Uae
മനുഷ്യക്കടത്തുകാരിൽ നിന്ന് രക്ഷപ്പെട്ട യുവാവ് മനുഷ്യക്കടത്ത് വിരുദ്ധ കോഴ്സിൽ ഡിപ്ലോമ നേടി
യൂറോപ്പിൽ ഫുട്ബോൾ കളിക്കാനുള്ള ആഗ്രഹം സഫലമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവ് മനുഷ്യക്കടത്ത് സംഘത്തിന്റെ കെണിയിൽപ്പെട്ടത്

ദുബൈ| മനുഷ്യക്കടത്ത് സംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് ദുബൈയിൽ ജീവിതം തിരികെ പിടിച്ച ആഫ്രിക്കൻ യുവാവ് ഡിപ്ലോമ സ്വന്തമാക്കി. യൂറോപ്പിൽ ഫുട്ബോൾ കളിക്കാനുള്ള ആഗ്രഹം സഫലമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവ് മനുഷ്യക്കടത്ത് സംഘത്തിന്റെ കെണിയിൽപ്പെട്ടത്. പീഡനങ്ങളും ഭീഷണികളും സഹിച്ച് സാഹസികമായാണ് യുവാവ് ഈ സംഘത്തിൽ നിന്ന് രക്ഷപ്പെട്ടത്.
ദുബൈയിൽ എത്തിയ ശേഷം സ്വന്തം ജീവിതം കരുപിടിപ്പിക്കാൻ തീരുമാനിച്ച യുവാവ് എമിറേറ്റിലെ ഒരു സ്വകാര്യ സുരക്ഷാ കമ്പനിയിൽ ജോലി നേടി. അദ്ദേഹത്തിന്റെ കഴിവുകൾ തിരിച്ചറിഞ്ഞ തൊഴിലുടമ, ദുബൈ പോലീസും യുണൈറ്റഡ് നേഷൻസ് ഓഫീസ് ഓൺ ഡ്രഗ്സ് ആൻഡ് ക്രൈമും ചേർന്ന് നടത്തുന്ന “ആന്റി – ഹ്യൂമൻ ട്രാഫിക്കിംഗ് സ്പെഷ്യലിസ്റ്റ് ഡിപ്ലോമ’ കോഴ്സിൽ അദ്ദേഹത്തെ ചേർത്തു.
തന്റെ ഭൂതകാലം ഒരു പ്രചോദനമാക്കി, മനുഷ്യക്കടത്ത് വിരുദ്ധ ഡിപ്ലോമ കോഴ്സിൽ യുവാവ് മികച്ച പ്രകടനം കാഴ്ചവെച്ചു. “മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള അതിർത്തി നിയന്ത്രണ നടപടിക്രമങ്ങൾ’ എന്ന വിഷയത്തിൽ അദ്ദേഹം നടത്തിയ പഠനം വലിയ ശ്രദ്ധ നേടി. അതിർത്തികളിൽ ബയോമെട്രിക് സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തണമെന്നും ഏജൻസികൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കണമെന്നും അദ്ദേഹം പഠനത്തിൽ നിർദേശിച്ചു.
---- facebook comment plugin here -----