Connect with us

aathmeeyam

അറിവിന്റെ പൊരുൾ

ഓരോ വിഷയങ്ങളിലും കൃത്യമായ അവഗാഹം നേടുമ്പോഴാണ് ജീവിതം സാർഥകമാകുന്നത്. അല്ലാതിരുന്നാൽ പാതി വഴിയിൽ യാത്ര നിലക്കാനും വഴി പിഴക്കാനും ഇടവരും. "മുറിവൈദ്യന്‍ ആളെ കൊല്ലും' എന്ന പഴഞ്ചൊല്ല് വളരെ പ്രസക്തമാണ്. ഉമറുബ്‌നു അബ്ദില്‍ അസീസ്(റ)വിന്റെ വാക്കുകളിൽ കാണാം: "അറിവില്ലാതെ ഒരു പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നത് നന്മയേക്കാള്‍ കൂടുതല്‍ തിന്മവരുത്താൻ ഇടവരുത്തും'.

Published

|

Last Updated

വിശുദ്ധ റമസാൻ അവധി കഴിഞ്ഞ് മത കലാലയങ്ങൾ വീണ്ടും സജീവമാകുന്നു. ശവ്വാല്‍ മുതല്‍ ശഅ്ബാന്‍ വരെയാണ് ഇസ്്ലാമിക കലണ്ടർ പ്രകാരമുള്ള അധ്യയനവർഷം കണക്കാക്കുന്നത്. നഴ്സറികളിലെ കുരുന്നുകൾ മുതൽ മതമീമാംസയിൽ ഉന്നത പഠനം നടത്തുന്നവർ വരെയുള്ള ലക്ഷക്കണക്കിന് മതവിദ്യാർഥികളാണ് അറിവിന്റെ ലോകത്തേക്ക് ഓരോ വർഷവും കടന്നുവരുന്നത്. വിദ്യ നേടൽ ഓരോ മനുഷ്യനും അനിവാര്യമാണ്. അതിൽ നിത്യജീവിതത്തിന് അനിവാര്യമാകുന്ന അടിസ്ഥാന വിദ്യാഭ്യാസം നേടൽ നിർബന്ധ ബാധ്യതയുമാണ്. ജ്ഞാനാഭ്യാസം പവിത്രമായ ആരാധനയും മതത്തിന്റെ ആത്മാവും സത്തയുമായാണ് വിശുദ്ധ ഇസ്്ലാം പരിചയപ്പെടുത്തുന്നത്.
ജ്ഞാന സമ്പാദനത്തിന് പ്രായപരിധിയില്ല. എത്രകാലം വിജ്ഞാനം നേടാനാകുമോ അത്രയും കാലം വിജ്ഞാനം നുകരണം. തൊട്ടിൽ മുതൽ സ്വബോധം നഷ്ടപ്പെടുന്നതുവരെ അറിവിന്റെ ലോകത്ത് സഞ്ചരിക്കാൻ സാധിക്കുകയെന്നത് മഹാ സൗഭാഗ്യമാണ്.

അറിവിന് വലിയ പ്രാധാന്യമാണ് മതം കൽപ്പിക്കുന്നത്. അല്ലാഹു പറയുന്നു: “വിജ്ഞാനമുള്ളവരും വിജ്ഞാനമില്ലാത്തവരും തുല്യരാകില്ല’ (അസ്സുമർ:9). വായിക്കാനും എഴുതാനുമുള്ള കാഹളം മുഴക്കിയാണ് ഖുര്‍ആനിന്റെ അവതരണം ആരംഭിക്കുന്നത്. “നിന്നെ സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍ വായിക്കുക’ (അല്‍അലഖ്: 1) എന്നതാണ് ആദ്യ വചനം. അറിവിന്റെ അടിസ്ഥാനങ്ങളായ പേനയുടെയും എഴുത്തിന്റെയും പ്രാധാന്യം പ്രഥമ സൂക്തത്തിൽ നിന്നു തന്നെ സുതരാം വ്യക്തമാണ്. അതോടൊപ്പം വിവിധ വിജ്ഞാന ശാഖകളിലേക്കുള്ള സൂചകങ്ങൾ പ്രഥമ പഞ്ചസൂക്തങ്ങളിലുണ്ട്. വിശുദ്ധ മതത്തിലെ പ്രധാന കൃതികളിലെല്ലാം പ്രഥമാധ്യായമായി നൽകിയത് ജ്ഞാനത്തിന്റെ മഹത്വത്തെ കുറിച്ചാണ്. അറിവിനെ അടയാളപ്പെടുത്തുന്ന “ഇല്‍മ്’ എന്ന പദം നിരവധി തവണ വിശുദ്ധ ഖുർആനിലുണ്ട്. “ഇൽമിൽ’ നിന്ന് ഉൽഭൂതമായ ഇതര രൂപങ്ങള്‍ അല്ലാതെയും ധാരാളമുണ്ട്. സ്രഷ്ടാവിനെ മഹത്വപ്പെടുത്തുന്ന പദങ്ങൾക്കുശേഷം കൂടുതല്‍ പ്രാവശ്യം വന്ന പദം വിജ്ഞാന സംബന്ധിയായിരിക്കുമെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.

വിജ്ഞാന ഖനികൾ ആഴമുള്ളതും അതിന്റെ ചക്രവാളങ്ങൾ അനന്തവുമാണ്. പണ്ഡിതന്മാരെ അമ്പിയാക്കളുടെ അനന്തരാവകാശികളായാണ് പ്രവാചകർ(സ) വിശേഷിപ്പിച്ചത്. പ്രവാചകന്മാർ ദീനാറോ ദിര്‍ഹമോ ശേഷിപ്പിച്ചിട്ടില്ല; അവര്‍ ബാക്കിയാക്കിയത് വിജ്ഞാനം മാത്രമാണെന്നും അവിടുന്ന് കൂട്ടിച്ചേർത്തു.

ഏറ്റവും ഫലപ്രദമായ അധ്യാപന രീതികളെയാണ് വിശുദ്ധ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നത്. പഠനം ശരിയായി നടക്കുന്നതിന് ഗുരു-ശിഷ്യ ബന്ധം സുദൃഢമാകണമെന്ന് മതം അനുശാസിക്കുന്നു. ഗുരുമുഖത്ത് നിന്ന് പഠിക്കുമ്പോഴാണ് അറിവിന്റെ പൊരുളും ആഴവും മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഹൃദയങ്ങളിൽ നിന്നും ഹൃദയങ്ങളിലേക്കാണ് ഗുരുക്കന്മാർ വെളിച്ചം പകരുന്നത്. അത്തരത്തിലുള്ള അറിവിനാണ് അന്ധത അകറ്റാനും ആത്മജ്ഞാനത്തിന്റെ കലവറകൾ തുറക്കാനും സാധിക്കുന്നത്. അപ്പോഴാണ് ആരാധനകൾക്ക് മാറ്റ് കൂടുന്നതും ഉടയതമ്പുരാനോട് അടുക്കുന്നതും. ആ​​ത്മ​​സം​​സ്ക​​ര​​ണ​​ത്തി​​ന് ഹേ​​തു​​വാ​​കാ​​ത്ത ആ​​രാ​​ധ​​ന​​ക​​ൾ കേ​​വ​​ലം ബാ​​ഹ്യ​​പ്ര​​ക​​ട​​ന​​മാ​​യി മാത്ര​​മാ​​ണ് ഗണിക്ക​​പ്പെ​​ടു​​ക. ആത്മജ്ഞാനം കരസ്ഥമാകണമെങ്കിൽ ശുദ്ധ ഉറവിടങ്ങളില്‍ നിന്ന് അറിവ് ലഭിക്കണം. അതിനായിരുന്നു മഹാന്മാര്‍ കഠിനവും സാഹസികത നിറഞ്ഞതുമായനിരന്തര യാത്രകള്‍ നടത്തിയതും ഗുരുസന്നിധിയിൽ അനേകം നാളുകൾ കഴിച്ചുകൂട്ടിയതും. അ​​റി​​വി​​ന്റെ ല​​ക്ഷ്യം മ​​ത​​നി​​യ​​മ​​ങ്ങ​​ളെ സൂ​​ക്ഷി​​ക്ക​​ലാ​​ണെന്ന് ജലാലുദ്ധീൻ റൂമി നിരീക്ഷിച്ചപ്പോൾ തി​​ബ്‌​​രീ​​സി പ​​റ​​ഞ്ഞത് ഇങ്ങനെയാണ്: “അ​​റി​​വി​​ന്റെ ല​​ക്ഷ്യം അ​​ല്ലാ​​ഹു​​വി​​നെ അ​​റി​​യ​​ലാ​​ണ്’. “വിജ്ഞാനം സമ്പാദിക്കണമെങ്കിൽ അതിന്റെ അടിമയായി മാറണ’മെന്നാണ് പ്രമുഖ ദാർശനികൻ പ്ലേറ്റോയുടെ കണ്ടെത്തൽ.
ദൈവഭക്തിയുള്ളതും സംസ്‌കാര സമ്പന്നവുമായ ഒരു തലമുറ വളർന്നുവരണമെങ്കിൽ അവർക്ക് മതചിന്തയും ധാർമിക ബോധവും ശരിയായ മാനവികതയും ലഭിക്കണം. കേവല ഭൗതിക താത്പര്യങ്ങളും സാമ്പത്തിക നേട്ടങ്ങളും മുൻനിർത്തിയുള്ള വിദ്യാഭ്യാസം പ്രതികൂല സാഹചര്യങ്ങളിലേക്കായിരിക്കും വഴിനടത്തുക.

ഓരോ വിഷയങ്ങളിലും കൃത്യമായ അവഗാഹം നേടുമ്പോഴാണ് ജീവിതം സാർഥകമാകുന്നത്. അല്ലാതിരുന്നാൽ പാതി വഴിയിൽ യാത്ര നിലക്കാനും വഴി പിഴക്കാനും ഇടവരും. “മുറിവൈദ്യന്‍ ആളെ കൊല്ലും’ എന്ന പഴഞ്ചൊല്ല് വളരെ പ്രസക്തമാണ്. ഉമറുബ്‌നു അബ്ദില്‍ അസീസ്(റ)വിന്റെ വാക്കുകളിൽ കാണാം: “അറിവില്ലാതെ ഒരു പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നത് നന്മയേക്കാള്‍ കൂടുതല്‍ തിന്മവരുത്താൻ ഇടവരുത്തും’.

അറിവുകൾ കുറിപ്പുകളായി സൂക്ഷിക്കുന്നത് നല്ലതു തന്നെ. എങ്കിലും ഹൃദിസ്ഥമാക്കുന്ന അറിവുകൾക്കാണ് സുരക്ഷിതതത്വമുള്ളത്. ജുര്‍ജാനില്‍ നിന്ന് അബൂനസ്ര്‍ ഇസ്മാഈൽ(റ)യുടെ ശിഷ്യത്വം നേടി, അറിവുകളെല്ലാം കുറിപ്പുകളാക്കി കൈയില്‍ കരുതി മടങ്ങവെ വഴിയിൽ വെച്ച് ഇമാം ഗസാലി(റ)നെ കൊള്ളസംഘം പിടികൂടുകയും കുറിപ്പുകളടങ്ങിയ യാത്രാസഞ്ചി അപഹരിച്ചെടുക്കുകയും ചെയ്തു. ദുഃഖിതനായ ഇമാം ഗസാലി(റ) അവരോട് തന്റെ സഞ്ചി തിരിച്ചു തരാൻ ആവശ്യപ്പെട്ടു. അപ്പോൾ കൊള്ളത്തലവന്‍ ചിരിച്ചുകൊണ്ട് ഇമാമിനോട് ഇങ്ങനെ പറഞ്ഞു, “കുട്ടീ, നിന്റെ അറിവുകളെല്ലാം നില കൊള്ളുന്നത് കേവലം തുണ്ടുകടലാസിലാണോ ? അറിവുകള്‍ സൂക്ഷിക്കേണ്ടത് ഹൃദയത്തിലല്ലേ ? ഏത് സമയവും നഷ്ടമായേക്കാവുന്ന കടലാസുതുണ്ടുകളെ ആശ്രയിച്ചാണോ നീ കഴിഞ്ഞുകൂടുന്നത് ? എനിക്ക് നിന്നോട് സഹതാപമാണ് തോന്നുന്നത് !’. ഇതുകേട്ട മഹാനവർകൾ ചിന്താ നിമഗ്നനായി. എല്ലാം മനഃപാഠമാക്കിയ ശേഷം അവിടുന്ന് ഇങ്ങനെ പ്രഖ്യാപിച്ചു, ഇനി എന്റെ അറിവിനെ ആര്‍ക്കും കൊള്ളയടിക്കാന്‍ സാധ്യമല്ല. ഇനിമേല്‍ ആർജിക്കുന്നതൊന്നും മനഃപാഠമാക്കാതെ ഞാന്‍ എഴുതിവെക്കുകയുമില്ല!.
ലക്ഷ്യബോധത്തോടെയും ആത്മാർഥതയോടെയുമുള്ള വൈജ്ഞാനിക യാത്രികർ സുഖലോല സ്വർഗത്തിലാണ് ചെന്നെത്തുന്നത്. അബുദ്ദര്‍ദാഅ(റ) നിവേദനം. നബി(സ) പറഞ്ഞു: ‘വിജ്ഞാനം തേടി ഒരാള്‍ ഒരു വഴിയില്‍ പ്രവേശിച്ചാല്‍ സ്വര്‍ഗത്തിലേക്കുള്ള മാര്‍ഗം അല്ലാഹു അവന് സുഗമമാക്കിക്കൊടുക്കും, മലക്കുകള്‍ ചിറക് വിരിച്ചുകൊടുക്കും, സമുദ്രങ്ങളിലെ മത്സ്യങ്ങളുൾപ്പെടെ ആകാശഭൂമികളിലുള്ള സര്‍വരും പൊറുക്കലിനെ തേടുകയും ചെയ്യും.’ (മുസ്്ലിം)

വിജ്ഞാനകുതുകികൾക്ക് ഇമാം മുഹമ്മദ് ബ്നു ഇദ്്രീസു ശാഫിഈ(റ) നൽകുന്ന സാരോപദേശങ്ങൾ ശ്രദ്ധേയമാണ്. അവിടുന്ന് പറഞ്ഞു: പഠനം വിജയകരമാകണമെങ്കിൽ ആറ് കാര്യങ്ങൾ അനിവാര്യമാണ്. ബുദ്ധിയും തൃഷ്ണയും ത്യാഗവും വിവേകവും ഗുരുവിൻ സഹവാസവും ദീർഘ കാലത്തെ കാത്തിരിപ്പുമാണവ. കൂടാതെ, വിജ്ഞാനം നേടുന്നതിൽനിന്ന് ശ്രദ്ധ തിരിച്ചുകളയുന്ന ഭ്രമം, അഹങ്കാരം, അശ്രദ്ധ, അസൂയ, അക്ഷമ, ചീത്ത സ്വഭാവങ്ങൾ തുടങ്ങിയ ആസക്തികളിൽനിന്ന് തികച്ചും അകലം പാലിക്കുകയും വേണം.
പഠന വേളയിൽ മനസ്സിന് ആയാസവും ശരീരത്തിന് അഭ്യാസവും നൽകണം. അല്ലാതിരുന്നാൽ ശരീരവും മനസ്സും തളരും. അതുകൊണ്ടാണ് കളികളില്ലാത്ത പഠനം അരോചകമാകുമെന്ന് പ്രമുഖ ദാർശനികൻ ഇമാം ഗസാലി(റ) നിരീക്ഷിച്ചത്. “കുട്ടികളെ കളികളില്‍ നിന്ന് തടയുകയും നിരന്തരം പഠിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നത് അവരുടെ മനസ്സുകളെ മരവിപ്പിക്കുകയും ഗ്രാഹ്യശേഷി കുറക്കുകയും ജീവിതം പ്രയാസകരമാക്കുകയും ചെയ്യും.’

Latest