Connect with us

Kerala

ഹൈസ്‌കൂളുകളിലേക്ക് കൈറ്റ് വഴി അഡ്വാന്‍സ്ഡ് റോബോട്ടിക് കിറ്റുകള്‍; പദ്ധതിക്ക് തുടക്കമായി

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആറ് സ്‌കൂളുകളിലെ ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങള്‍ക്ക് കിറ്റുകള്‍ നല്‍കി മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു.

Published

|

Last Updated

സംസ്ഥാനത്തെ ഹൈസ്‌കൂളുകള്‍ക്കുള്ള കൈറ്റിന്റെ അഡ്വാന്‍സ്ഡ് റോബോട്ടിക് കിറ്റുകളുടെ വിതരണോദ്ഘാടനം മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കുന്നു.

തിരുവനന്തപുരം | സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ റോബോട്ടിക്‌സ് പഠനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മുഴുവന്‍ ഹൈസ്‌കൂളുകളിലേക്കും കൈറ്റ് വഴി അഡ്വാന്‍സ്ഡ് റോബോട്ടിക് കിറ്റുകള്‍ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. ആറ് സ്‌കൂളുകളിലെ ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങള്‍ക്ക് കിറ്റുകള്‍ നല്‍കി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. വിദ്യാലയങ്ങളിലെ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകള്‍ വഴി ആകെ 2500 അഡ്വാന്‍സ്ഡ് റോബോട്ടിക് കിറ്റുകളാണ് വിതരണം ചെയ്യുന്നത്.

സംസ്ഥാനത്തെ സ്‌കൂളുകളില്‍ നേരത്തെ തന്നെ 29,000 റോബോട്ടിക് കിറ്റുകള്‍ കൈറ്റ് ലഭ്യമാക്കിയിരുന്നു. ഈ അധ്യയനവര്‍ഷം മുതല്‍ പത്താം ക്ലാസിലെ ഐ സി ടി പാഠ്യപദ്ധതിയുടെ ഭാഗമായി റോബോട്ടിക്‌സ് പഠനം ഉള്‍പ്പെടുത്തിയതോടെ നാല് ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ പ്രയോജനം നേരിട്ട് ലഭിക്കുന്നുണ്ട്. ഈ നൂതന വിദ്യാഭ്യാസ രീതിയുടെ തുടര്‍ച്ചയായാണ് ഐ ഒ ടി അധിഷ്ഠിത ഉപകരണങ്ങള്‍ ഉള്‍പ്പെടെ നിര്‍മിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന പുതിയ അഡ്വാന്‍സ്ഡ് റോബോട്ടിക് കിറ്റുകള്‍ വിതരണം ചെയ്യുന്നത്.

പുതിയ കിറ്റുകളില്‍ ഐ ഒ ടി സംവിധാനം ഒരുക്കുന്നതിനുള്ള വൈഫൈ, ബ്ലൂടൂത്ത് കണക്ടിവിറ്റി സൗകര്യങ്ങളുള്ള ഇ എസ് പി 32 അധിഷ്ഠിതമായ ഡെവലപ്‌മെന്റ് ബോര്‍ഡാണ് പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ അള്‍ട്രാസോണിക് ഡിസ്റ്റന്‍സ്, സോയില്‍ മോയിസ്ചര്‍, പി ഐ ആര്‍ മോഷന്‍, ലൈന്‍ ട്രാക്കിംഗ് തുടങ്ങിയ വിവിധ സെന്‍സറുകളുടെ വലിയ നിരയും ഇതിലുണ്ട്. സ്മാര്‍ട്ട് കാര്‍ ഷാസി കിറ്റ്, സബ്‌മെഴ്‌സിബിള്‍ മിനി വാട്ടര്‍ പമ്പ്, റീച്ചാര്‍ജ് ചെയ്യാവുന്ന ലിഥിയം അയണ്‍ ബാറ്ററി പാക്ക് എന്നിവ ഉള്‍പ്പെടുന്ന കിറ്റ് വിദ്യാര്‍ഥികളെ വൈവിധ്യമാര്‍ന്ന പ്രൊജക്റ്റുകള്‍ നിര്‍മിക്കാന്‍ സഹായിക്കും. പ്രത്യേക പാത പിന്തുടരുന്ന റോബോട്ടുകള്‍, ചെടികള്‍ക്ക് സ്വയം വെള്ളമൊഴിക്കുന്ന സംവിധാനം, ചലനം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന സുരക്ഷാ ക്രമീകരണങ്ങള്‍, കാഴ്ച പരിമിതര്‍ക്ക് നടക്കാന്‍ സഹായിക്കുന്ന സ്മാര്‍ട്ട് ഉപകരണങ്ങള്‍, വായു ഗുണനിലവാര പരിശോധനാ സംവിധാനങ്ങള്‍, സ്മാര്‍ട്ട് വെതര്‍ സ്‌റ്റേഷനുകള്‍ തുടങ്ങിയ സങ്കീര്‍ണമായ പ്രോജക്റ്റുകളും നിര്‍മിക്കാനാകും.

പ്രോജക്റ്റുകള്‍ തയ്യാറാക്കുന്നതിനൊപ്പം ഇലക്ട്രോണിക് സര്‍ക്യൂട്ടുകളെ കുറിച്ച് പഠിക്കാനും ബ്ലോക്ക് കോഡിങ്, പൈത്തണ്‍, സി എന്നീ പ്രോഗ്രാമിങ് ഭാഷകള്‍ പ്രായോഗികമായി പഠിക്കാനും ഇതിലൂടെ അവസരം ലഭിക്കും. ചടങ്ങില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ. വാസുകി, ഡയറക്ടര്‍ എന്‍ എസ് കെ ഉമേഷ്, കൈറ്റ് സി ഇ ഒ. കെ അന്‍വര്‍ സാദത്ത് പങ്കെടുത്തു. ഈ മാസം ഏഴ്, എട്ട് തീയതികളില്‍ നടക്കുന്ന ലിറ്റില്‍ കൈറ്റ്‌സ് ജില്ലാ ക്യാമ്പുകളില്‍ വെച്ച് സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകള്‍ക്കുമുള്ള കിറ്റുകള്‍ വിതരണം ചെയ്യും.

 

Latest