International
'റഷ്യ തോല്‍ക്കുകയാണ്', ട്രംപിന് യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയും: ബോറിസ് ജോണ്‍സണ്‍
'സമാധാനത്തില്‍ സ്വതന്ത്രവും പരമാധികാരവും സ്വതന്ത്രവുമായ യുക്രൈന്‍ ഉള്‍പ്പെടണം.'

ലണ്ടന്‍ | ‘റഷ്യ തോല്‍ക്കുകയാണ്, ഗസ്സയില്‍ ചെയ്തതുപോലെ യു എസ് പ്രസിഡന്റ് ട്രംപിന് യുക്രൈന്‍ യുദ്ധം അവസാനിപ്പിച്ച് സമാധാനം സ്ഥാപിക്കാന്‍ കഴിയുമെന്നും ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ‘അല്‍ അറബിയ്യക്ക്’ നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. റഷ്യയുടെ അധിനിവേശത്തിനുശേഷം കൈവ് സന്ദര്‍ശിച്ച ആദ്യത്തെ ലോക നേതാവാണ് ബോറിസ് ജോണ്‍സണ്‍.
ഹമാസിനോടും നെതന്യാഹുവിനോടും ചെയ്തതുപോലെ ട്രംപ് യുക്രൈന്‍ സ്വതന്ത്രമാകാന്‍ ആഗ്രഹിക്കുന്നുവെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിനെ കാണിക്കേണ്ടതുണ്ട്. അമേരിക്കയുടെ യഥാര്‍ഥ ലക്ഷ്യം അതാണെന്ന് പുടിന്‍ മനസ്സിലാക്കിക്കഴിഞ്ഞാല്‍, അവര്‍ ഒരു വഴി കണ്ടെത്തുമെന്ന് ഞാന്‍ കരുതുന്നു. അവര്‍ അത് പരിഹരിക്കുമെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.
‘സമാധാനത്തില്‍ സ്വതന്ത്രവും പരമാധികാരവും സ്വതന്ത്രവുമായ യുക്രൈന്‍ ഉള്‍പ്പെടണം’ എന്ന് തനിക്ക് ഇപ്പോഴും ബോധ്യമുണ്ടെന്ന് പറഞ്ഞ ബോറിസ് പരിഹാരത്തിലേക്ക് നമ്മള്‍ എത്ര വേഗത്തില്‍ എത്തുന്നുവോ അത്രയും നല്ലതാണെന്നും പ്രതികരിച്ചു.
മൂന്നര വര്‍ഷമായി തുടരുന്ന യുദ്ധത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ബ്രസ്സല്‍സില്‍ സൂക്ഷിച്ചിരിക്കുന്ന 300 ബില്യണ്‍ ഡോളര്‍ റഷ്യന്‍ ഫണ്ടുകള്‍ മരവിപ്പിച്ച് യുക്രൈനിന് നല്‍കണം. റഷ്യ തോല്‍ക്കുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി യുക്രൈന്‍ കീഴടക്കുമെന്ന് അവര്‍ പറഞ്ഞുകൊണ്ടിരുന്നു. റഷ്യ ഇപ്പോഴും യുക്രൈന്‍ പ്രദേശത്തിന്റെ 20 ശതമാനത്തില്‍ താഴെ മാത്രമാണ് പിടിച്ചെടുത്തിരിക്കുന്നത്. റഷ്യയുടെ എണ്ണ ശുദ്ധീകരണശാലകളില്‍ പകുതിയും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണെന്നും ബോറിസ് കൂട്ടിച്ചേര്‍ത്തു.