Connect with us

National

യുദ്ധം പെട്രോൾ പമ്പിലേക്കും; സ്വകര്യ കമ്പനി ഇന്ധനവില കുത്തനെ കൂട്ടി; പെട്രോളിന് അഞ്ച് രൂപയുടെയും ഡീസലിന് മൂന്ന് രൂപയുടെയും വർധന

മിഡിൽ ഈസ്റ്റിലെ യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് ആഗോള എണ്ണവിലയിലുണ്ടായ വർധനവിന്റെ ഭാരം ഉപഭോക്താക്കളിലേക്ക് കൈമാറുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

Published

|

Last Updated

ന്യൂഡൽഹി | അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് എണ്ണവില വർധിച്ച സാഹചര്യത്തിൽ ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ഇന്ധന ചില്ലറ വിൽപനക്കാരായ നയാര എനർജി പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയുമാണ് വർധിപ്പിച്ചത്. മിഡിൽ ഈസ്റ്റിലെ യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് ആഗോള എണ്ണവിലയിലുണ്ടായ വർധനവിന്റെ ഭാരം ഉപഭോക്താക്കളിലേക്ക് കൈമാറുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

ഇറാനെതിരെ അമേരിക്കയും ഇസ്റാഈലും സൈനിക നീക്കം ആരംഭിച്ച ഫെബ്രുവരി 28ന് ശേഷം അന്താരാഷ്ട്ര എണ്ണവിലയിൽ ഏകദേശം 50 ശതമാനത്തോളം വർധനവുണ്ടായിട്ടുണ്ട്. എന്നാൽ ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികൾ ഇന്ധനവില വർധിപ്പിക്കാതെ മാറ്റമില്ലാതെ നിലനിർത്തുകയായിരുന്നു. റഷ്യൻ കമ്പനിയായ റോസ്‌നെഫ്റ്റിന് ഭൂരിഭാഗം ഓഹരിയുള്ള നയാര എനർജിക്ക് നിലവിൽ രാജ്യത്ത് 6,967 പെട്രോൾ പമ്പുകളുണ്ട്.

വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക നികുതികൾ (വാറ്റ്) അനുസരിച്ച് വില വർധനവിൽ മാറ്റമുണ്ടാകാം. ചിലയിടങ്ങളിൽ പെട്രോൾ വില വർധന ലിറ്ററിന് 5.30 രൂപ വരെയായിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന സർക്കാർ ആനുകൂല്യങ്ങൾ സ്വകാര്യ കമ്പനികൾക്ക് ലഭിക്കാത്തതാണ് വില വർധിപ്പിക്കാൻ പ്രേരിപ്പിച്ചത്. ഐ ഒ സി, ബി പി സി എൽ, എച്ച് പി സി എൽ തുടങ്ങിയ പൊതുമേഖലാ കമ്പനികൾ സാധാരണ പെട്രോൾ, ഡീസൽ വിലകളിൽ മാറ്റം വരുത്തിയിട്ടില്ലെങ്കിലും പ്രീമിയം പെട്രോളിന് ലിറ്ററിന് 2 രൂപയും ഇൻഡസ്ട്രിയൽ ഡീസലിന് 22 രൂപയും കഴിഞ്ഞ ആഴ്ച വർധിപ്പിച്ചിരുന്നു.

റിലയൻസ് ഇൻഡസ്ട്രീസും ബി പി യും ചേർന്നുള്ള ജിയോ ബി പി ഇതുവരെ വില വർധിപ്പിച്ചിട്ടില്ല. നിലവിൽ ഡൽഹിയിൽ സാധാരണ പെട്രോളിന് 94.77 രൂപയും ഡീസലിന് 87.67 രൂപയുമാണ് വില. ഇന്ത്യയുടെ എണ്ണ ആവശ്യകതയുടെ 88 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കത്തിലുണ്ടായ തടസ്സങ്ങളും ആഗോള വിപണിയിലെ അസ്ഥിരതയുമാണ് വിലവർധനവിന് പ്രധാന കാരണമായത്.

സ്വകാര്യ കമ്പനികളുടെ ചുവടുപിടിച്ച് പൊതുമേഖലാ എണ്ണക്കമ്പനികളും വരും നാളുകളിൽ വില വർധിപ്പിക്കുമോ എന്ന ആശങ്ക ശക്തമാണ്.

Summary

Nayara Energy, India’s largest private fuel retailer, has increased the price of petrol by Rs 5 per litre and diesel by Rs 3 per litre. This move comes in response to the sharp rise in global crude oil prices triggered by escalating tensions in the Middle East. While state-run oil companies continue to keep rates frozen for normal fuel grades, private players are passing on the increased input costs to consumers to offset mounting losses.

---- facebook comment plugin here -----

Latest