Connect with us

Uae

സഹവര്‍ത്തിത്വ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് യു എ ഇ ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു

സുരക്ഷയും സ്ഥിരതയും നല്‍കിയ രാജ്യത്തോട് നന്ദി പ്രകടിപ്പിക്കാനുള്ള അവസരമാക്കിയാണ് ദേശീയ ദിനത്തില്‍ വൈവിധ്യമാര്‍ന്ന ആഘോഷങ്ങളിലൂടെ യു എ ഇ നിവാസികള്‍ പങ്കാളികളായത്.

Published

|

Last Updated

അബൂദബി | യു എ ഇ ദേശീയ ദിനം ആഘോഷിച്ച് രാജ്യം. സ്ഥാപക കാലഘട്ടത്തെയും വികസന പാതയെയും അനുസ്മരിക്കുന്ന വേളയില്‍ സുരക്ഷയും സ്ഥിരതയും നല്‍കിയ രാജ്യത്തോട് നന്ദി പ്രകടിപ്പിക്കാനുള്ള അവസരമാക്കിയാണ് ദേശീയ ദിനത്തില്‍ വൈവിധ്യമാര്‍ന്ന ആഘോഷങ്ങളിലൂടെ യു എ ഇ നിവാസികള്‍ പങ്കാളികളായത്. തലമുറകളായി തങ്ങളെ സ്വീകരിച്ച ഈ രാജ്യത്തോടുള്ള വികാരങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രവാസി സമൂഹവും ആഘോഷത്തില്‍ പങ്കെടുത്തു.

പരമ്പരാഗത ഇമാറാത്തി വസ്ത്രം ധരിച്ചും വാഹനം അലങ്കരിച്ചും ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിച്ചും ഒത്തുചേര്‍ന്നുമാണ് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും മഹത്തായതുമായ ദിവസമായ യൂണിയന്‍ ദിനത്തില്‍ അവര്‍ പങ്കാളികളായത്.

രാഷ്ട്രീയ, സാമ്പത്തിക, മാനുഷിക, വികസന മേഖലകളില്‍ മുന്‍നിര രാഷ്ട്രമെന്ന നിലയില്‍ സ്ഥാനം ഉറപ്പിച്ചാണ് യു എ ഇ 54-ാമത് ഈദ് അല്‍ ഇത്തിഹാദ് ആഘോഷിക്കുന്നത്. ദേശീയ സമ്പദ് വ്യവസ്ഥ ശക്തമായ മുന്നേറ്റമാണ് നടത്തിവരുന്നത്. അന്താരാഷ്ട്ര നാണയ നിധിയുടെ കണക്കനുസരിച്ച് ആദ്യ പകുതിയില്‍ വളര്‍ച്ച 4.8 ശതമാനത്തില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. എണ്ണ ഇതര വിദേശ വ്യാപാരം 24.5 ശതമാനം വര്‍ധിച്ച് 1.7 ട്രില്യണ്‍ ദിര്‍ഹമായി. ഇതുവരെയുള്ള ഏറ്റവും വലിയ ഫെഡറല്‍ ബജറ്റ് അംഗീകരിക്കുകയും ദേശീയ നിക്ഷേപ തന്ത്രം 2031 അവതരിപ്പിക്കുകയും ചെയ്തു.

ആഗോള മത്സരക്ഷമതയില്‍ 2025ലെ ഐ എം ഡി റാങ്കിംഗില്‍ ലോകത്തിലെ മികച്ച അഞ്ച് സ്ഥാനങ്ങളില്‍ യു എ ഇ ഇടം നേടി. 1.46 ബില്യണ്‍ ഡോളര്‍ സഹായത്തോടെ ഏറ്റവും വലിയ സഹായ ദാതാക്കളില്‍ യു എ ഇ സ്ഥാനം നിലനിര്‍ത്തി. ഗസ്സക്ക് 940 കോടി ദിര്‍ഹത്തിലധികം പിന്തുണ നല്‍കി. ഒരു ലക്ഷം ടണ്ണിലധികം സാധനങ്ങള്‍ എത്തിക്കുകയും പരുക്കേറ്റ 3,000 പേരെ ഒഴിപ്പിക്കുകയും ചെയ്തു. രണ്ട് വര്‍ഷത്തിനിടെ സുഡാന് 300 കോടി ദിര്‍ഹം അനുവദിച്ചു.

വര്‍ഷം മുഴുവനും ചലനാത്മകമായ വിദേശനയവും ആഗോള സ്ഥിരത ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്കും രാജ്യം വഹിച്ചു. ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍, സുഡാനിലെ ആഭ്യന്തര യുദ്ധത്തെ അപലപിക്കല്‍, സിവിലിയന്‍ നേതൃത്വത്തിലുള്ള പരിഹാരത്തിനുള്ള പിന്തുണ എന്നിവ നയതന്ത്ര ഇടപെടലുകളില്‍ ഉള്‍പ്പെടുന്നു.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കുറക്കാനുള്ള ശ്രമങ്ങളിലും ഇസ്‌റാഈലും ഇറാനും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കുന്നതിനും യു എ ഇ ഇടപെട്ടു. റഷ്യക്കും യുക്രൈനും ഇടയിലെ മധ്യസ്ഥത തുടര്‍ന്നു. 4,641 തടവുകാരെ കൈമാറാന്‍ സഹായിച്ച 17 റൗണ്ടുകള്‍ പൂര്‍ത്തിയാക്കി. ജി 20, ബ്രിക്സ് 2025, കോപ് 30 തുടങ്ങിയ പ്രധാന അന്താരാഷ്ട്ര ഉച്ചകോടികളില്‍ യു എ ഇ സജീവ സാന്നിധ്യമായിരുന്നു.

വാഹനങ്ങള്‍ കൊണ്ട് ആഘോഷ വാചകം; അജ്മാന്‍ ഗിന്നസ് റെക്കോര്‍ഡില്‍
അജ്മാന്‍ വാഹനങ്ങള്‍ ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും വലിയ ആഘോഷ വാചകം നിര്‍മിച്ചതിന് അജ്മാന്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടി. 603 കാറുകള്‍ കൃത്യതയോടെ ക്രമീകരിച്ചാണ് ‘ഈദ് അല്‍ ഇത്തിഹാദ് യു എ ഇ 54’ എന്ന സന്ദേശം തയ്യാറാക്കിത്. 54-ാമത് യു എ ഇ ദേശീയ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഈ വിസ്മയകരമായ പ്രദര്‍ശനം സംഘടിപ്പിച്ചത്.
അജ്മാന്‍ ടൂറിസം, സാംസ്‌കാരിക, മീഡിയ വകുപ്പ് ചെയര്‍മാന്‍ ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ ഹുമൈദ് അല്‍ നുഐമിയുടെ രക്ഷാകര്‍തൃത്വത്തിലാണ് പരിപാടി നടന്നത്.

ആര്‍ ടി എ ജലയാത്ര ഒരുക്കുന്നു
ദുബൈ 54ാമത് ദേശീയ ദിന അവധിക്കാലത്ത് എമിറേറ്റിന്റെ ലാന്‍ഡ്മാര്‍ക്കുകള്‍ പര്യവേക്ഷണം ചെയ്യാന്‍ ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) പൊതുജനങ്ങളെ ക്ഷണിച്ചു. അവധിക്കാലത്ത്, ദുബൈ ഫെറി, അബ്ര, വാട്ടര്‍ ടാക്സി എന്നിവയിലാണ് വിവിധ കടല്‍ യാത്രകള്‍ അതോറിറ്റി ഒരുക്കിയത്. പൊതുജനങ്ങള്‍ക്ക് എമിറേറ്റിന്റെ കടല്‍ത്തീരത്തിന്റെ വിശദാംശങ്ങള്‍, അതിന്റെ പ്രശസ്തമായ വാസ്തുവിദ്യാ ലാന്‍ഡ്മാര്‍ക്കുകള്‍ എടുത്തുകാണിക്കുന്ന കടല്‍ യാത്രകള്‍ നടത്താനാകും.
ദുബൈ നിവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും കടലിന്റെ സൗന്ദര്യവും നഗരത്തിന്റെ, ആകാശത്തിന്റെ പ്രൗഢിയും സംയോജിപ്പിക്കുന്ന ഒരു സവിശേഷാനുഭവം ഇത് ഒരുക്കും.

 

---- facebook comment plugin here -----

Latest