Kerala
അക്ഷയ കേന്ദ്രങ്ങൾ ബിസിനസ് കേന്ദ്രമല്ല; ഏകീകൃത സർക്കാർ നിരക്കിനെതിരായ ഹരജി തള്ളി ഹൈക്കോടതി
സർക്കാർ ഉത്തരവ് അക്ഷയ സംരംഭകർ അംഗീകരിക്കണം

കൊച്ചി | അക്ഷയ കേന്ദ്രങ്ങൾ ബിസിനസ് കേന്ദ്രങ്ങളല്ലെന്നും ലാഭം ലക്ഷ്യമിട്ട് പ്രവർത്തിക്കാനാകില്ലെന്നും ഹൈക്കോടതി. കെ സ്മാർട്ട് സേവനങ്ങൾക്ക് ഏകീകൃത നിരക്ക് ഏർപ്പെടുത്തിയ സർക്കാർ നടപടി ചോദ്യംചെയ്ത് അക്ഷയ സംരംഭകർ സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി.അക്ഷയ കേന്ദ്രങ്ങളുടെ ലക്ഷ്യം സേവനമാണെന്ന് വ്യക്തമാക്കിയ കോടതി സർക്കാർ സേവനങ്ങൾ പൊതു ജനങ്ങളുമായി ബന്ധിപ്പിക്കാനുള്ളതാണെന്നും കോടതി ചൂണ്ടിക്കാട്ടി. സർക്കാരുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് അക്ഷയ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതെന്ന് ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി.
സർക്കാർ ഉത്തരവ് അക്ഷയ സംരംഭകർ അംഗീകരിക്കണമെന്ന് കോടതി നിർദേശിച്ചു. ആഗസ്റ്റ് ആറിനാണ് സേവന നിരക്ക് ഏകീകരിച്ച് സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ 2018ലെ നിരക്കിനെക്കാൾ കുറവാണ് നിലവിലെ നിരക്കെന്ന് ചൂണ്ടിക്കാട്ടിയാണ് അക്ഷയ സംരംഭകർ ഹൈക്കോടതിയെ സമീപിച്ചത്.