Connect with us

National

പൊതുസ്ഥലങ്ങളിൽ ആർ എസ് എസ് പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ നിയമം; തീരുമാനവുമായി കർണ്ണാടക മന്ത്രിസഭ

പൊതുസ്ഥലങ്ങൾ, സർക്കാർ സ്‌കൂളുകൾ, കോളേജുകൾ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ, എയ്ഡഡ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ആർ എസ് എസ്. പ്രവർത്തനങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.

Published

|

Last Updated

ബംഗളൂരു | രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആർ എസ് എസ്) പ്രവർത്തനങ്ങൾ സർക്കാർ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും നിയന്ത്രിക്കാൻ നിയമ നിർമാണത്തിന് ഒരുങ്ങി കർണ്ണാടക സരക്കാർ. സർക്കാർ സ്ഥാപനങ്ങളിലും പൊതുഇടങ്ങളിലും ആർ എസ് എസ് പ്രവർത്തനങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി പ്രിയങ്ക് ഖാർഗെ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ തീരുമാനം. ഇൻഫർമേഷൻ ടെക്നോളജി, ബയോടെക്നോളജി മന്ത്രിയാണ് പ്രിയങ്ക് ഖാർഗെ.

പൊതുസ്ഥലങ്ങൾ, സർക്കാർ സ്‌കൂളുകൾ, കോളേജുകൾ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ, എയ്ഡഡ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ആർ എസ് എസ്. പ്രവർത്തനങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ആഭ്യന്തര വകുപ്പിന്റെയും നിയമ വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും മുൻ ഉത്തരവുകൾ സംയോജിപ്പിച്ച് പുതിയ നിയമം ഉടൻ രൂപീകരിക്കും. അടുത്ത രണ്ട്-മൂന്ന് ദിവസത്തിനുള്ളിൽ ഭരണഘടനയുടെയും നിയമത്തിന്റെയും ചട്ടക്കൂടിനുള്ളിൽ പുതിയ നിയമം നിലവിൽ വരുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം പ്രിയങ്ക് ഖാർഗെ മാധ്യമങ്ങളോട് പറഞ്ഞു.

ഒരു സംഘടനയെയും നിയന്ത്രിക്കാൻ സർക്കാരിന് കഴിയില്ല. എന്നാൽ, പൊതുസ്ഥലങ്ങളിലും റോഡുകളിലും ഇനി ഇഷ്ടമുള്ളതെല്ലാം ചെയ്യാൻ കഴിയില്ലെന്നും, എന്ത് ചെയ്യണമെങ്കിലും സർക്കാരിന്റെ അനുമതി തേടണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്ന കാര്യം സർക്കാരിന്റെ വിവേചനാധികാരത്തിന് വിട്ടുകൊടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വടികൾ വീശി റോഡിലൂടെ നടക്കുകയോ, അധികാരികളെ അറിയിച്ചതുകൊണ്ട് മാത്രം ‘പഥ് സഞ്ചലനം’ (മാർച്ച്) നടത്തുകയോ ചെയ്യാൻ കഴിയില്ലെന്നും, ഇതിനെല്ലാം അനുമതി നൽകുന്നതിന് പ്രത്യേക മാനദണ്ഡങ്ങൾ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. കൊണ്ടുവരാൻ പോകുന്ന പുതിയ നിയമങ്ങളിൽ ഇതെല്ലാം ഉൾപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

---- facebook comment plugin here -----

Latest