Connect with us

National

2011-2022 കാലഘട്ടത്തില്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് 16,63,440 പേര്‍; വെളിപ്പെടുത്തലുമായി കേന്ദ്ര മന്ത്രി

കഴിഞ്ഞ വര്‍ഷമാണ് ഈ കാലഘട്ടത്തിലെ ഏറ്റവും ഉയര്‍ന്ന എണ്ണം ആളുകള്‍ പൗരത്വം ഒഴിവാക്കിയത്-2,25,620. 2020ലെ 85,256 ആണ് ഏറ്റവും കുറവ്.

Published

|

Last Updated

ന്യൂഡല്‍ഹി | 2011 മുതല്‍ക്കിങ്ങോട്ട് 16 ലക്ഷത്തിലധികം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചതായി സര്‍ക്കാര്‍ രേഖകള്‍. കഴിഞ്ഞ വര്‍ഷമാണ് ഈ കാലഘട്ടത്തിലെ ഏറ്റവും ഉയര്‍ന്ന എണ്ണം ആളുകള്‍ പൗരത്വം ഒഴിവാക്കിയത്-2,25,620. 2020ലെ 85,256 ആണ് ഏറ്റവും കുറവ്. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ രാജ്യസഭയില്‍ ചോദ്യത്തിന് മറുപടിയായി വെളിപ്പെടുത്തിയതാണ് വര്‍ഷം തിരിച്ചുള്ള ഈ കണക്കുകള്‍.

2015-1,31,489, 2016-1,41,603, 2017-1,33,049, 2018-1,34,561, 2019-1,44,017, 2021-1,63,370 എന്നിങ്ങനെയാണ് മറ്റ് വര്‍ഷങ്ങളിലെ കണക്ക്. 2011ല്‍ 1,22,819ഉം 2012ല്‍ 1,20,923ഉം 2013ല്‍ 1,31,405ഉം 2014ല്‍ 1,29,328ഉം പേരാണ് പൗരത്വം വേണ്ടെന്നു വച്ചത്. 16,63,440 ആണ് 2011 മുതല്‍ പൗരത്വം ഒഴിവാക്കിയവരുടെ ആകെ എണ്ണമെന്നും ജയ്ശങ്കര്‍ അറിയിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അഞ്ച് ഇന്ത്യന്‍ പൗരന്മാര്‍ യു എ ഇ പൗരത്വം നേടിയതായും മന്ത്രി പറഞ്ഞു. ഇന്ത്യക്കാര്‍ പൗരത്വം നേടിയ 135 രാജ്യങ്ങളുടെ പട്ടികയും ജയ്ശങ്കര്‍ പുറത്തുവിട്ടു.

യു എസ് കമ്പനികള്‍ ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്ന പ്രശ്‌നം സര്‍ക്കാരിന്റെ ശ്രദ്ധയിലുണ്ടെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കി. ഇവരില്‍ നിശ്ചിത എണ്ണമാളുകള്‍ എച്ച്-1 ബി, എല്‍1 വിസയിലുള്ള ഇന്ത്യന്‍ പൗരന്മാരാണെന്നും മന്ത്രി പറഞ്ഞു.

Latest