Connect with us

Articles

124 എ: വിധിയിലെ ആശ്വാസവും ആശങ്കകളും

ജസ്റ്റിസ് എന്‍ വി രമണ വിരമിക്കുന്നതിന് മുമ്പ്, 124 എയുടെ കാര്യത്തില്‍ ഖണ്ഡിതമായൊരു വിധി ഉണ്ടാകാതെ നോക്കുക എന്ന ഗൂഢോദ്ദേശ്യമാണോ നിയമത്തില്‍ മാറ്റമാകാമെന്ന കേന്ദ്ര നിര്‍ദേശത്തിന് പിന്നിലെന്ന് ന്യായമായും സംശയിക്കണം. രാജ്യത്തിന്റെ അഖണ്ഡത, ഹിന്ദുത്വയെ മാത്രം മാനദണ്ഡമാക്കി തീരുമാനിക്കുന്ന ഭരണകൂടം കൊണ്ടുവരുന്ന മാറ്റം ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങളെ സംരക്ഷിക്കും വിധത്തിലാകാനുള്ള സാധ്യത വിരളമാണ്.

Published

|

Last Updated

രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന 124 എ വകുപ്പ് മരവിപ്പിച്ച് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നു. ഭരണകൂടത്തെയോ അതിന് നേതൃത്വം നല്‍കുന്നവരെയോ അവരെടുക്കുന്ന തീരുമാനങ്ങളെയോ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമായി ചിത്രീകരിക്കുന്നത് വ്യാപകമായ പശ്ചാത്തലത്തില്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ സുര്യകാന്ത് ഹിമ കോലി എന്നിവരടങ്ങിയ ബഞ്ചിന്റെ ഉത്തരവിന് വലിയ പ്രാധാന്യമുണ്ട്. ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് അനിവാര്യമായ അഭിപ്രായ പ്രകടന സ്വാതന്ത്ര്യം സംരക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണ് പരമോന്നത നീതിപീഠമെന്ന സന്ദേശം കൂടിയാണ് ചരിത്രപ്രധാനമായ ഉത്തരവിലൂടെ സുപ്രീം കോടതി നല്‍കുന്നത്. ബ്രിട്ടീഷ് അധിനിവേശ കാലത്ത് രൂപം നല്‍കിയ നിയമവ്യവസ്ഥ, രാജ്യം സ്വാതന്ത്ര്യം പ്രാപിക്കുകയും പൗരാവകാശങ്ങളുടെ അതിരുകള്‍ വിപുലമാകുകയും ചെയ്തതിന് ശേഷവും തുടരുന്നതിലെ അപാകം പല ഘട്ടങ്ങളില്‍ ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട്.

ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളിലേക്ക് കടന്നുകയറാന്‍ ഭരണകൂടത്തിന് അനിയന്ത്രിതമായ അധികാരം നല്‍കുന്ന 124 എ വകുപ്പിന് ഭരണഘടനാ സാധുതയില്ലെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ഹരജികളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിന്റെ ഭാഗമായി നിലപാടറിയിക്കാന്‍ സുപ്രീം കോടതി പലകുറി ആവശ്യപ്പെട്ടുവെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയായിരുന്നു. അവസാന വാദം കേള്‍ക്കലിന് കോടതി തീയതി കുറിച്ചതോടെ, രാജ്യദ്രോഹ കുറ്റം വ്യവഹരിക്കാനുള്ള നിയമ വ്യവസ്ഥയെ നിലനിര്‍ത്താന്‍ പാകത്തിലുള്ള നിലപാടുമായി കേന്ദ്രം കോടതിയിലെത്തി. 1962ല്‍ കേദാര്‍നാഥ് കേസില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ച് പുറപ്പെടുവിച്ച വിധി ചൂണ്ടിക്കാണിച്ചായിരുന്നു മുഖ്യവാദം. 124 എ വകുപ്പ് ഭരണഘടനാ വ്യവസ്ഥകള്‍ക്ക് വിധേയമാണെന്നായിരുന്നു കേദാര്‍നാഥ് കേസിലെ വിധി. ഭരണകൂടത്തിനെതിരെ അക്രമത്തിന് ആഹ്വാനം നല്‍കും വിധത്തിലുള്ള അഭിപ്രായ പ്രകടനങ്ങളാണെങ്കില്‍ മാത്രമേ ഈ വകുപ്പ് ചുമത്താവൂ എന്ന നിബന്ധനയും കോടതിവെച്ചു. ഈ വിധി സ്വീകാര്യമാണെന്നും അഞ്ചംഗ ബഞ്ചിന്റെ വിധി മൂന്നംഗ ബഞ്ച് പുനഃപരിശോധിക്കുന്നത് ശരിയല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു. 124 എയുടെ ഭരണഘടനാ സാധുത ചോദ്യംചെയ്തുള്ള ഹരജി വിശാല ബഞ്ച് പരിഗണിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ സുപ്രീം കോടതി ശ്രമിക്കുന്നതിനിടെയാണ് നിലവിലുള്ള നിയമ വ്യവസ്ഥയില്‍ ഭേദഗതികള്‍ക്ക് തയ്യാറാണെന്നറിയിച്ച് കേന്ദ്രം രംഗത്തുവരുന്നത്. മാറ്റം വരുത്താമെന്ന കേന്ദ്ര സര്‍ക്കാറിന്റെ വാഗ്ദാനം സ്വീകരിച്ചാണ്, സുപ്രീം കോടതി നിയമം മരവിപ്പിച്ചത്. മാറ്റങ്ങളുണ്ടാകും വരെ ഈ നിയമപ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് നിര്‍ദേശിച്ച കോടതി, ഇതിനകം രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്നവര്‍ക്ക് ജാമ്യത്തിനായി കോടതികളെ സമീപിക്കാമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
നിലവിലുള്ള നിയമത്തിന്റെ ഉപയോഗവും ദുരുപയോഗവും കൃത്യമായി തിരിച്ചറിഞ്ഞാണ് പരമോന്നത നീതിപീഠത്തിന്റെ നിര്‍ദേശമെന്ന് നിസ്സംശയം പറയാം. പൗരാവകാശങ്ങളെ പരിമിതപ്പെടുത്തുകയോ ആ അവകാശങ്ങളിലേക്ക് കടന്നുകയറാന്‍ ഭരണകൂടത്തിന് അവസരം നല്‍കുകയോ ചെയ്യുന്ന നിയമങ്ങളെ പരമാവധി പ്രയോജനപ്പെടുത്താന്‍ 2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ ബി ജെ പി സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ട് എന്നത് കേവലം വസ്തുത മാത്രമാണ്. കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങളെയോ ആ സര്‍ക്കാറിന് പിന്‍ബലം നല്‍കുന്ന സംഘ്പരിവാറിന്റെ അജന്‍ഡകളെയോ പ്രത്യക്ഷമോ പരോക്ഷമോ ആയി വിമര്‍ശിക്കുന്നവരെ ലക്ഷ്യമിടാനും അവരെ നിശ്ശബ്ദരാക്കാനും ഈ നിയമങ്ങളൊക്കെ നിര്‍ലോഭം ഉപയോഗിച്ചിട്ടുമുണ്ട്. ഭീമ കൊറേഗാവ് കേസില്‍ അധ്യാപകരെയും അക്കാദമീഷ്യന്‍മാരെയും സാമൂഹിക പ്രവര്‍ത്തകരെയും തുറുങ്കിലടക്കാന്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് – യു എ പി എ) ഉപയോഗിച്ചതിനൊപ്പം രാജ്യദ്രോഹ കുറ്റം തടയാനുള്ള നിയമവും ഉപയോഗിക്കപ്പെട്ടിരുന്നു. അങ്ങനെ കെണിയിലാക്കപ്പെട്ടവരില്‍ അധികവും ഇപ്പോഴും തുറുങ്കിനുള്ളിലാണ്.

അവ്വിധം അറസ്റ്റിലായ സ്റ്റാന്‍ സ്വാമിക്ക്, കുടിവെള്ളം നിഷേധിക്കാന്‍ കോടതികളെ പ്രേരിപ്പിച്ചത് ചുമത്തപ്പെട്ട നിയമത്തിന്റെ കാഠിന്യം കൂടിയായിരുന്നു. സമൂഹത്തോട് ബാധ്യതയുള്ള ഒരു നീതിന്യായ സംവിധാനവും വെള്ളം കുടിക്കാന്‍ സഹായം ആവശ്യപ്പെട്ട് സമര്‍പ്പിക്കുന്ന ഹരജിയില്‍, അത് സമര്‍പ്പിക്കുന്നത് ഏത് കൊടും കുറ്റവാളിയാണെങ്കിലും, കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് അറിയട്ടെ എന്ന് പറഞ്ഞ് മാറ്റിവെക്കില്ല. എങ്കിലും ചുമത്തപ്പെട്ട നിയമവും ആ നിയമത്തിന്റെ നിര്‍വചനത്തിന് കീഴില്‍ വരുന്ന കുറ്റകൃത്യങ്ങളുടെ ഗൗരവാവസ്ഥയും കോടതികളെ മനുഷ്യത്വം മുന്‍നിര്‍ത്തി ചിന്തിക്കുന്നതില്‍ നിന്ന് പിന്‍വലിക്കുന്നുണ്ടാകണം. രാജ്യത്തിന് എതിരായ വാക്കും പ്രവൃത്തിയും ഗുരുതമായ കുറ്റകൃത്യമായി വിവരിക്കുന്ന നിയമ വ്യവസ്ഥയനുസരിച്ച് കേസുകള്‍ ചാര്‍ത്തപ്പെടുമ്പോള്‍ അതില്‍ ഉള്‍പ്പെട്ടവരുടെ ഭരണഘടനാ ദത്തമായ അവകാശങ്ങള്‍ അനുവദിച്ച് കൊടുക്കുന്നത് പോലും തന്റെ രാജ്യക്കൂറിന് മേല്‍ ചോദ്യച്ചിഹ്നമായി നില്‍ക്കുമെന്ന തോന്നല്‍ ന്യായാധിപന്‍മാരിലുണ്ടാക്കും വിധത്തിലാണ്, ഈ നിയമ വ്യവസ്ഥയും അതിന്റെ പ്രയോഗവും നിലനിന്നിരുന്നത്. നീതിന്യായ സംവിധാനത്തെപ്പോലും ഇത്തരമൊരു ഭീതിയിലേക്ക് തള്ളാന്‍ ബലമുള്ള നിയമം, പൗരന്മാരെ വിശിഷ്യ ഭരണ സംവിധാനത്തിന്റെ നയനിലപാടുകളോട് വിയോജിപ്പുള്ള പൗരന്മാരെ വലിയ ഭീതിയിലേക്കാകും തള്ളിവിടുക. ഭരണകൂടത്തിന് ഹിതകരമല്ലാത്ത അഭിപ്രായം പ്രകടിപ്പിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്താന്‍ ‘സംഘ’ടിത സംവിധാനം ഉണ്ടായിരിക്കുകയും നിലവിലുള്ള നിയമം പ്രയോജനപ്പെടുത്തി അത്തരക്കാരെ തുറുങ്കിലടക്കാന്‍ ഭരണകൂടം മടിക്കാതിരിക്കുകയും ചെയ്യുന്ന ഘട്ടത്തില്‍ പ്രത്യേകിച്ചും.

ആ ഭീതിയില്‍ നിന്ന്, ജനാധിപത്യത്തില്‍ വിശ്വസിക്കുകയും അത് നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുകയും തീവ്ര ഹിന്ദുത്വ അജന്‍ഡകളുടെ വിഹാര ഭൂമിയായി രാജ്യം മാറരുതെന്ന് വിചാരിക്കുകയും ചെയ്യുന്ന ജനതയിലെ വലിയ വിഭാഗത്തെ, ഒരു പരിധി വരെ മോചിപ്പിക്കുന്നതാണ് സുപ്രീം കോടതിയുടെ ഇപ്പോഴത്തെ ഇടപെടല്‍. നിയമ വ്യവസ്ഥയില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തും വരെ 124 എ പ്രയോഗിക്കരുതെന്നാണ് ഉത്തരവ്. നിലവിലുള്ള നിയമത്തെ കൂടുതല്‍ കര്‍ക്കശമാക്കുന്ന വ്യവസ്ഥകളൊന്നും അംഗീകരിക്കാന്‍ നീതിന്യായ സംവിധാനം തയ്യാറല്ലെന്ന സൂചന ആ ഉത്തരവിന്റെ അന്തസ്സത്തയായുണ്ട്. അത് മനസ്സിലാക്കിയുള്ള മാറ്റത്തിനാകുമോ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുക എന്നത് കാത്തിരുന്നു കാണണം. അവ്വിധമല്ലാതെ, പ്രഹരശേഷി കൂട്ടാന്‍ പാകത്തിലുള്ള പരോക്ഷ ഇടപെടലുകളാണ് കേന്ദ്രം നടത്തുന്നത് എങ്കില്‍ ഇടപെടാനുള്ള അവസരം നിലനിര്‍ത്തുന്നുമുണ്ട് നീതിപീഠം. അതും മതനിരപേക്ഷ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.

പക്ഷേ, വരുന്ന ആഗസ്റ്റില്‍ സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് ജസ്റ്റിസ് എന്‍ വി രമണ വിരമിക്കും. അതിനുള്ളില്‍ നിയമ വ്യവസ്ഥയിലെ മാറ്റം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുമോ എന്നത് കാത്തിരുന്ന് കാണണം. പെഗാസസ് ഉള്‍പ്പെടെ പല കേസുകളിലും കേന്ദ്ര സര്‍ക്കാറിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാടെടുത്ത ജസ്റ്റിസ് എന്‍ വി രമണ വിരമിക്കുന്നതിന് മുമ്പ്, 124 എയുടെ കാര്യത്തില്‍ ഖണ്ഡിതമായൊരു വിധി ഉണ്ടാകാതെ നോക്കുക എന്ന ഗൂഢോദ്ദേശ്യമാണോ നിയമത്തില്‍ മാറ്റമാകാമെന്ന കേന്ദ്ര നിര്‍ദേശത്തിന് പിന്നിലെന്ന് ന്യായമായും സംശയിക്കണം. മാറ്റമാകാമെന്ന് അറിയിച്ച കേന്ദ്ര സര്‍ക്കാര്‍, രാജ്യത്തിന്റെ അഖണ്ഡത കൂടി കണക്കിലെടുത്തുള്ള മാറ്റം കൊണ്ടുവരാമെന്നാണ് അറിയിച്ചിരിക്കുന്നത്. രാജ്യത്തിന്റെ അഖണ്ഡത, ഹിന്ദുത്വയെ മാത്രം മാനദണ്ഡമാക്കി തീരുമാനിക്കുന്ന ഭരണകൂടം കൊണ്ടുവരുന്ന മാറ്റം ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങളെ സംരക്ഷിക്കും വിധത്തിലാകാനുള്ള സാധ്യത വിരളമാണ്. അത്തരമൊരു മാറ്റത്തിന് ഭരണഘടനാ സാധുത നല്‍കാന്‍ പാകത്തിലുള്ള നീതിന്യായ സംവിധാനത്തെ ഭരണകൂടം പ്രതീക്ഷിക്കുന്നുമുണ്ടാകണം. അതാണ് ഇപ്പോഴത്തെ മരവിപ്പിക്കല്‍ ചരിത്ര പ്രാധാന്യമുള്ളതായിരിക്കെത്തന്നെയുള്ള വെല്ലുവിളിയും.

രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷ വിധിക്കാനുള്ള നിയമം ഇല്ലാതായാലും പ്രഹരശേഷി കൂട്ടിയ യു എ പി എ നിലവിലുള്ളതുകൊണ്ട് കേന്ദ്ര സര്‍ക്കാറിന് പരിഭ്രമിക്കാനൊന്നുമില്ല. 124 എ പ്രകാരം ഇപ്പോള്‍ ജയിലിലടക്കപ്പെട്ടവര്‍ പുറത്തിറങ്ങിയാലും യു എ പി എ ഉപയോഗിച്ച് തുറുങ്കിലടക്കാന്‍ ദിവസങ്ങളുടെ താമസമേ ബുള്‍ഡോസര്‍ സര്‍ക്കാറിന് മുന്നിലുണ്ടാകൂ. ഏതിലും കോണ്‍ഗ്രസ്സിനൊരു കടപ്പാട് രേഖപ്പെടുത്തിപ്പോകണം നരേന്ദ്ര മോദി സര്‍ക്കാറും സംഘ്പരിവാരവും. കോടതിയുടെ അനുമതിയോടെ മാത്രം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുമായിരുന്ന 124 എ വകുപ്പിനെ പോലീസിന് നേരിട്ട് കേസെടുക്കാന്‍ പാകത്തിലുള്ളതാക്കി മാറ്റിക്കൊടുത്തത് ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് സര്‍ക്കാറായിരുന്നു. പോട്ട പിന്‍വലിച്ചപ്പോള്‍ യു എ പി എക്ക് മൂര്‍ച്ച കൂട്ടിക്കൊടുത്തതും കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറാണല്ലോ!

 

Latest