Connect with us

International

എഴുത്തുകാരി നിതാഷ കൗളിനെ ബെംഗളുരു വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് തിരിച്ചയച്ച് കേന്ദ്രസര്‍ക്കാര്‍

ഭരണഘടനയെ കുറിച്ച് സംസാരിക്കാന്‍ ഒരു സംസ്ഥാന സര്‍ക്കാര്‍ ക്ഷണിച്ച അതിഥിയെ കാരണം പറയാതെ കേന്ദ്രസര്‍ക്കാര്‍ തടയുന്നത് ശരിയാണോ എന്ന്‌ നിതാഷ ചോദിക്കുന്നു.

Published

|

Last Updated

ബെംഗളുരു| കര്‍ണാടക സര്‍ക്കാറിന്റെ ഭരണഘടനാ സംരക്ഷണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ   ഇന്ത്യന്‍ വംശജയായ ബ്രിട്ടീഷ് എഴുത്തുകാരി പ്രൊഫസര്‍ നിതാഷ കൗളിനെ ബെംഗളുരു വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് തന്നെ തിരിച്ചയച്ച് കേന്ദ്രസര്‍ക്കാര്‍. കോണ്‍സ്റ്റിറ്റിയൂഷന്‍ ആന്റ് നാഷണല്‍ യൂണിറ്റി കണ്‍വന്‍ഷന്‍-2024 എന്ന പേരില്‍ ഫെബ്രുവരി 24, 25 തിയ്യതികളിലായിരുന്നു പരിപാടി. ഡല്‍ഹിയില്‍ നിന്നുള്ള ഉത്തരവ് പ്രകാരമാണ് തിരിച്ചയച്ചതെന്ന് നിതാഷ വ്യക്തമാക്കി.

വിമാനത്താവളത്തില്‍ ദുരനുഭവങ്ങളുണ്ടായതെന്നും നിതാഷ പറയുന്നു. ലണ്ടനില്‍നിന്ന് ബെംഗളുരു വരെ 12 മണിക്കൂറാണ് യാത്ര ചെയ്തത്. ഇമിഗ്രേഷനില്‍ നിരവധി മണിക്കൂര്‍ വെറുതെ പോയി. കാരണമില്ലാതെ 24 മണിക്കൂര്‍ മുറിയില്‍ അടച്ചിട്ടുവെന്നും ആവശ്യമായ വെള്ളവും ഭക്ഷണവും കിട്ടിയില്ലെന്നും നിതാഷ ആരോപിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആര്‍എസ്എസിനെ കുറിച്ചുള്ള തന്റെ വിമര്‍ശനങ്ങളില്‍ ഉദ്യോഗസ്ഥര്‍ അനൗദ്യോഗികമായ സൂചന നല്‍കിയിരുന്നു. എന്നാല്‍ അതിനുശേഷം എത്രയോ തവണ ഇന്ത്യയിലേക്ക് വന്നിട്ടുണ്ട്.

ജനാധിപത്യ-ഭരണഘടനാ മൂല്യങ്ങള്‍ സംസാരിക്കാന്‍ ഇന്ത്യയിലേക്കുള്ള പ്രവേശനം തനിക്ക് നിഷേധിക്കപ്പെട്ടുവെന്ന് നിതാഷ പറഞ്ഞു. കര്‍ണാടക ഗവണ്‍മെന്റാണ് പരിപാടിക്ക് ക്ഷണിച്ചത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പ്രവേശനം തടയുകയായിരുന്നു. എന്റെ എല്ലാ രേഖകളും സാധുവായിരുന്നുവെന്നും നിതാഷ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പ്രതികരിച്ചു.

എന്റെ പേനയും വാക്കും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തെ ഭയപ്പെടുത്തുന്നത് എങ്ങനെയാണെന്ന് നിതാഷ ചോദിക്കുന്നു. ഭരണഘടനയെ കുറിച്ച് സംസാരിക്കാന്‍ ഒരു സംസ്ഥാന സര്‍ക്കാര്‍ ക്ഷണിച്ച അതിഥിയെ കാരണം പറയാതെ കേന്ദ്രസര്‍ക്കാര്‍ തടയുന്നത് ശരിയാണോ എന്നും ഇതല്ലല്ലോ നമ്മള്‍ മനസ്സില്‍ ആഗ്രഹിക്കുന്ന ഇന്ത്യയെന്നും അവര്‍ ചോദിക്കുന്നു. അതേസമയം നിതാഷയുടെ ട്വീറ്റിന് മറുപടിയുമായി ബിജെപി രംഗത്തെത്തി. ഇന്ത്യയുടെ അഖണ്ഡതയെയും ഐക്യത്തെയും മുഖ്യമന്ത്രി സിദ്ധരാമയ്യ വെല്ലുവിളിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.