From the print
കട്ടക്കലിപ്പ്
• ഇന്ത്യക്ക് 101 റൺസ് ജയം • ഹാർദിക് പാണ്ഡ്യ 59* (28)
കട്ടക്ക് | ഹാർദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെയും ബൗളർമാരുടെ മിന്നും പ്രകടനത്തിന്റെയും മികവിൽ ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് ഗംഭീര ജയം. 101 റൺസിനാണ് ഇന്ത്യ എതിരാളികളെ തുരത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 12.3 ഓവറിൽ 74 റൺസിന് പുറത്തായി. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരന്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. 28 പന്തിൽ പുറത്താകാതെ 59 റൺസെടുത്ത ഹാർദിക് പാണ്ഡ്യയാണ് കളിയിലെ താരം. നാല് സിക്‌സും ആറ് ബൗണ്ടറികളും ഉൾപ്പെടുന്നതായിരുന്നു പാണ്ഡ്യയുടെ ഇന്നിംഗ്‌സ്.
തിലക് വർമ (32 പന്തിൽ 26), അക്ഷർ പട്ടേൽ (21 പന്തിൽ 23), അഭിഷേക് ശർമ (12 പന്തിൽ 17) എന്നിവരാണ് ഇന്ത്യയുടെ മറ്റ് പ്രധാന സ്കോറർമാർ. തുടക്കത്തിൽ പതറിയ ഇന്ത്യ അവസാന ഓവറുകളിലാണ് റൺസ് വാരിക്കൂട്ടിയത്.
പാണ്ഡ്യ പവർ
ആദ്യ ഓവറിൽ തന്നെ ശുഭ്മൻ ഗില്ലിനെ (നാല്) ഇന്ത്യക്ക് നഷ്ടമായി. ലുങ്കി എൻഗിഡി ഓഫ് സ്റ്റമ്പിൽ എറിഞ്ഞ പന്ത് മുന്നോട്ടു കയറി ഉയർത്തിയടിക്കാനുള്ള ഗില്ലിന്റെ ശ്രമം പാളി. മിഡ് ഓഫിൽ മാർകോ യാൻസന് അനായാസ ക്യാച്ച്. മൂന്നാം ഓവറിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെയും (12) എൻഗിഡി മടക്കി. ആദ്യ ആറ് ഓവറിൽ 40 റൺസാണ് ഇന്ത്യക്ക് ലഭിച്ചത്. അഭിഷേക് ശർമയെ ലുതോ സിപാംലയുടെ പന്തിൽ ബൗണ്ടറിക്കരികിൽ മാർക്കോ യാൻസൻ പിടികൂടി. തിലക് വർമക്കൊപ്പം 31 റൺസ് കൂട്ടിച്ചേർത്താണ് അഭിഷേക് മടങ്ങിയത്. പിന്നീട് തിലക്- അക്ഷർ പട്ടേൽ കൂട്ടുകെട്ട് 30 റൺസ് സംഭാവന ചെയ്തു.
ഇന്ത്യൻ സ്‌കോർ 78ൽ നിൽക്കെ തിലക് പുറത്തായി. എൻഗിഡിക്കായിരുന്നു വിക്കറ്റ്. ഏറെ നാളുകൾക്ക് ശേഷം കളത്തിൽ തിരിച്ചെത്തിയ ഹാർദിക് പാണ്ഡ്യ തുടക്കത്തിലേ ആക്രമിച്ചു കളിച്ചു. ഇന്ത്യൻ സ്‌കോർ 100 കടന്നതിന് പിന്നാലെ 14ാം ഓവറിൽ അക്ഷർ പട്ടേൽ മടങ്ങി. 14ാം ഓവറിൽ അഞ്ച് വിക്കറ്റിന് 104 എന്ന നിലയിൽ ഇന്ത്യ പതറി. ശിവം ദുബെക്ക് (11) ഏറെ നേരം ക്രീസിൽ തുടരാനായില്ല. അവസാന ഓവറുകളിൽ ജിതേഷ് ശർമയെ (പത്ത്) കൂട്ടുപിടിച്ച് കത്തിക്കയറിയ ഹാർദിക്കാണ് സ്‌കോർ 175ലെത്തിച്ചത്. അവസാന ആറ് ഓവറുകളിൽ 71 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്.
ദക്ഷിണാഫ്രിക്കക്കു വേണ്ടി ലുങ്കി എൻഗിഡി മൂന്നും ലുതോ സിപാംല രണ്ടും വിക്കറ്റുകൾ വീഴ്ത്തി. ഡോനോവൻ ഫെരെയ്്ര ഒരു വിക്കറ്റെടുത്തു.
ഏതാ ബൗളിംഗ്
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ ഇന്ത്യൻ ബൗളർമാർ വരിഞ്ഞു മുറുക്കി. രണ്ടാം പന്തിൽ ക്വിന്റൺ ഡി കോക്കിനെ (പൂജ്യം) പുറത്താക്കി അർഷ്്ദീപ് സിംഗാണ് വിക്കറ്റ് വേട്ട തുടങ്ങിയത്. തന്റെ തൊട്ടടുത്ത ഓവറിൽ ട്രിസ്റ്റൻ സ്റ്റബ്‌സിനെയും (14) അർഷ്ദീപ് മടക്കി. 22 റൺസെടുത്ത ഡെവാൾഡ് ബ്രെവിസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറർ. എയ്ഡൻ മാർക്രം (14), ഡേവിഡ് മില്ലർ (ഒന്ന്), ഡോനോവൻ ഫെരെയ്‌റ (അഞ്ച്), മാർക്കോ യാൻസെൻ (12) തുടങ്ങിയ ബാറ്റർമാർക്ക് കാര്യമായൊന്നും ചെയ്യാനായില്ല.
ഇന്ത്യക്കു വേണ്ടി അർഷ്്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, അക്ഷർ പട്ടേൽ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഹാർദിക് പാണ്ഡ്യ, ശിവം ദുബെ ഓരോ വിക്കറ്റെടുത്തു.
പരുക്കിൽ നിന്ന് മുക്തനായ ശുഭ്മൻ ഗില്ലിനെയും ഹാർദിക് പാണ്ഡ്യയെയും ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയപ്പോൾ സഞ്ജു സാംസണെ പുറത്തിരുത്തി. സഞ്ജുവിന് പകരം ജിതേഷ് ശർമയാണ് വിക്കറ്റ് കാത്തത്.





