Kerala
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ്സ് സ്വീകരിച്ചത് മറ്റൊരു പ്രസ്ഥാനവും എടുക്കാന്‍ മടിക്കുന്ന നടപടി; ന്യായീകരണവുമായി ഷാഫി പറമ്പില്‍
എന്റെ ധാരണകള്‍, എന്റെ അടുപ്പം ഇതൊന്നും കെ പി സി സി എടുക്കേണ്ട തീരുമാനങ്ങളെ ഒരുതരത്തിലും സ്വാധീനിച്ചിട്ടില്ലെന്നും ഷാഫി.
പാലക്കാട് | രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ്സ് സ്വീകരിച്ച നടപടിയെ ന്യായീകരിച്ച് ഷാഫി പറമ്പില്‍ എം പി. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട പരാതികളുയരുമ്പോള്‍ വേറൊരു പ്രസ്ഥാനവും സ്വീകരിക്കാന്‍ മടിക്കുന്ന നടപടിയാണ് കോണ്‍ഗ്രസ്സ് എടുത്തിട്ടുള്ളതെന്ന് ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു.
പരാതി വരുന്നതിനു മുമ്പ് തന്നെ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്നും കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ നിന്നും പാര്‍ലിമെന്ററി പാര്‍ട്ടിയില്‍ നിന്നും രാഹുലിനെ നീക്കിയിട്ടുണ്ട്. നിലവില്‍ നിയമ നടപടികള്‍ നടന്നുവരികയാണ്. പാര്‍ട്ടി കൂടുതല്‍ നടപടികളെടുക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്ത് ഉചിതമായ സമയത്ത് തീരുമാനമെടുക്കും. നിയമപരമായ കാര്യങ്ങളില്‍ പാര്‍ട്ടി ഒരു ഇടപെടലും നടത്തിയിട്ടില്ല. രാഹുലിനെതിരേ രണ്ടാമത്തെ പരാതി വന്നപ്പോള്‍ പാര്‍ട്ടി കമ്മിറ്റി വെച്ച് അതിന്റെ തീവ്രത അന്വേഷിക്കുകയല്ല ചെയ്തത്. പരാതി ഡി ജി പിക്ക് കൈമാറുകയായിരുന്നുവെന്നും ഷാഫി പറഞ്ഞു.
എന്റെ പാര്‍ട്ടി എടുക്കുന്ന തീരുമാനം എന്റേതു കൂടിയാണ്. പാര്‍ട്ടി ഇപ്പോള്‍ എടുത്തിരിക്കുന്ന തീരുമാനം കെപിസിസി പ്രസിഡന്റ് മറ്റുള്ളവരുമായി കൂടിയാലോചിച്ച് കൈക്കൊണ്ടതാണ്. വ്യക്തിപരമായ അടുപ്പമോ അടുപ്പക്കുറവോ പാര്‍ട്ടിയുടെ തീരുമാനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളല്ല. എന്റെ ധാരണകള്‍, എന്റെ അടുപ്പം ഇതൊന്നും കെ പി സി സി എടുക്കേണ്ട തീരുമാനങ്ങളെ ഒരുതരത്തിലും സ്വാധീനിച്ചിട്ടില്ലെന്നും ഷാഫി വ്യക്തമാക്കി.



