്പെടെയുള്ള സംസ്ഥാനത്തിന്റെ അടിയന്തര ആവശ്യങ്ങളെല്ലാം കേന്ദ്രം നിരാകരിച്ചു.





