Cover Story
ബ്രഹ്മപുരം മുന്നറിയിപ്പാണ്
ഒറ്റ ഉപയോഗത്തിന് ശേഷം വലിച്ചെറിയുന്ന ശീതളപാനീയക്കുപ്പികള്‍ മുതല്‍ പേനയും പ്ലാസ്റ്റിക് കൂടുകളുമടക്കമുള്ള ചെറുതും വലുതുമായ നിരവധി വസ്തുക്കള്‍ മാലിന്യക്കൂമ്പാരമായി മാറാന്‍ കാലമേറെ വേണ്ടെന്നാണ് "ബ്രഹ്മപുരം' നമ്മെ പഠിപ്പിക്കുന്നത്.

കരിഞ്ഞുണങ്ങിയ മണ്ണിലെ കാടിനും കരിയിലക്കും തീപിടിച്ച വേനലനുഭവങ്ങൾ നാട്ടുപരിസരങ്ങളിൽ പതിവാണ്. അവയുടെ കരിയും ചൂടും പുകയും പെട്ടെന്ന് കെട്ടടങ്ങും. ഓടിയെത്തുന്ന ആളാരവത്തിന് തീകെടുത്തൽ അന്ന് വിഷമകരമായിരുന്നുമില്ല. പച്ചിലകൾ കൊണ്ട് തച്ച് കെടുത്തിയും വെള്ളം ചീറ്റിയും മണ്ണ് വാരിയെറിഞ്ഞുമുള്ള മണിക്കൂറുകൾക്കിടയിൽ തീനാളങ്ങൾ താനെ ഇല്ലാതാകും. പടർന്ന് പരന്ന തീപ്പിടിത്തങ്ങൾ കൊടുംകാടിന് വെളിയിൽ കേരളം ഇതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ല. എന്നാൽ, നഗരത്തിരക്കിൽ കെട്ടടങ്ങാതെ ദിവസങ്ങളോളം വിഷപ്പുക പരത്തിയ വലിയ തീപ്പിടിത്തം പുതിയ പാഠവും അനുഭവവുമായി മാറുകയായിരുന്നു. കൊച്ചിയിലെ തിരക്കിൽ നിന്ന് ഏറെയകലെയല്ലാതെയുള്ള ബ്രഹ്മപുരം നീറിപ്പുകഞ്ഞു തുടങ്ങിയിട്ട് ദിവസങ്ങളേറെയായി.
ബ്രഹ്മപുരത്തെ മാലിന്യക്കൂനക്ക് മേൽ വീണ തീപ്പൊരി ഇപ്പോഴും അണഞ്ഞിട്ടില്ല. 110 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന പ്രദേശത്ത് വർഷങ്ങളായി തള്ളിയ മാലിന്യമലകൾക്കിടയിൽ പലയിടത്ത് നിന്നും ഒരേ സമയമുണ്ടായ തീപ്പിടിത്തം ഒരു നാടിനെയാകെ ഇപ്പോഴും പൊള്ളിച്ചുകൊണ്ടേയിരിക്കുകയാണ്. നാല് ദിവസം മാലിന്യക്കൂമ്പാരം തുടച്ചയായി ആളിക്കത്തി. ശക്തമായ ചൂടും കാറ്റും തീയണക്കുന്നതിന് എല്ലായ്പ്പോഴും വെല്ലുവിളിയായി. ആളിപ്പടർന്ന തീ നോക്കി നിൽക്കാൻ മാത്രമേ ആദ്യ ദിവസങ്ങളിൽ ആൾക്കൂട്ടത്തിന് കഴിഞ്ഞുള്ളൂ.
ആശുപത്രി മാലിന്യമടക്കമുളള പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരത്തിൽ ഇടക്കിടെയുണ്ടായ പൊട്ടിത്തെറി തീപ്പിടിത്തത്തിന്റെ കഠിനത കൂട്ടി. തീയണക്കാനായെത്തിയ അഗ്‌നിശമന സേനാംഗങ്ങൾ പോലും ഒന്നു പകച്ചു. ഒടുവിൽ എല്ലാ വെല്ലുവിളികളുമേറ്റെടുത്ത് അഗ്‌നിശമന വ്യോമ-നാവിക സേനാംഗങ്ങൾ ഒറ്റക്കെട്ടായി ഇറങ്ങി. ദിവസങ്ങൾക്ക് ശേഷം തീ നിയന്ത്രണ വിധേയമാക്കാനായെങ്കിലും മാലിന്യക്കൂമ്പാരത്തിൽ നിന്നുയരുന്ന പുക കെട്ടടങ്ങാതെ ആകാശത്തേക്ക് തന്നെ സഞ്ചരിച്ചു. കാൽ നൂറ്റാണ്ടിലേറെയായി പേരിൽ മാത്രമുള്ള ബ്രഹ്മപുരത്തെ “ശാസ്ത്രീയ’ മാലിന്യ സംസ്‌കരണമാണ് ഒടുവിൽ ഇത്ര വലിയ ദുരന്തത്തിലേക്ക് ഒരു നാടിനെ കൊണ്ടെത്തിച്ചത്. മാലിന്യ സംസ്‌കരണമെന്ന് കൊട്ടിഘോഷിച്ച് കോടികൾ ചെലവിട്ടപ്പോഴും ബ്രഹ്മപുരത്ത് മാലിന്യമലകളുടെ എണ്ണവും വ്യാപ്തിയും കൂടിയതല്ലാതെ ഒരു തരി പോലും കുറഞ്ഞില്ല.
മലയാളിയുടെ പുതിയ ജീവിതമാണ് നമുക്ക് ചുറ്റും ഇത്രയധികം മാലിന്യക്കൂമ്പാരങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമായതെന്ന വാദം അത്ര പെട്ടെന്ന് തള്ളിക്കളയാനാകില്ല. ഉപയോഗമില്ലെന്ന് കരുതുന്നവയെല്ലാം മാലിന്യമെന്ന് കണക്കാക്കി വലിച്ചെറിയുന്ന ശീലം ഏറ്റവും അടുത്ത കാലത്തായാണ് മലയാളി ജീവിതത്തിന്റെ ഭാഗമാക്കിയത്. മലയാളികളുടെ സാമൂഹിക ജീവിതത്തിലുണ്ടായ കൂടിയ വാങ്ങല്‍ ശേഷിയാണ് ഈ ശീലത്തിന് അടിസ്ഥാനമായ ഒരു കാരണം. വേണ്ടുന്നതും വേണ്ടാത്തതുമെല്ലാം വാങ്ങി വാരിക്കൂട്ടാന്‍ ഒരു പക്ഷെ മലയാളിയെക്കഴിഞ്ഞേ മറ്റാരുമുണ്ടാകൂ. ഒറ്റ ഉപയോഗത്തിന് ശേഷം വലിച്ചെറിയുന്ന ശീതളപാനീയക്കുപ്പികള്‍ മുതല്‍ പേനയും പ്ലാസ്റ്റിക് കൂടുകളുമടക്കമുള്ള ചെറുതും വലുതുമായ നിരവധി വസ്തുക്കള്‍ മാലിന്യക്കൂമ്പാരമായി മാറാന്‍ കാലമേറെ വേണ്ടെന്നാണ് “ബ്രഹ്മപുരം’ നമ്മെ പഠിപ്പിക്കുന്നത്. എത്ര നിരോധിച്ചാലും തിരിച്ചുവരുന്ന പ്ലാസ്റ്റിക് ക്യാരിബാഗുകളും ചെരുപ്പ്, ബാഗ്, കുട, സാനിറ്ററി പാഡുകള്‍, ഡയപ്പറുകള്‍, കാലാവധി കഴിഞ്ഞ മരുന്നുകള്‍ പോലുള്ള അപകടകരമായ രാസാവശിഷ്ടങ്ങള്‍ എന്നിങ്ങനെ ഒരിക്കലും നശിച്ച് പോകാത്ത വന്‍ മാലിന്യക്കൂമ്പാരങ്ങളെ സൃഷ്ടിക്കുന്നതിന് കാരണമാകുന്നുവെന്ന് തിരിച്ചറിയാന്‍ ഇപ്പോഴും നമുക്ക് കഴിഞ്ഞിട്ടില്ല. അറവുശാലകള്‍, കോഴിക്കടകള്‍, മത്സ്യമാര്‍ക്കറ്റ്, കച്ചവടസ്ഥാപനങ്ങള്‍, വീടുകള്‍, ആശുപത്രികള്‍, കല്യാണ മണ്ഡപങ്ങള്‍, മാര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍, വാണിജ്യസ്ഥാപനങ്ങള്‍ തുടങ്ങി നിരവധി ഇടങ്ങളില്‍ ദൈനം ദിന ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഉപയോഗമില്ലാത്തതായി മാറുന്ന പാഴ്്വസ്തുക്കളെല്ലാം വലിച്ചെറിയുമ്പോള്‍ അവ സൃഷ്ടിക്കുന്ന ദുരന്തത്തിന്റെയും ദുരിതത്തിന്റെയും ആഴം എത്ര വലുതാണെന്ന് നാം ചിന്തിക്കാറേ ഇല്ല.
എരിഞ്ഞ് പുകഞ്ഞ് കൊച്ചി
ബ്രഹ്മപുരത്തെ തീപ്പിടിത്തം ഉണ്ടാക്കിയ ആരോഗ്യ പാരിസ്ഥിതിക പ്രശ്‌നങ്ങളൊന്നും അത്ര ചെറുതല്ലെന്ന് ആര്‍ക്കാണറിയാത്തത്. ടണ്‍ കണക്കിന് പ്ലാസ്റ്റിക് കത്തിയുണ്ടാകുന്ന രാസമാലിന്യം വന്‍തോതില്‍ വായുവിലും ജലസ്രോതസ്സുകളിലും ഇതിനകം കലര്‍ന്നു കഴിഞ്ഞു. പൂര്‍ണമായി കത്താതെ പുറത്തുവരുന്ന കാര്‍ബണ്‍ ഘടകങ്ങളാണ് പുകയായി അന്തരീക്ഷത്തില്‍ വ്യാപിച്ചത്. നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത മാരകമായ ഡയോക്‌സീന്‍, ഫ്യൂറാന്‍ തുടങ്ങിയ രാസവസ്തുക്കള്‍ സൂക്ഷ്മഘടകങ്ങള്‍ക്കൊപ്പം അന്തരീക്ഷത്തിലും മാലിന്യക്കൂമ്പാരത്തില്‍നിന്ന് അരിച്ചിറങ്ങുന്ന വെള്ളത്തിലൂടെ സമീപത്തെ ജലസ്രോതസ്സുകളിലുമെത്തുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. തീപ്പിടിത്തത്തെ തുടർന്നുണ്ടായ പുക നീങ്ങിയാലും പുറന്തള്ളപ്പെട്ട രാസവിഷപദാര്‍ഥങ്ങള്‍ നശിക്കാതെ ഭൂമിയില്‍ അവശേഷിക്കും. വിഷ വസ്തുക്കളില്‍ 10 ശതമാനത്തില്‍ താഴെ മാത്രമേ വായുവിലൂടെ മനുഷ്യശരീരത്തിലെത്തൂവെന്നും ബാക്കി മണ്ണിലും വെള്ളത്തിലും അടിഞ്ഞു കൂടുമെന്നുമാണ് വഗവേഷകര്‍ പറയുന്നത്. തുടര്‍ച്ചയായി വിഷപ്പുക ശ്വസിച്ചതിന്റെ പ്രത്യാഘാതം സാവധാനത്തിലേ മനസ്സിലാകൂവെന്ന മുന്നറിയിപ്പ് ആരോഗ്യ വിദഗ്ധരും നല്‍കുന്നു. പുക ശ്വസിച്ചവരില്‍ പലര്‍ക്കും ചുമ, മൂക്കിലും തൊണ്ടയിലും അസ്വസ്ഥത, ശ്വാസതടസ്സം, തലവേദന, നെഞ്ചിന് ഭാരം തോന്നുക, കണ്ണെരിച്ചില്‍ എന്നീ അസ്വസ്ഥതകളുണ്ടായിട്ടുണ്ട്. ഇങ്ങനെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടുകയാണ്. പ്രദേശവാസികളോട് വീടിനു പുറത്തിറങ്ങാതിരിക്കാന്‍ ഭരണകൂടം അഭ്യർഥിച്ചിരിക്കുന്നതും വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കിയതും പ്രശ്‌നത്തിന്റെ ഗുരുതര സ്വഭാവമാണ് വ്യക്തമാക്കുന്നത്.
എവിടെയാണ് പിഴച്ചത്
കൊച്ചി പോലെ അതിവേഗം വളര്‍ന്ന് വികസിക്കുന്ന ഒരു നഗരത്തില്‍ നിന്നുള്ള മാലിന്യനീക്കവും സംസ്‌കരണവും എത്ര നിസ്സാരമായാണ് അധികൃതര്‍ കണ്ടുവെന്നതിന്റെ തെളിവാണ് ബ്രഹ്മപുരത്ത് കാണാനാകുന്നത്. കൊച്ചി കോര്‍പ്പറേഷന് പുറമെ തൃക്കാക്കര, തൃപ്പൂണിത്തുറ , കളമശേരി, ആലുവ, അങ്കമാലി എന്നീ അഞ്ച് നഗരസഭകളില്‍ നിന്നും ചേരാനെല്ലൂര്‍, കുമ്പളങ്ങി, വടവുകോട് -പുത്തന്‍കുരിശ് എന്നീ മൂന്ന് പഞ്ചായത്തുകളില്‍ നിന്നുമാണ് ഇവിടെ മാലിന്യമെത്തുന്നത്. 120 ടിപ്പര്‍ ലോറികളിലായി ടണ്‍ കണക്കിന് മാലിന്യങ്ങളാണ് ദിവസേന ഇവിടെ തള്ളുന്നത്. ഇവയൊന്നും തരം തിരിച്ച് മാറ്റുകയോ സംസ്‌കരിക്കുകയോ ചെയ്യാതെ മാലിന്യത്തിന് മേല്‍ വീണ്ടും മാലിന്യമിട്ട് മൂടി അവ ആകാശത്തോളം ഉയര്‍ത്തുക മാത്രമാണ് ഇവിടെ ചെയ്തത്. 2021ല്‍ ഡ്രോണ്‍ സര്‍വേ പ്രകാരം നടത്തിയ കണക്ക് പ്രകാരം 4.55 ലക്ഷം ഘനമീറ്ററാണ് നിക്ഷേപിക്കപ്പെട്ട മാലിന്യത്തിന്റെ കണക്ക്. അതിന് ശേഷം എത്ര അളവിലാണ് മാലിന്യമുണ്ടെന്നത് സംബന്ധിച്ച് കൃത്യമായ കണക്കുമില്ല. 110 ഏക്കറിലുള്ള പ്രദേശത്തെ 60 ശതമാനത്തിലേറെ ഭൂമിയിലും ഇതിനോടകം മാലിന്യം നിക്ഷേപിച്ച് കഴിഞ്ഞിട്ടുണ്ട്. കൃത്യമായി വേര്‍തിരിക്കാത്ത ജൈവ-അജൈവ മാലിന്യങ്ങളാണ് ബ്രഹ്മപുരത്തെത്തുന്നത്. കഴുകി വൃത്തിയാക്കാതെ ഭക്ഷ്യാവശിഷ്ടങ്ങളടക്കമാണ്് പ്ലാസ്റ്റിക് സംസ്‌കരണ പ്ലാന്റില്‍ എത്തുന്നത്. സംസ്‌കരണത്തിനുള്ള കരാറില്‍ ആരോപിക്കപ്പെടുന്ന കോടികളുടെ അഴിമതിയും പ്രധാന കാരണങ്ങള്‍ തന്നെ. എന്നാല്‍ കൊച്ചിയും സമീപ നഗരസഭകളും മാലിന്യസംസ്‌കരണത്തില്‍ ഗൗരവമായ ഇടപെടല്‍ നടത്തുന്നില്ലെന്നത് കാണാതെ പോകാനാകില്ല.
ജൈവ ഖരമാലിന്യ സംസ്‌കരണത്തില്‍ നിരവധി നഗരസഭകളും പഞ്ചായത്തുകളും വിജയകരമായി നടപ്പാക്കുന്ന എത്രയോ പദ്ധതികളുണ്ടെങ്കിലും അവയൊന്നും നടപ്പാക്കാന്‍ ബ്രഹ്മപുരത്ത് മാലിന്യം തള്ളുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞില്ല. അതാത് തദ്ദേശ സ്ഥാപന പരിധികളില്‍ കൃത്യമായി തരം തിരിച്ച് മാലിന്യം സംസ്‌കരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറായിരുന്നെങ്കില്‍ ബ്രഹ്മപുരത്തിന് ഇത്രയധികം മാലിന്യക്കുന്നുകളെ ചുമക്കേണ്ടി വരുമായിരുന്നില്ല. മറ്റു നഗരങ്ങളില്‍ നിന്ന് മാലിന്യം ബ്രഹ്മപുരത്ത് കൊണ്ടുവരുന്നത് നിര്‍ത്തലാക്കി മാലിന്യങ്ങള്‍ കൂട്ടിക്കുഴക്കാതെ ഉറവിടത്തില്‍ വെച്ച് തന്നെ വേര്‍തിരിച്ച് ഗാര്‍ഹിക ജൈവ മാലിന്യങ്ങള്‍ വീടുകളില്‍ തന്നെ സംസ്‌കരിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുന്ന തരത്തിലുള്ള പദ്ധതികള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ ആവിഷ്‌കരിക്കുകയും നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കർശനമായി തടയുകയും ചെയ്യണമെന്നാണ് ശാസ്ത്രസാഹിത്യപരിഷത്ത് പോലുള്ള സംഘടനകള്‍ പറയുന്നത്. അജൈവ ഖരമാലിന്യ ശേഖരണത്തിന് എല്ലാ ഡിവിഷനുകളിലും ഹരിത കർമസേനയെ സജ്ജമാക്കണം. പ്രാദേശികമായ ചെറുകിട മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ സാധ്യത പരിശോധിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
പ്രതിവര്‍ഷം 43 ലക്ഷം ടണ്‍ മാലിന്യം
സംസ്ഥാനത്ത് ഒരു വര്‍ഷമുണ്ടാകുന്ന മാലിന്യം 43 ലക്ഷം ടണ്‍ ആണെന്നാണ് കണക്ക്. ഇതില്‍ 18 ശതമാനവും പ്ലാസ്റ്റിക്കാണ്. മാലിന്യത്തിന്റെ 69 ശതമാനം ജൈവമാലിന്യവും 31 ശതമാനം അജൈവ മാലിന്യവുമാണ്. സംസ്ഥാനത്തെ 1,07,11,989 വീടുകളില്‍ ഉറവിട ജൈവമാലിന്യ സംസ്‌കരണ സംവിധാനമുള്ളത് 23,79,841 എണ്ണത്തിന് മാത്രമാണെന്നാണ് പുതിയ കണക്ക്. സംസ്ഥാനത്ത് ഏകദേശം 50 ശതമാനം ഖരമാലിന്യങ്ങളും ഉത്പാദിക്കപ്പെടുന്നത് വീടുകളിലാണെന്നാണ് വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
നിയമങ്ങളുണ്ട്, പക്ഷേ…
മാലിന്യം വലിച്ചെറിയുന്നതിനെതിരെ ശക്തമായ നിയമങ്ങളുണ്ടെങ്കിലും ഇതൊന്നും കൃത്യമായി നടപ്പിലാക്കാന്‍ മിക്കപ്പോഴും കഴിയാറില്ല. ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 14-ാം അധ്യായം പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന പ്രവൃത്തികളെക്കുറിച്ചും അവയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ലഭിക്കാവുന്ന ശിക്ഷയെ സംബന്ധിച്ചും വ്യക്തമായി തന്നെ വ്യവസ്ഥപ്പെടുത്തിയിട്ടുണ്ട്. അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നത് മൂലം അസുഖം പടര്‍ന്ന് പിടിക്കുന്ന സ്ഥിതിയുണ്ടായാല്‍ ആറ് മാസം വരെ തടവോ പിഴയോ അതല്ലെങ്കില്‍ രണ്ടുംകൂടി ഒരുമിച്ചോ ലഭിക്കാം. മറ്റുള്ളവര്‍ക്ക് ഹാനികരമാകുമെന്ന ബോധ്യത്തോടെ തന്നെ മാലിന്യം വലിച്ചെറിഞ്ഞ് സാംക്രമികരോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതിന് ഇടയാക്കിയാല്‍ രണ്ട് വര്‍ഷം തടവോ പിഴയോ അതല്ലെങ്കില്‍ രണ്ടും ചേര്‍ന്നുള്ള ശിക്ഷയോ ലഭിക്കാന്‍ വ്യവസ്ഥയുണ്ട്. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചാല്‍ 15 ദിവസത്തിനകം പിഴയൊടുക്കണം. ഇത് ചെയ്യാത്ത പക്ഷം, നിയമനടപടി സ്വീകരിക്കാനുള്ള വ്യവസ്ഥയുമുണ്ട്. നിയമം പാലിക്കാത്തതിന് അഞ്ച് വര്‍ഷം വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും ചേര്‍ന്ന ശിക്ഷയോ ലഭിക്കാം.
മാതൃക മുന്നിലുണ്ട്
പതിറ്റാണ്ടുകളായി കെട്ടിക്കിടന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം ബയോ മൈനിംഗിലൂടെ നീക്കി എക്കര്‍ കണക്കിന് ഭൂമി വീണ്ടെടുത്ത മാതൃക നമുക്ക് മുന്നിലുള്ളപ്പോഴാണ് ബ്രഹ്മപുരം ഇങ്ങനെ കത്തിയമര്‍ന്നത്. കൊല്ലം കുരീപ്പുഴയില്‍ അഞ്ചര ഏക്കര്‍ സ്ഥലത്ത് 1940 മുതല്‍ കെട്ടിക്കിടന്ന ഏകദേശം 1.5 ലക്ഷം മീറ്റര്‍ ക്യൂബ് മാലിന്യമാണ് ഖനനം ചെയ്‌തെടുത്തത്. പരിസ്ഥിതി സൗഹൃദ മാര്‍ഗങ്ങളിലൂടെ മാലിന്യങ്ങളെ വിവിധ ഘടകങ്ങളായി വേര്‍തിരിച്ച് വെവ്വേറെ സംസ്‌കരിക്കുന്ന ബയോമൈനിംഗ് സാങ്കേതികവിദ്യയാണ് കുരീപ്പുഴയില്‍ നടപ്പിലാക്കിയത്. കേരളത്തിലെ ആദ്യ സമ്പൂര്‍ണ ബയോ മൈനിംഗ് പദ്ധതിയായിരുന്നു ഇത്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശങ്ങള്‍ക്ക് വിധേയമായാണ് ബയോ മൈനിംഗ് രീതിയില്‍ മാലിന്യം സംസ്‌കരിച്ചത്. പ്ലാസ്റ്റിക്, മറ്റു ജ്വലന സാധ്യതയുള്ള വസ്തുക്കള്‍ എന്നിവ വേര്‍തിരിച്ചു സിമന്റ് കമ്പനികളുടെ ചൂളകളില്‍ ഇന്ധനമായി ഉപയോഗിക്കുന്നതിനാണ് കൈമാറിയത്. ദക്ഷിണ കൊറിയയില്‍ നിന്നുള്ള നൂതന സാങ്കേതിക വിദ്യയും അത്യാധുനിക ഉപകരണങ്ങളും ഉപയോഗിച്ചു മണ്ണിലെ മൈക്രോ പ്ലാസ്റ്റിക് അടക്കമുള്ള അംശങ്ങള്‍ വേര്‍തിരിച്ചു. പ്ലാസ്റ്റിക്കിന് പുറമേ കല്ല്, മണ്ണ്, കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍, തുണി, ടയര്‍, തടി, ചില്ല്, ചെരിപ്പ് എന്നിവയുടെ അംശങ്ങളും വേര്‍തിരിച്ചാണ് സംസ്‌കരിച്ചത്. തമിഴ്‌നാട് ഈറോഡ് ആസ്ഥാനമായുള്ള കമ്പനിയാണ് ആറാള്‍ ഉയരത്തില്‍ കുമിഞ്ഞുകൂടി കിടന്നിരുന്ന 5.47 ഏക്കര്‍ സ്ഥലത്തെ മാലിന്യം വേര്‍തിരിച്ചു സംസ്‌കരിച്ചത്. ഒരു ഘന മീറ്റര്‍ മാലിന്യം സംസ്‌കരിക്കാന്‍ ഏകദേശം 1130 രൂപയോളമാണ് ചെലവ് വന്നത്.
വ്യക്തി ശുചിത്വത്തിൽ അതീവ ശ്രദ്ധാലുക്കളായ മലയാളികൾ പൊതു ഇടങ്ങളിലെ ശുചിത്വത്തിന്റെ കാര്യത്തിൽ ഒരു ശ്രദ്ധയും ചെലുത്താറില്ലെന്നതിന്റെ ഉദാഹരണങ്ങളാണ് ബ്രഹ്മപുരം പോലുള്ള വലിയ മാലിന്യ കേന്ദ്രങ്ങളെ സൃഷ്ടിക്കുന്നത്. നാല് പതിറ്റാണ്ട് മുന്പ് മുതൽ ലോക ശ്രദ്ധയാകർഷിച്ച കേരള മോഡൽ വികസനത്തിന്റെ അന്തഃസത്ത മലയാളികളുടെ ഉയർന്ന സാമൂഹിക ബോധമായിരുന്നു. എന്നാൽ കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിലാണ് പാതയോരങ്ങളിലും തോടുകളിലും വഴിവക്കിലും വെളിപ്പറമ്പുകളിലും പുഴവക്കിലും എന്നു വേണ്ട സകലയിടങ്ങളിലും മാലിന്യ വസ്തുക്കൾ പരന്നൊഴുകി തുടങ്ങിയത്. സാമൂഹിക ശുചിത്വത്തിന് കൂടി ഊന്നൽ നൽകി കൈമോശം വന്ന സാമൂഹിക ബോധം തിരിച്ചുപിടിച്ചാൽ മാത്രമേ മലയാളിയുടെ പരിസരത്ത് വരുംകാലം മൂക്കുപൊത്താതെ നടക്കാനാകുകയുള്ളൂ.