Kerala
ശബരിമല സ്വർണക്കൊള്ള: മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ; രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യൽ
ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപ്പങ്ങളിലും ശ്രീകോവിലിന്റെ വാതിൽപ്പാളിയിലും സ്വർണം പൂശുന്നതിനായി നൽകിയതിൽ തിരിമറി നടന്നു എന്ന ദേവസ്വം വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ആണ് കേസ് രജിസ്റ്റർ ചെയ്തത്.

പത്തനംതിട്ട | ശബരിമല ക്ഷേത്രത്തിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതിയും ഇടനിലക്കാരനുമായ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. രഹസ്യ കേന്ദ്രത്തിൽ പോറ്റിയെ ചോദ്യം ചെയ്യുകയാണ്. കേസിന്റെ ഗൂഢാലോചന, സ്വർണം കടത്തിയ രീതി, കാണാതായ സ്വർണത്തിന്റെ അളവ് തുടങ്ങിയ നിർണ്ണായക വിവരങ്ങൾ ചോദ്യം ചെയ്യലിലൂടെ കണ്ടെത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് (എസ്.ഐ.ടി.) കേസ് അന്വേഷിക്കുന്നത്.
ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപ്പങ്ങളിലും ശ്രീകോവിലിന്റെ വാതിൽപ്പാളിയിലും സ്വർണം പൂശുന്നതിനായി നൽകിയതിൽ തിരിമറി നടന്നു എന്ന ദേവസ്വം വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു ഈ സുപ്രധാന നീക്കം. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റർ ചെയ്ത എഫ് ഐ ആറിൽ ദേവസ്വം ഉദ്യോഗസ്ഥരും പോറ്റിയുടെ സഹായികളും ഉൾപ്പെടെ 10 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. മോഷണം, വ്യാജരേഖ ചമയ്ക്കൽ, വിശ്വാസ വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകളാണ് പ്രധാനമായും ചുമത്തിയിട്ടുള്ളത്. കേസിൽ 2019-ലെ ദേവസ്വം ബോർഡ് അംഗങ്ങളെയും പ്രതി ചേർത്തിട്ടുണ്ട്, എങ്കിലും ആരുടെയും പേര് എഫ് ഐ ആറിൽ പരാമർശിക്കുന്നില്ല.
ശബരിമലയിൽ സ്വർണം പൂശുന്നതിനുള്ള ചെമ്പുപാളികൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിനാണ് നൽകിയത്. ദ്വാരപാലക ശിൽപ്പങ്ങളിലും വാതിൽപ്പാളികളിലുമായി 474.9 ഗ്രാം സ്വർണം തട്ടിയെടുത്തതായാണ് ദേവസ്വം വിജിലൻസ് റിപ്പോർട്ടിലെ പ്രാഥമിക കണ്ടെത്തൽ. സ്വർണം പൂശാനായി നൽകിയതിൽ നിന്ന് പഴയ സ്വർണപ്പാളികൾ മാറ്റി പുതിയത് നൽകി തട്ടിപ്പ് നടത്തിയതായാണ് ആരോപണം. ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണക്കൊള്ള 2019 മാർച്ചിലും വാതിൽപ്പാളിയിലെ സ്വർണം 2019 ഓഗസ്റ്റിലുമാണ് നടന്നതെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.
ശബരിമലയുമായി ബന്ധപ്പെട്ട സ്വർണ്ണപ്പാളി വിവാദത്തിൽ പ്രധാനമായും ആരോപണവിധേയനായ വ്യക്തിയാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി. മുൻപ് ശബരിമലയിലെ മുഖ്യ പരികർമ്മിയായിരുന്ന ഇയാൾ പിന്നീട് ക്ഷേത്രവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് സ്പോൺസർഷിപ്പ് നൽകുന്ന ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നു. ശബരിമലയിലെ അന്നദാനം, പടിപൂജ തുടങ്ങിയവയ്ക്ക് ഇദ്ദേഹം വലിയ തുകകൾ സംഭാവന ചെയ്തിട്ടുണ്ട്. ഈ ഇടപാടുകളിലൂടെ അന്യായ ലാഭം നേടിയെന്നും സാമ്പത്തിക ഇടപാടുകളിൽ ദുരൂഹതയുണ്ടെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു.
ക്രൈംബ്രാഞ്ചിന് പിന്നാലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ ഡി) കേസിൽ പ്രാഥമിക വിവര ശേഖരണം ആരംഭിച്ചിട്ടുണ്ട്. സാമ്പത്തിക ക്രമക്കേടുകളും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ഇ ഡി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക.