International
ലോകത്തെ ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ ആദ്യ പത്തിൽ നിന്ന് പുറത്തായി യു എസ്
സിംഗപ്പൂർ ഒന്നാമത്; ഇന്ത്യക്ക് 85-ാം റാങ്ക്

ലണ്ടൻ | ലോകത്ത് വിസയില്ലാതെ എത്ര രാജ്യങ്ങൾ സന്ദർശിക്കാം എന്നതിനെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ഏറ്റവും പുതിയ ഹെൻലി പാസ്‌പോർട്ട് സൂചികയിൽ ആദ്യ പത്തിൽ നിന്ന് യു എസ് (അമേരിക്ക) പുറത്തായി. 227 ലക്ഷ്യസ്ഥാനങ്ങളിൽ 180 എണ്ണത്തിലേക്ക് വിസ രഹിത പ്രവേശനം നേടാൻ കഴിയുന്ന യു എസ് പാസ്‌പോർട്ട് 12-ാം സ്ഥാനത്താണ്. മലേഷ്യയുമായി ഈ സ്ഥാനം പങ്കിടുകയാണ് യു എസ്.
കഴിഞ്ഞ വർഷം ഏഴാം സ്ഥാനത്തായിരുന്ന യു എസ്, ഈ വർഷം ജൂലൈയിൽ പത്താം സ്ഥാനത്തേക്ക് താഴ്ന്നിരുന്നു. 2014-ൽ സൂചികയിൽ ഒന്നാം സ്ഥാനത്തായിരുന്നു യു എസ്. പല രാജ്യങ്ങളുമായുള്ള വിസ ഇളവുകളിലെ മാറ്റങ്ങളും പരസ്പര വിനിമയത്തിന്റെ കുറവുമാണ് യു എസ് റാങ്കിംഗിന് തിരിച്ചടിയായത്. പരസ്പരം വിസയിളവ് നൽകാത്തതിനെ തുടർന്ന് ബ്രസീൽ യു എസ്, കാനഡ, ആസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന വിസ രഹിത പ്രവേശനം നിർത്തലാക്കിയതും യുഎസിന് തിരിച്ചടിയായി. പാപുവ ന്യൂ ഗിനിയ, മ്യാൻമർ തുടങ്ങിയ രാജ്യങ്ങൾ അവരുടെ നയങ്ങളിൽ മാറ്റം വരുത്തിയത് മറ്റ് രാജ്യങ്ങൾക്ക് ഗുണകരമായപ്പോൾ യു എസ് റാങ്കിംഗിന് ദോഷകരമാവുകയും ചെയ്തു.
2025-ലെ റാങ്കിംഗിൽ മൂന്ന് ഏഷ്യൻ രാജ്യങ്ങളാണ് ആദ്യ സ്ഥാനങ്ങളിൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്. 193 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസ രഹിത പ്രവേശനമുള്ള സിംഗപ്പൂർ പട്ടികയിൽ ഒന്നാമതെത്തി. 190 ലക്ഷ്യസ്ഥാനങ്ങളുമായി ദക്ഷിണ കൊറിയ രണ്ടാമതും 189 ലക്ഷ്യസ്ഥാനങ്ങളുമായി ജപ്പാൻ മൂന്നാമതുമാണ്.
ഈ വർഷത്തെ ഹെൻലി പാസ്‌പോർട്ട് സൂചികയിൽ ഇന്ത്യയുടെ റാങ്ക് 85 ആണ്. 57 രാജ്യങ്ങളിലേക്ക് മാത്രമാണ് ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസ രഹിത പ്രവേശനം നേടാൻ സാധിക്കുന്നത്. കഴിഞ്ഞ വർഷം 62 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസ രഹിത യാത്രയോടെ ഇന്ത്യ 80-ാം സ്ഥാനത്തായിരുന്നു.