Connect with us

National

റഷ്യയിൽ നിന്ന് എണ്ണ: ട്രംപിന്റെ പ്രസ്താവന തള്ളി ഇന്ത്യയും റഷ്യയും; ഇന്ത്യൻ ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

റഷ്യൻ എണ്ണ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് പ്രധാനപ്പെട്ടതാണെന്ന് റഷ്യ

Published

|

Last Updated

ന്യൂഡൽഹി | കലുഷിതമായ ഊർജ്ജ സാഹചര്യത്തിൽ ഇന്ത്യൻ ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് രാജ്യത്തിന്റെ സ്ഥിരമായ മുൻഗണനയെന്ന് വ്യക്തമാക്കി ഇന്ത്യ. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പ് നൽകിയതായി യു എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് അവകാശപ്പെട്ടതിന് മറുപടിയായാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.  റഷ്യൻ എണ്ണ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് പ്രധാനപ്പെട്ടതാണെന്ന് റഷ്യയും പ്രതികരിച്ചു.

“ഇന്ത്യ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും ഒരു പ്രധാന ഇറക്കുമതി രാജ്യമാണ്. കലുഷിതമായ ഊർജ്ജ സാഹചര്യത്തിൽ ഇന്ത്യൻ ഉപഭോക്താവിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ സ്ഥിരമായ മുൻഗണന. ഈ ലക്ഷ്യം മാത്രമാണ് ഞങ്ങളുടെ ഇറക്കുമതി നയങ്ങളെ നയിക്കുന്നത്” – വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക വക്താവ് രൺധീർ ജയ്‌സ്വാൾ പ്രസ്താവനയിൽ പറഞ്ഞു.

സ്ഥിരതയുള്ള ഊർജ്ജ വിലയും സുരക്ഷിതമായ വിതരണവുമാണ് രാജ്യത്തിന്റെ ഊർജ്ജ നയത്തിന്റെ ഇരട്ട ലക്ഷ്യങ്ങളെന്നും ഇതിൽ ഊർജ്ജ സ്രോതസ്സുകൾ വിപുലീകരിക്കുന്നതും, വിപണി സാഹചര്യങ്ങൾക്കനുസരിച്ച് വൈവിധ്യവൽക്കരിക്കുന്നതും ഉൾപ്പെടുന്നുവെന്നും പ്രസ്താവന കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി മോദി റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് തനിക്ക് ഉറപ്പ് നൽകിയതായി യു എസ് പ്രസിഡന്റ് അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം.

റഷ്യൻ എണ്ണ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് പ്രധാനപ്പെട്ടതാണെന്നാണ് ട്രംപിന്റെ പ്രസ്താനയ്ക് റഷ്യ നൽകിയ മറുപടി. ഇന്ത്യൻ സർക്കാറിന്റെ നയത്തിന് അനുസരിച്ചാണ് തങ്ങൾ മുന്നോട്ട് പോകുന്നത്. അത് ഇന്ത്യൻ ജനതയുടെയും ദേശീയ സമ്പദ് വ്യവസ്ഥയുടെയും താൽപ്പര്യങ്ങളെ പ്രതിഫലിപ്പിക്കുന്നു. ആ ലക്ഷ്യങ്ങൾ റഷ്യ-ഇന്ത്യ ബന്ധങ്ങൾക്ക് വിരുദ്ധമാകില്ല. എണ്ണ, വാതക വിഷയങ്ങളിൽ ഇന്ത്യയുമായുള്ള സഹകരണം തുടരുമെന്നും റഷ്യ ഔദ്യോഗികമായി വ്യക്തമാക്കി.

യുക്രെയ്‌നിലെ യുദ്ധം ആരംഭിച്ചതുമുതൽ, റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ യുഎസ് വിമർശിച്ചിരുന്നു. ഇതിനെതിരെ ഇന്ത്യ കർശന നിലപാട് എടുത്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് ട്രംപ് ഇന്ത്യക്ക് മേൽ അധിക നികുതി ഭാരം ചുമത്തിയത്.

---- facebook comment plugin here -----

Latest