Connect with us

National

സിക്കന്ദർ ബാദുഷ ദർഗക്ക് സമീപം കാർത്തിക വിളക്ക് കൊളുത്താൻ വിധി; ജഡ്ജിക്കെതിരെ ഇംപീച്ച്മെൻ്റ് നോട്ടീസ് നൽകി

ഡി എം കെ യുടെ നേതൃത്വത്തിലുള്ള ഈ നീക്കത്തെ സഖ്യത്തിലെ ഭൂരിപക്ഷം പാർട്ടികളും പിന്തുണയ്ക്കാൻ സാധ്യത

Published

|

Last Updated

ചെന്നൈ | മധുരയിലെ തിരുപ്പരങ്കുൺട്രം മലയുടെ മുകളിൽ സിക്കന്ദർ ബാദുഷ ദർഗയ്ക്കടുത്തുള്ള ദീപത്തൂണിൽ കാർത്തികവിളക്കു കൊളുത്തണമെന്ന് ഉത്തരവിട്ട, മദ്രാസ് ഹൈക്കോടതി ജഡ്ജി ജി ആർ സ്വാമിനാഥനെതിരെ ഇംപീച്ച്മെന്റ് നടപടികൾ ആവശ്യപ്പെട്ട് ഡി എം കെ ലോകസഭാ സ്പീക്കർക്ക് നോട്ടീസ് സമർപ്പിച്ചു. ഇന്ത്യ മുന്നണിയിൽ ഉൾപ്പെട്ട 120 എം പിമാരുടെ ഒപ്പോടുകൂടിയ നോട്ടീസാണ് സമർപ്പിച്ചത്. ഡി എം കെ പാർലമെന്ററി പാർട്ടി നേതാവ് കനിമൊഴി, ലോക്‌സഭാ നേതാവ് ടി ആർ ബാലു, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര എന്നിവരടങ്ങുന്ന സംഘമാണ് ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് നോട്ടീസ് കൈമാറിയത്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 217, 124 എന്നിവ പ്രകാരം ഹൈക്കോടതി ജഡ്ജിയെ നീക്കം ചെയ്യണമെന്നാണ് പ്രമേയത്തിൽ ആവശ്യപ്പെടുന്നത്.

ജഡ്ജിയുടെ നടപടി ജുഡീഷ്യൽ നിഷ്പക്ഷതയിലും സുതാര്യതയിലും ചോദ്യങ്ങൾ ഉയർത്തുന്നതായി നോട്ടീസിൽ ആരോപിക്കുന്നു. ഒരു പ്രത്യേക സമുദായത്തിൽപ്പെട്ട അഭിഭാഷകനോടും മുതിർന്ന അഭിഭാഷകനോടും അനാവശ്യമായ പക്ഷപാതം കാണിക്കുന്നു എന്നും, മതനിരപേക്ഷ ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമായി രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനത്തിലാണ് വിധികൾ പുറപ്പെടുവിക്കുന്നതെന്നും നോട്ടീസിൽ വ്യക്തമാക്കി. രാഷ്ട്രപതിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും അയച്ച കത്തുകളുടെ പകർപ്പുകളും പ്രമേയത്തോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.

ക്ഷേത്രവും സമീപത്ത് ദർഗയുമുള്ള തിരുപ്പരങ്കുൺട്രം കുന്നിന് മുകളിലെ ദീപത്തൂണിൽ പരമ്പരാഗത കാർത്തിക ദീപം തെളിക്കാൻ ജഡ്ജി ഉത്തരവിട്ടതാണ് ഇംപീച്ച്മെന്റ് നീക്കങ്ങൾക്കിടയാക്കിയത്. ദീപത്തൂണിൽ ഡിസംബർ 4 ന് ദീപം തെളിക്കാനായിരുന്നു കോടതി ഉത്തരവ്. ഇത് മുസ്‌ലിം സമുദായത്തിന്റെ മതപരമായ അവകാശങ്ങളെ ലംഘിക്കില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ചെറിയൊരു കൂട്ടം ഭക്തരെ ഈ ചടങ്ങ് നടത്താൻ അനുവദിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ, ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ വിധി നടപ്പാക്കാൻ വിസമ്മതിച്ചു. ഇത് ഹിന്ദു അനുകൂല സംഘടനകളുടെ പ്രതിഷേധത്തിനും പോലീസുമായുള്ള ഏറ്റുമുട്ടലുകൾക്കും വഴിയൊരുക്കുകയും നിലവിൽ ഇത് വലിയ രാഷ്ട്രീയ-ജുഡീഷ്യൽ തർക്കമായി മാറുകയും ചെയ്തിരിക്കുകയാണ്.

ഇംപീച്ച്മെന്റ് നീക്കത്തോട് പ്രതികരിച്ച മുൻ ബി ജെ പി തമിഴ്‌നാട് പ്രസിഡന്റ് കെ അണ്ണാമലൈ, ഇന്ത്യാ മുന്നണി ‘ഹിന്ദു വിരുദ്ധ നിലപാടുകൾ അഭിമാനത്തോടെ പ്രദർശിപ്പിക്കുകയാണെന്ന്’ എക്സിൽ കുറിച്ചു. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരുന്നത് ന്യൂനപക്ഷ പ്രീണന രാഷ്ട്രീയമാണ് കാണിക്കുന്നതെന്നും, വിധികളെ രാഷ്ട്രീയ സമ്മർദ്ദത്തിലൂടെ വെല്ലുവിളിക്കാമെന്ന സന്ദേശമാണ് ഇത് നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി പരിഗണിക്കാൻ തീരുമാനിച്ചു.

---- facebook comment plugin here -----

Latest