From the print
കൊടുവള്ളിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കൊണ്ടോട്ടിയില്‍ കണ്ടെത്തി
പരപ്പാറ ആയിക്കോട്ടില്‍ അബ്ദുര്‍റശീദിന്റെ മകന്‍ അനൂസ് റോഷനെ (21) യാണ് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ക്വട്ടേഷന്‍ സംഘം തിരികെ വിട്ടത്.
കൊടുവള്ളി | കിഴക്കോത്ത് പരപ്പാറയില്‍ നിന്ന് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. പരപ്പാറ ആയിക്കോട്ടില്‍ അബ്ദുര്‍റശീദിന്റെ മകന്‍ അനൂസ് റോഷനെ (21) യാണ് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ക്വട്ടേഷന്‍ സംഘം തിരികെ വിട്ടത്. കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം യുവാവിനെ മറ്റൊരു വാഹനത്തില്‍ കയറ്റിവിടുകയായിരുന്നു. പിതാവ് റസാഖുമായി യുവാവ് ഫോണില്‍ സംസാരിച്ചു.
ക്വട്ടേഷന്‍ സംഘം അനൂസിനെ താമസിപ്പിച്ചത് മൈസൂരുവിലെ രഹസ്യകേന്ദ്രത്തിലാണെന്ന വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്ന് സംഘം യുവാവിനെയും കൊണ്ട് കേരളത്തിലേക്ക് തിരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോയവരെ കുറിച്ച് അറിയില്ലെന്നും ഉപദ്രവിച്ചില്ലെന്നും അനൂസ് റോഷന്‍ പറഞ്ഞു. പ്രതികള്‍ മലപ്പുറം ജില്ലയില്‍ ഉണ്ടെന്ന് പോലീസിന് കൃത്യമായി വിവരം ലഭിക്കുകയും ജില്ല കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്യുന്നതിനിടെയാണ് യുവാവിനെ സംഘം ഉപേക്ഷിച്ചത്. ഇയാളെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയ ശേഷം കൊടുവള്ളിയിലെത്തിച്ചു.
പ്രതികള്‍ ഒളിവിലായതിനാല്‍ തിരോധാനവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് പോലീസ് അറിയിച്ചു. തട്ടിക്കൊണ്ടുപോയ സംഘം കര്‍ണാടകയിലേക്ക് കടന്നുവെന്ന സൂചനയെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം മൈസൂരു, ഷിമോഗ എന്നിവിടങ്ങളില്‍ തിരച്ചില്‍ നടത്തുന്നുണ്ട്.




