From the print
മുട്ടാറിൽ നേർക്കുനേർ ഏറ്റുമുട്ടി സി പി എമ്മും സി പി ഐയും
ഒരേ മുന്നണിയിലെ കൊടി തോരണങ്ങളും ഫ്ലക്സ് ബോർഡുകളും പോസ്റ്ററുകളും നിറഞ്ഞത് നാട്ടുകാർക്കും വഴിയാത്രക്കാർക്കും കൗതുക കാഴ്ചയായി.
ആലപ്പുഴ | മുട്ടാർ പഞ്ചായത്തിലെ രണ്ട് വാർഡുകളിലെ സി പി എം- സി പി ഐ നേർക്കുനേർ പോരാട്ടം കൗതുകമായി. വാർഡ് 13, 14 വാർഡുകളിലാണ് എതിർ പാർട്ടികളെ പോലും അമ്പരപ്പിക്കുന്ന പ്രചാരണവുമായി ഇരുവരും പാർട്ടി ചിഹ്നത്തിൽ മത്സരിച്ചത്. ഇതോടെ പോളിംഗ് ബൂത്തായ മിത്രക്കരി ഗവ. എൽ പി സ്‌കൂളിന് മുന്നിൽ ഒരേ മുന്നണിയിലെ കൊടി തോരണങ്ങളും ഫ്ലക്സ് ബോർഡുകളും പോസ്റ്ററുകളും നിറഞ്ഞത് നാട്ടുകാർക്കും വഴിയാത്രക്കാർക്കും കൗതുക കാഴ്ചയായി.
വാർഡ് 13 (മിത്രമഠം) സി പി എമ്മിലെ രാജി സുനിൽ ചുറ്റിക അരിവാൾ നക്ഷത്രം ചിഹ്നത്തിലും സി പി ഐയിലെ സതിയമ്മ പ്രസാദ് ധാന്യക്കതിരും അരിവാളും ചിഹ്നത്തിലുമാണ് മത്സരിച്ചത്. അംബിക ഉണ്ണികൃഷ്ണൻ (കോൺ.), ഇന്ദു പ്രശാന്ത് (ബി ജെ പി) എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ. വാർഡ് 14 (നെല്ലാണിക്കൽ) സി പി എമ്മിലെ പ്രവീണ ഉദയപ്പനും സി പി െഎയിലെ സുലോചന അശോകനുമാണ് നേർക്കുനേർ പോരടിച്ചത്. സജിതമോളാണ് കോൺഗ്രസ്സ് സ്ഥാനാർഥി.
മിത്രമഠം വാർഡിൽ പോളിംഗ് തുടങ്ങി ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ വോട്ടുയന്ത്രം പണിമുടക്കി. രണ്ടര മണിക്കൂറിനു ശേഷമാണ് തകരാർ പരിഹരിച്ചത്. കുട്ടനാട്ടിലെ രാമങ്കരിയിൽ സി പി എം-സി പി ഐ ഏഴിടത്ത് മത്സരിക്കുന്നുണ്ട്. സ്വതന്ത്രരായി പോരിനിറങ്ങിയ സി പി ഐ സ്ഥാനാർഥികൾ പാർട്ടി ചിഹ്നം ഒഴിവാക്കിയാണ് മത്സരിച്ചത്.





