Connect with us

Kerala

യുവതിയുടെ വയറ്റില്‍ നിന്നും 23 കിലോഗ്രാം ഭാരമുള്ള മുഴ നീക്കം ചെയ്തു

25 വയസ്സ് പ്രായമുള്ള യുവതിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്ത മുഴക്ക് 45 സെന്റീമീറ്റര്‍ നീളവും 45 സെന്റീമീറ്റര്‍ വീതിയുമുണ്ട്.

Published

|

Last Updated

യുവതിയുടെ വയറ്റില്‍ നിന്നും 23 കിലോഗ്രാം ഭാരമുള്ള മുഴ നീക്കം ചെയ്ത മെഡിക്കല്‍ കോളജ് മാതൃ ശിശുസംരക്ഷണ കേന്ദ്രത്തിലെ മെഡിക്കല്‍ ടീം.

കോഴിക്കോട് | മെഡിക്കല്‍ കോളജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ 25 വയസ്സ് പ്രായമുള്ള യുവതിയുടെ വയറ്റില്‍ നിന്നും 23 കിലോഗ്രാം ഭാരമുള്ള അണ്ഡാശയ മുഴ നീക്കം ചെയ്തു. മുഴക്ക് 45 സെന്റീമീറ്റര്‍ നീളവും 45 സെന്റീമീറ്റര്‍ വീതിയുമുണ്ട്. സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വമായ സംഭവമാണിത്.

രണ്ടു മണിക്കൂര്‍ നീണ്ട് വളരെ സങ്കീര്‍ണമായ ശസ്ത്രക്രിയ ഇന്ന് രാവിലെയാണ് നടത്തിയത്. ഇത്തരത്തിലുള്ള മുഴ യുവതിയുടെ വയറ്റിലുണ്ടെന്നത് സംബന്ധിച്ച് 2023ല്‍ തന്നെ വ്യക്തമായിരുന്നുവെങ്കിലും ശസ്ത്രക്രിയ ചെയ്തിരുന്നില്ല. രോഗിയുടെ വയര്‍ വീര്‍ക്കുകയും നടക്കാന്‍ ബുദ്ധിമുട്ട് നേരിടുകയും ചെയ്ത സാഹചര്യത്തിലാണ് ശസ്ത്രക്രിയക്ക് തയ്യാറായത്. രോഗി സുഖംപ്രാപിച്ചു വരുന്നതായി മെഡിക്കല്‍ കോളജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് ഡോ. അരുണ്‍പ്രീത് അറിയിച്ചു. ശസ്ത്രക്രിയ നടത്തിയ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരേയും മറ്റ് ജീവനക്കാരേയും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അഭിനന്ദിച്ചു.

ഗൈനക്കോളജി വിഭാഗം പ്രൊഫസര്‍ ഡോ. മോളി സാം, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സി എം സിദ്ദീഖ്, സീനിയര്‍ റസിഡന്റ് ഡോ. എമില്‍ ജോസ്, അനസ്‌തേഷ്യ വിഭാഗത്തിലെ പ്രൊഫ. ഡോ. എന്‍ തസ്‌നിം മുഹമ്മദ്, ഡോ. ലക്ഷ്മി വി നായര്‍, അസി. പ്രൊഫസര്‍, ഡോ. റിഥുല്‍, നഴ്‌സിങ് ഓഫീസര്‍ പി എസ് അശ്വതി, തിയറ്റര്‍ അസിസ്റ്റന്റ് പി വി പ്രബോധ് ചന്ദ്രന്‍, നഴ്‌സിങ് അസിസ്റ്റന്റ് എന്‍ പി മിനി, ഹെഡ് നഴ്സുമാരായ ദീപ മാണി, പി എം സീമ എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.

 

 

 

 

Latest