International
ഹൂത്തി സൈനിക മേധാവി മുഹമ്മദ് അൽ ഗമാരി ഇസ്റാഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു
മരണം സ്ഥിരീകരിച്ച് ഇസ്റാഈലും ഹൂത്തികളും

ഏദൻ | യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂത്തി ഗ്രൂപ്പിന്റെ ഏറ്റവും മുതിർന്ന സൈനിക ഉദ്യോഗസ്ഥരിൽ ഒരാളായ ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് അബ്ദുൽ കരീം അൽ ഗമാരി ഇസ്റാഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. തന്റെ കടമകൾ നിർവഹിക്കുന്നതിനിടെ ഗമാരി കൊല്ലപ്പെട്ടതായി ഹൂത്തികൾ സ്ഥിരീകരിച്ചു. അൽ-ഗമാരിയുടെ മരണത്തിന് ഇസ്റാഈലിനെ നേരിട്ട് കുറ്റപ്പെടുത്താതെ, ഇസ്റാഈലുമായുള്ള പോരാട്ടം അവസാനിച്ചിട്ടില്ലെന്നും അവർ ചെയ്ത കുറ്റകൃത്യങ്ങൾക്ക് തക്ക ശിക്ഷ ഇസ്റാഈലിന് ലഭിക്കുമെന്നും” ഹൂത്തികൾ പ്രസ്താവനയിൽ അറിയിച്ചു.
എന്നാൽ, അൽ ഗമാരി ഇസ്റാഈൽ നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് ഇസ്റാഈൽ പ്രതിരോധ മന്ത്രി ഇസ്റാഈൽ കാറ്റ്‌സ് പറഞ്ഞു. ഭാവിയിൽ ഉണ്ടാകുന്ന ഏത് ഭീഷണിക്കെതിരെയും ഞങ്ങൾ ഇതേ രീതിയിൽ പ്രതികരിക്കുമെന്നും കാറ്റ്‌സ് കൂട്ടിച്ചേർത്തു.
ഹൂത്തി സൈനിക നടപടികൾ നിരീക്ഷിക്കുന്നതിന് ഉത്തരവാദിയായ അബ്ദുൽ മാലിക് അൽ-ഹൂത്തിയുടെ നേതൃത്വത്തിലുള്ള ‘ജിഹാദ് ഓഫീസ്’ അംഗമായിരുന്നു അൽ-ഗമാരി.
ഓഗസ്റ്റ് മാസത്തിൽ യെമനിലെ സനായിൽ ഇസ്റാഈൽ നടത്തിയ വ്യോമാക്രമണത്തിൽ ഹൂത്തി നിയന്ത്രിത സർക്കാരിലെ പ്രധാനമന്ത്രിയും മറ്റ് നിരവധി മുതിർന്ന മന്ത്രിമാരും കൊല്ലപ്പെട്ടിരുന്നു. ഫലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹൂത്തികൾ ഇസ്റാഈലിലേക്ക് മിസൈലുകൾ തൊടുത്തിരുന്നു. ഇതിൽ മിക്കതും തടഞ്ഞിരുന്നു. ഇതിന് മറുപടിയായി ഇസ്റാഈൽ ഹൂത്തി നിയന്ത്രിത യെമൻ മേഖലകളിൽ ആക്രമണം നടത്തി.
ഗസ്സ വെടിനിർത്തൽ കരാർ ഇസ്റാഈൽ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുമെന്നും പരാജയപ്പെട്ടാൽ ഗസ്സക്ക് നൽകുന്ന പിന്തുണ പുനരാരംഭിക്കുമെന്നും ഹൂത്തി നേതാവ് അബ്ദുൽ മാലിക് അൽ-ഹൂത്തി കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.