Uae
'മൈദാന്‍ അല്‍ ഇസ്തിഖ്ലാല്‍' ഉദ്ഘാടനം ചെയ്തു; സ്വാതന്ത്ര്യ സ്മാരകം 34 മീറ്റര്‍ ഉയരത്തില്‍
34 മീറ്റര്‍ ഉയരത്തില്‍ നിര്‍മിച്ച മൈദാന്‍ അല്‍ ഇസ്തിഖ്ലാല്‍ (ഇന്‍ഡിപെന്‍ഡന്‍സ് സ്‌ക്വയര്‍) ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു.
ഷാര്‍ജ | ഷാര്‍ജയില്‍ മൈദാന്‍ അല്‍ ഇസ്തിഖ്ലാല്‍ (ഇന്‍ഡിപെന്‍ഡന്‍സ് സ്‌ക്വയര്‍) സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. 54-ാമത് ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ചാണ് സ്വാതന്ത്ര്യ സ്മാരകത്തിന്റെ നിര്‍മാണ പദ്ധതി പൂര്‍ത്തിയാക്കിയത്.
34 മീറ്റര്‍ ഉയരത്തില്‍ നിര്‍മിച്ച സ്വാതന്ത്ര്യ സ്മാരകത്തിന്റെ ഫലകം ഭരണാധികാരി അനാച്ഛാദനം ചെയ്തു. മുകളില്‍ ഏഴ് ഇമാറാത്തുകളെ പ്രതീകപ്പെടുത്തുന്ന സപ്തനക്ഷത്രം ഉള്‍ക്കൊള്ളുന്നു. യു എ ഇയുടെ രൂപവത്കരണത്തെക്കുറിച്ചുള്ള ചരിത്രപരമായ വിവരങ്ങള്‍ സ്മാരകത്തിന്റെ നാല് വശങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്.
1971 ഡിസംബര്‍ രണ്ടിന് രാവിലെ ഇമാറാത്ത് ഭരണാധികാരികള്‍ യോഗം ചേരുകയും ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം യുണൈറ്റഡ് അറബ് എമിറേറ്റ്സ് സ്ഥാപിക്കാന്‍ സമ്മതിക്കുകയും ചെയ്തത് അടക്കമുള്ള വിവരങ്ങള്‍ ഫലകങ്ങളിലുണ്ട്.
നടപ്പാതകള്‍, ഹരിത ഇടങ്ങള്‍, ആധുനിക ലൈറ്റിംഗ് സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്. സ്‌ക്വയറിനോട് ചേര്‍ന്നുള്ള 24 കെട്ടിടങ്ങളുടെ മുന്‍ഭാഗം ഷാര്‍ജയുടെ വാസ്തുവിദ്യാ സ്വത്വത്തിന് അനുസൃതമായി നവീകരിക്കുകയും ചെയ്തു. 1995ല്‍ നിര്‍മിക്കുകയും ഇപ്പോള്‍ നവീകരിക്കുകയും ചെയ്ത ഇമാം നവവി മസ്ജിദും ഷാര്‍ജ ഭരണാധികാരി ഉദ്ഘാടനം ചെയ്തു.



