National
ഇൻഡിഗോ വിമാന സർവീസുകൾ 10% വെട്ടിച്ചുരുക്കാൻ കേന്ദ്ര നിർദ്ദേശം; സർവീസുകൾ സാധാരണ നിലയിലെന്ന് സി ഇ ഒ
പത്ത് ശതമാനം വെട്ടിച്ചുരുക്കൽ വരുത്തുമ്പോഴും എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേക്കും സർവീസ് തുടരുമെഡ് ഇൻഡിഗോ സി ഇ ഒ
ന്യൂഡൽഹി | രാജ്യവ്യാപകമായി നിരവധി സർവീസുകൾ തടസ്സപ്പെട്ട സാഹചര്യത്തിൽ ഇൻഡിഗോ വിമാനങ്ങളുടെ സർവീസുകൾ 10 ശതമാനം വെട്ടിച്ചുരുക്കാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം (എം ഒ സി എ) ഉത്തരവിട്ടു. കേന്ദ്രമന്ത്രി റാം മോഹൻ നായിഡു, മന്ത്രാലയം സെക്രട്ടറി സമീർ സിൻഹ, ഇൻഡിഗോ സി ഇ ഒ പീറ്റർ എൽബേഴ്‌സ് എന്നിവർ തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുന്നത് നിയന്ത്രിക്കാനുള്ള നടപടി സ്വീകരിച്ചത്.
മന്ത്രാലയത്തിന്റെ ഉത്തരവ് പാലിക്കുമെന്നും, 10 ശതമാനം വെട്ടിച്ചുരുക്കൽ വരുത്തുമ്പോഴും എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേക്കും സർവീസ് തുടരുമെന്നും ഇൻഡിഗോ അറിയിച്ചു. മന്ത്രി മന്ത്രി റാം മോഹൻ നായിഡു ഇക്കാര്യം സ്ഥിരീകരിച്ചു. ഇൻഡിഗോ സി ഇ ഒ പീറ്റർ എൽബേഴ്‌സിനെ മന്ത്രാലയത്തിലേക്ക് വിളിപ്പിച്ചുവെന്നും ഡിസംബർ 6 വരെ റദ്ദാക്കിയ വിമാനങ്ങളുടെ 100% റീഫണ്ടും പൂർത്തിയാക്കിയതായി അദ്ദേഹം അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു. 10% വെട്ടിച്ചുരുക്കൽ വരുത്തി ഇൻഡിഗോ മുമ്പത്തെപ്പോലെ എല്ലാ റൂട്ടുകളിലും സർവീസ് നടത്തുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിസന്ധിയിലായ വിമാനക്കമ്പനി തിരിച്ചെത്തിയെന്നും തീർപ്പാക്കാനുള്ള എല്ലാ ഉപഭോക്തൃ പ്രശ്നങ്ങളും പരിഹരിക്കുന്ന പ്രക്രിയ തുടരുകയാണെന്നും എൽബേഴ്‌സ് നേരത്തെ അവകാശപ്പെട്ടിരുന്നു. ഏറ്റവും പുതിയ വീഡിയോ സന്ദേശത്തിൽ, വിമാനങ്ങൾ റദ്ദാക്കുകയോ വൈകുകയോ ചെയ്ത ലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് മുഴുവൻ റീഫണ്ടും ലഭിച്ചതായും ഈ പ്രക്രിയ ദിവസവും തുടരുകയാണെന്നും എൽബേഴ്‌സ് പറഞ്ഞു.
“ഇൻഡിഗോ തിരിച്ചുവരവിൻ്റെ പാതയിലാണ്, ഞങ്ങളുടെ പ്രവർത്തനങ്ങൾ സ്ഥിരത കൈവരിച്ചു. വലിയ ഒരു പ്രതിസന്ധി ഉണ്ടായപ്പോൾ ഞങ്ങൾ നിങ്ങളെ നിരാശപ്പെടുത്തി, അതിന് ക്ഷമ ചോദിക്കുന്നു” – എൽബേഴ്‌സ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ഡിസംബർ 10-15 ന് ഇടയിൽ സ്ഥിതി സാധാരണ നിലയിലാകുമെന്നാണ് നേരത്തെ സൂചിപ്പിച്ചതെങ്കിലും ഡിസംബർ 9 ആയ ഇന്ന് തന്നെ തങ്ങളുടെ പ്രവർത്തനങ്ങൾ പൂർണ്ണമായും സ്ഥിരത കൈവരിച്ചതായി ഉറപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
യാത്ര റദ്ദാക്കുകയോ വൈകുകയോ ചെയ്ത ഉപഭോക്താക്കൾക്ക് നൽകുന്ന നഷ്ടപരിഹാരത്തെക്കുറിച്ച് എൽബേഴ്‌സ് പ്രതികരിച്ചില്ല. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ പാസഞ്ചർ ചാർട്ടർ അനുസരിച്ച്, വിമാനം പുറപ്പെടുന്നതിന് രണ്ടാഴ്ച മുമ്പെങ്കിലും വിമാനം റദ്ദാക്കിയത് യാത്രക്കാരനെ അറിയിക്കുന്നതിൽ വിമാനക്കമ്പനി പരാജയപ്പെട്ടാൽ നിയമപരമായി നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരാണ്. നഷ്ടപരിഹാരത്തുക വിമാനത്തിൻ്റെ യാത്രാ ദൈർഘ്യത്തെ ആശ്രയിച്ചിരിക്കും. കൂടാതെ, യാത്രക്കാർ ആവശ്യപ്പെടാതെ തന്നെ വിമാനക്കമ്പനി നഷ്ടപരിഹാരം ഓട്ടോമാറ്റിക്കായി നൽകേണ്ടതുണ്ട്.
ഡിസംബർ 5 ന് തങ്ങൾക്ക് 700 വിമാനങ്ങൾ മാത്രമേ പറത്താൻ കഴിഞ്ഞുള്ളൂ എന്നും, അതിനുശേഷം ക്രമേണ മെച്ചപ്പെട്ട് ഡിസംബർ 6 ന് 1,500 ഉം, ഡിസംബർ 7 ന് 1,650 ഉം തിങ്കളാഴ്ചയും ചൊവ്വാഴ്ചയും 1,800-ൽ അധികവും വിമാനങ്ങൾ പറത്താൻ കഴിഞ്ഞെന്നും സി ഇ ഒ പറഞ്ഞു. തിങ്കളാഴ്ച മുതൽ തങ്ങളുടെ ശൃംഖലയിലെ 138 ലക്ഷ്യസ്ഥാനങ്ങളിലേക്കും സർവീസ് പുനരാരംഭിച്ചതായും ഇൻഡിഗോയുടെ ഓൺ-ടൈം പ്രകടനവും സാധാരണ നിലയിലായതായും അദ്ദേഹം കൂട്ടിച്ചേർത്തു.







