Connect with us

Kerala

ശിരോവസ്ത്ര വിവാദം രാഷ്ട്രീയവൽക്കരിക്കാൻ ആസൂത്രിത ശ്രമം: മന്ത്രി വി ശിവൻ കുട്ടി

പ്രശ്‌നം പരിഹരിക്കുന്നതിനേക്കാൾ സർക്കാരിനെ വിമർശിക്കുക എന്നതായിരുന്നു സ്കൂൾ അധികൃതരുടെയും അവരുടെ അഭിഭാഷകയുടെയും ലക്ഷ്യമെന്നും അവരുടെ അപക്വമായ പരാമർശങ്ങൾ പ്രശ്നത്തെ കൂടുതൽ വഷളാക്കാനേ ഉപകരിക്കൂ എന്നും മന്ത്രി

Published

|

Last Updated

തിരുവനന്തപുരം | പള്ളുരുത്തി സെന്റ്. റീത്താസ് സ്‌കൂളുമായി ബന്ധപ്പെട്ട ശിരോവസ്ത്ര വിവാദം രാഷ്ട്രീയവൽക്കരിക്കാൻ ആസൂത്രിത ശ്രമമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാർത്ഥിനിയെ ക്ലാസ്സിൽ പ്രവേശിപ്പിച്ചില്ല എന്ന പരാതി ലഭിച്ചതിനെ തുടർന്ന് സർക്കാർ നിയമപരവും സ്വാഭാവികവുമായ നടപടിക്രമം മാത്രമാണ് സ്വീകരിച്ചതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. പ്രശ്‌നം പരിഹരിക്കുന്നതിനേക്കാൾ സർക്കാരിനെ വിമർശിക്കുക എന്നതായിരുന്നു സ്കൂൾ അധികൃതരുടെയും അവരുടെ അഭിഭാഷകയുടെയും ലക്ഷ്യമെന്നും മന്ത്രി ആരോപിച്ചു.

പരാതി ലഭിച്ചതിനെ തുടർന്ന് എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകിയിരുന്നു. അദ്ദേഹത്തിന്റെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്കൂൾ അധികൃതരോട് വിശദീകരണം തേടുക മാത്രമാണ് ചെയ്തത്. എന്നാൽ, ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കാൻ ബോധപൂർവമായ ശ്രമം നടക്കുകയാണ്. പ്രശ്നത്തിന് പരിഹാരം കാണുന്നതിനേക്കാൾ സർക്കാരിനെ വിമർശിക്കുക എന്നതായിരുന്നു സ്കൂൾ അധികൃതരും അഭിഭാഷകയും നടത്തിയ വാർത്താ സമ്മേളനങ്ങളുടെ പ്രാഥമിക ലക്ഷ്യം.

വാർത്താസമ്മേളനം റിപ്പോർട്ട് ചെയ്യാൻ പോയ ഒരു മാധ്യമപ്രവർത്തകന്റെ ഫേസ്ബുക്ക് കുറിപ്പിലെ അനുഭവങ്ങൾ ഉദ്ധരിച്ചുകൊണ്ട്, ഇതെല്ലാം ഒരു പ്രത്യേക അജണ്ടയുടെ ഭാഗമായിട്ടാണ് നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും മന്ത്രി അഭിപ്രായപ്പെട്ടു. അഭിഭാഷകയോട് മാധ്യമപ്രവർത്തകർ അവരുടെ കോൺഗ്രസ് ബന്ധത്തെക്കുറിച്ച് ചോദിക്കുന്ന വീഡിയോ ദൃശ്യങ്ങളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കോൺഗ്രസിന് വേണ്ടിയോ മറ്റാർക്ക് വേണ്ടിയോ രാഷ്ട്രീയപരവും വർഗീയപരവുമായ വിഭജനം കേരളത്തിന്റെ വിദ്യാഭ്യാസ അന്തരീക്ഷത്തിൽ സൃഷ്ടിക്കാൻ ആര് ശ്രമിച്ചാലും ഈ സർക്കാർ അത് അനുവദിക്കുകയില്ല എന്ന് മന്ത്രി വ്യക്തമാക്കി.

വിദ്യാലയങ്ങൾ സമാധാനത്തിന്റെയും വിജ്ഞാനത്തിന്റെയും കേന്ദ്രങ്ങളാണ്. അതിനെ കക്ഷി രാഷ്ട്രീയ താൽപ്പര്യങ്ങൾക്കുള്ള വേദിയാക്കാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഓരോ വിദ്യാലയവും ഇന്ത്യൻ ഭരണഘടനാ തത്വങ്ങളും, സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും വിധികളും, വിദ്യാഭ്യാസ അവകാശ നിയമവും, കേരള വിദ്യാഭ്യാസ നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ ബാധ്യസ്ഥരാണ്. ഇതിന് വിരുദ്ധമായ നീക്കങ്ങൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടായാലും ഇടപെടാനുള്ള പൂർണ്ണ അധികാരം പൊതുവിദ്യാഭ്യാസ വകുപ്പിനുണ്ട്. ആ അധികാരം ജനങ്ങളുടെ താൽപ്പര്യം സംരക്ഷിക്കാൻ ഉപയോഗിക്കുമെന്നും വി ശിവൻ കുട്ടി അറിയിച്ചു.

സ്കൂൾ അധികൃതരുടെയും അഭിഭാഷകയുടെയും അപക്വമായ പരാമർശങ്ങൾ പ്രശ്നത്തെ കൂടുതൽ വഷളാക്കാനേ ഉപകരിക്കൂ. അത് വിദ്യാഭ്യാസ സ്ഥാപനത്തിന് ചേർന്ന നടപടിയല്ല. സ്കൂളിന്റെ സമാധാനാന്തരീക്ഷം തകർക്കുന്ന പ്രകോപനപരമായ നടപടികളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്നും പ്രശ്നങ്ങൾക്ക് രമ്യമായ പരിഹാരം കാണണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. ഈ വിഷയത്തിൽ നിയമപരമായി ചെയ്യേണ്ട എല്ലാ കാര്യങ്ങളും സർക്കാർ ചെയ്യുമെന്നും വിദ്യാർത്ഥികളുടെ ഭാവിക്കാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം പോസ്റ്റിൽ പറഞ്ഞു.

---- facebook comment plugin here -----

Latest