Connect with us

National

നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് സെലെൻസ്കി; റഷ്യൻ എണ്ണ കയറ്റുമതി നിയന്ത്രിക്കണമെന്ന് ആവശ്യം

സെപ്റ്റംബറിൽ യുഎൻ പൊതുസഭയിൽ വെച്ച് ഇരുനേതാക്കളും നേരിൽ കൂടിക്കാഴ്ച നടത്താൻ ധാരണ

Published

|

Last Updated

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുക്രൈൻ പ്രസിഡന്റ് സെലൻസ്കിയും - ഫയൽ ചിത്രം

ന്യൂഡൽഹി | യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ഫോണിൽ സംസാരിച്ചു. ഉഭയകക്ഷി ബന്ധം, യുക്രൈനിലെ നിലവിലെ സാഹചര്യം എന്നിവയും യുക്രൈന് നേരെയുള്ള റഷ്യൻ ആക്രമണങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.

യുക്രൈനിലെ നഗരങ്ങൾക്കും ഗ്രാമങ്ങൾക്കും നേരെ റഷ്യ നടത്തുന്ന ആക്രമണങ്ങളെക്കുറിച്ച് സെലെൻസ്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു. റഷ്യൻ ആക്രമണം അവസാനിപ്പിക്കാൻ ഒരു നയതന്ത്രപരമായ അവസരം ലഭിച്ചപ്പോഴാണ് റഷ്യൻ ബോംബുകൾ സാപ്പോറിഷ്യയിലെ ബസ് സ്റ്റേഷൻ ആക്രമിച്ചത്. യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ശ്രമങ്ങളെ ഇന്ത്യ പിന്തുണയ്ക്കണം. ഉക്രെയ്‌നുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഉക്രെയ്‌നിന്റെ പങ്കാളിത്തത്തോടെയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

റഷ്യയ്‌ക്കെതിരായ ഉപരോധങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. യുദ്ധത്തിന് പണം കണ്ടെത്താനുള്ള റഷ്യയുടെ കഴിവ് കുറയ്ക്കുന്നതിന് അവരുടെ ഊർജ്ജ വിഭവങ്ങൾ, പ്രത്യേകിച്ച് എണ്ണ കയറ്റുമതി നിയന്ത്രിക്കേണ്ടത് ആവശ്യമാണെന്ന് സെലൻസ്കി പ്രധാനമന്ത്രിയോട് പറഞ്ഞു. സെപ്റ്റംബറിൽ യുഎൻ പൊതുസഭയിൽ വെച്ച് കൂടിക്കാഴ്ച നടത്താനും ഉഭയകക്ഷി സന്ദർശനങ്ങൾ നടത്താനും ഇരുവരും ധാരണയായി.

ടെലിഫോൺ സംഭാഷണത്തിൽ, സമാധാനപരമായ ഒരു പരിഹാരത്തിനുള്ള ഇന്ത്യയുടെ സ്ഥിരമായ നിലപാട് പ്രധാനമന്ത്രി മോദി ആവർത്തിച്ചു. സമാധാനം പുനഃസ്ഥാപിക്കുന്നതിനായുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യയുടെ പിന്തുണയുണ്ടെന്ന് അദ്ദേഹം ഉറപ്പ് നൽകി. ഇന്ത്യയും യുക്രൈനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള വഴികളും സംഭാഷണത്തിൽ ചർച്ചയായി.

Latest