International
'അഫ്ഗാൻ താലിബാൻ ഇന്ത്യക്ക് വേണ്ടി നിഴൽ യുദ്ധം ചെയ്യുന്നു'; ആരോപണവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി
ഇസ്‌ലാമാബാദും കാബൂളും തമ്മിൽ അടുത്തിടെ പ്രഖ്യാപിച്ച 48 മണിക്കൂർ വെടിനിർത്തൽ നിലനിൽക്കുമൊ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും പാക് മന്ത്രി

ഇസ്ലാമാബാദ് | അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാർ ഇന്ത്യക്ക് വേണ്ടി നിഴൽ യുദ്ധം നടത്തുകയാണെന്ന ആരോപണവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇസ്‌ലാമാബാദും കാബൂളും തമ്മിൽ അടുത്തിടെ പ്രഖ്യാപിച്ച 48 മണിക്കൂർ വെടിനിർത്തൽ നിലനിൽക്കുമൊ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും അദ്ദേഹം പാക് ചാനലായ ജിയോ ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
“വെടിനിർത്തൽ നിലനിൽക്കുമോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്, കാരണം അഫ്ഗാൻ താലിബാന് പിന്നിൽ ഡൽഹിയാണ്. നിലവിൽ കാബൂൾ ഡൽഹിക്ക് വേണ്ടി നിഴൽ യുദ്ധം ചെയ്യുകയാണ്” – ഖ്വാജ ആസിഫ് പറഞ്ഞു.
ദിവസങ്ങളോളം നീണ്ടുനിന്ന അതിർത്തി സംഘർഷത്തിൽ ഇരുപക്ഷത്തും ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെട്ടതിനെ തുടർന്നാണ് അയൽരാജ്യങ്ങൾ വെടിനിർത്തൽ പ്രഖ്യാപിച്ചത്. എന്നാൽ, വെടിനിർത്തൽ ആദ്യം നിർദ്ദേശിച്ചത് ആരാണെന്ന കാര്യത്തിൽ ഇരുസർക്കാരുകളും പരസ്പര വിരുദ്ധമായ അവകാശവാദങ്ങളാണ് ഉന്നയിക്കുന്നത്.
പാകിസ്ഥാനിൽ നിരവധി ആക്രമണങ്ങൾ നടത്തിയ തെഹ്‌രീകെ-താലിബാൻ പാകിസ്ഥാൻ (ടി ടി പി.) തീവ്രവാദികൾക്ക് അഫ്ഗാൻ താലിബാൻ അഭയം നൽകുന്നുവെന്നാണ് പാക്കിസ്ഥാന്റെ ആരോപണം.
കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കാൻ ഇരുരാജ്യങ്ങളോടും ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടിട്ടുണ്ട്. ചർച്ചകളിലൂടെ സമാധാനപരമായ പരിഹാരം കണ്ടെത്താൻ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന്റെ ഡെപ്യൂട്ടി വക്താവ് ഫർഹാൻ ഹഖ് ഇരുരാജ്യങ്ങളോടും ആഹ്വാനം ചെയ്തു.
അടുത്തിടെ ഇന്ത്യ സന്ദർശിച്ച താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി, അഫ്ഗാനിസ്ഥാൻ എല്ലാ രാജ്യങ്ങളുമായും സമാധാനം ആഗ്രഹിക്കുന്നു എന്നും ഏറ്റുമുട്ടലിന് ശ്രമിക്കുന്നില്ലെന്നും പറഞ്ഞിരുന്നു. പാകിസ്ഥാൻ അതിർത്തിയിലെ സംഘർഷങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകവെ, “അഫ്ഗാനിസ്ഥാന് മറ്റ് അഞ്ച് അയൽരാജ്യങ്ങൾ കൂടിയുണ്ട്, അവരെല്ലാം ഞങ്ങളിൽ സന്തുഷ്ടരാണ്” എന്നും അദ്ദേഹം പ്രതികരിച്ചു.