Kerala
സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാത്തവർ ദേശസ്‌നേഹം പഠിപ്പിക്കേണ്ട: ഹാരിസ് ബീരാൻ
വന്ദേമാതരം ചർച്ച യഥാർഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ
ന്യൂഡൽഹി | സ്വാതന്ത്ര്യ സമരത്തിൽ പങ്കാളികളാകാത്ത ബി ജെ പി ദേശസ്‌നേഹം പഠിപ്പിക്കേണ്ടതില്ലെന്ന് അഡ്വ. ഹാരിസ് ബീരാൻ എം പി. വന്ദേ മാതരത്തിന്റെ 150ാം വാർഷികത്തെക്കുറിച്ചുള്ള രാജ്യസഭാ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്‌കാരികവും രാഷ്ട്രീയവും മതപരവുമായ ആശയങ്ങളിലെ വൈവിധ്യങ്ങളെ മാതൃകാപരമായി ചേർത്തു വെച്ചതിലൂടെയാണ് ഇന്ത്യ ലോകത്ത് വേറിട്ട ആശയമായി നിലനിൽക്കുന്നത്. ആ വൈവിധ്യങ്ങളെ തകർക്കുന്നതാണ് ബി ജെ പിയുടെ നയം. ലോകത്ത് സമാനതകളില്ലാത്ത വിധം വൈവിധ്യമാർന്ന രീതിയിൽ മതങ്ങളെയും ഭാഷകളെയും സംസ്‌കാരങ്ങളെയും കൂട്ടിയോജിപ്പിച്ചു നിർത്തുന്ന തരത്തിൽ ഉൾക്കൊള്ളൽ, സമവായം എന്നീ തത്ത്വങ്ങളെ അടിസ്ഥാനമാക്കിയാണ് ഇന്ത്യൻ ഭരണഘടന നിർമിച്ചത്. ഈ ബഹുസ്വര സമൂഹത്തെ ഒന്നിച്ചു നിർത്തുകയും ഭിന്നത ഒഴിവാക്കുകയും ചെയ്യുക എന്നതായിരുന്നു രാഷ്ട്രത്തിന്റെ സ്ഥാപക നേതാക്കൾ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. അതിനാൽ സമവായ രൂപവത്കരണം രാഷ്ട്രനിർമാണത്തിന്റെ പ്രധാന തത്ത്വമായിരുന്നു. ഇന്ത്യയുടെ വൈവിധ്യം ലോകത്ത് മറ്റെങ്ങുമില്ലാത്തതാണെന്നും ഹാരിസ് ബീരാൻ പറഞ്ഞു.
ഇപ്പോൾ വന്ദേമാതരം ചർച്ച ചെയ്യുന്നത് രാജ്യം അഭിമുഖീകരിക്കുന്ന യഥാർഥവും നിർണായകവുമായ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റാനുള്ള ബോധപൂർവ ശ്രമത്തിന്റെ ഭാഗമായാണ്. രൂപയുടെ വിലയിടിവ്, ഡൽഹിയിലെ വായു മലിനീകരണം, വർധിച്ചു വരുന്ന തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ പ്രധാന വിഷയങ്ങളിൽ നിന്ന് ഈ ചർച്ച ശ്രദ്ധ തിരിക്കുന്നു. പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് പോലുള്ളവക്ക് മുന്നോടിയായി രാഷ്ട്രീയ ആഖ്യാനങ്ങൾ സൃഷ്ടിക്കുന്നതിനുള്ള തന്ത്രമാണ് ഇത്തരം ചർച്ചകൾ.
തമിഴ്നാട്ടിൽ നിന്നുള്ള ചെങ്കോൽ ലോക്സഭയിൽ സ്ഥാപിച്ചത് ഇതുപോലെ ആഖ്യാനം മെനയലിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.





