Connect with us

From the print

റിപോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് റിപോർട്ട്: ഈ വർഷം കൊല്ലപ്പെട്ട പത്രപ്രവർത്തകരിൽ പകുതിയും ഇസ്റാഈൽ ആക്രമണത്തിൽ

ഈ വർഷം ലോകത്താകെ 67 മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്

Published

|

Last Updated

പാരിസ് | ഈ വർഷം ആഗോളതലത്തിൽ കൊല്ലപ്പെട്ട പത്രപ്രവർത്തകരിൽ പകുതി പേരും ഗസ്സയിൽ ഇസ്്റാഈൽ സൈന്യത്താൽ കൊല്ലപ്പെട്ടവരെന്ന് റിപോർട്ട്. റിപോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് (ആർ‌ എസ്‌ എഫ്) ഇന്നലെ പ്രസിദ്ധീകരിച്ച വാർഷിക റിപോർട്ടിലാണ് ഇക്കാര്യം പറയുന്നത്. തുടർച്ചയായ മൂന്നാം വർഷമാണ് മാധ്യമപ്രവർത്തകരെ ഏറ്റവും കൂടുതൽ കൊലപ്പെടുത്തിയവരായി റിപോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് ഇസ്്റാഈലിനെ തിരഞ്ഞെടുത്തത്. ഗസ്സയിൽ വംശഹത്യ നടത്തിയ ഇസ്റാഈൽ സേന 29 ഫലസ്തീൻ റിപോർട്ടർമാരെയാണ് കൊന്നത്.

ഈ വർഷം ലോകത്താകെ 67 മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം ഇത് 66 ആയിരുന്നു.

സായുധ സംഘട്ടനങ്ങളിൽ മാധ്യമപ്രവർത്തകരെ സംരക്ഷിക്കുന്നതിൽ അന്താരാഷ്ട്ര സംഘടനകൾ പരാജയപ്പെട്ടതാണ് ഈ വർധനവിന് കാരണമായതെന്ന് ആർ‌ എസ്‌ എഫ് ഡയറക്ടർ ജനറൽ തിബൗട്ട് ബ്രൂട്ടിൻ പ്രസ്താവനയിൽ പറഞ്ഞു.
പത്രപ്രവർത്തകർ വെറുതെ മരിക്കുന്നതല്ല, അവരെ കൊലപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഈ വർഷം മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ട യുക്രൈനും നാല് മാധ്യമപ്രവർത്തകർക്ക് ജീവൻ നഷ്ടമായ സുഡാനുമാണ് മാധ്യമപ്രവർത്തനത്തിന് വളരെ അപകടകരമായ രാജ്യങ്ങൾ. ജോലിയുടെ പേരിൽ ഈ വർഷം ജയിലിലടക്കപ്പെട്ട പത്രപ്രവർത്തകരുടെ എണ്ണവും റിപോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സിന്റെ റിപോർട്ടിലുണ്ട്. ചൈനയാണ് ഏറ്റവും കൂടുതൽ. 121 റിപോർട്ടർമാരാണ് ഇവിടെ ജയിലലടക്കപ്പെട്ടത്. റഷ്യ (48), മ്യാൻമർ (47) രാജ്യങ്ങളാണ് തൊട്ടുപിന്നിൽ.
ഈ മാസം ഒന്ന് വരെയുള്ള കണക്കനുസരിച്ച് 47 രാജ്യങ്ങളിലായി 503 പത്രപ്രവർത്തകരെയാണ് കസ്റ്റഡിയിലെടുത്തത്. 37 രാജ്യങ്ങളിലായി 135 മാധ്യമപ്രവർത്തകരെ കാണാതായതായും 20 പേർ നിലവിൽ ബന്ദികളാക്കപ്പെട്ടിട്ടുണ്ടെന്നും റിപോർട്ട് കണ്ടെത്തി.

കഴിഞ്ഞ ആഗസ്റ്റ് 25ന് ഗസ്സയുടെ തെക്ക് ഭാഗത്തുള്ള നാസർ ആശുപത്രിയിൽ നടന്ന ആക്രമണത്തിലാണ് ഒരേ സമയം കൂടുതൽ മാധ്യമപ്രർത്തകർ കൊല്ലപ്പെട്ടത്. അൽ ജസീറ, റോയിട്ടേഴ്‌സ്, അസ്സോസിയേറ്റഡ് പ്രസ്സ് വാർത്താ ഏജൻസികളുടെ അഞ്ച് മാധ്യമപ്രവർത്തകർക്കാണ് അന്ന് ജീവൻ നഷ്ടമായത്. ഗസ്സയിൽ ഇസ്്റാഈൽ നടത്തിയ 26 മാസത്തെ അധിനിവേശ ആക്രമണത്തിൽ ഏകദേശം 300 പത്രപ്രവർത്തകർ കൊല്ലപ്പെട്ടന്നാണ് കണക്ക്.

Latest