Connect with us

Ongoing News

ലോക ടെസ്റ്റ് ക്രിക്കറ്റ്: ചരിത്രം കിരീട നേട്ടവുമായി ദക്ഷിണാഫ്രിക്ക

ഫൈനലില്‍ ആസ്‌ത്രേലിയയെ അഞ്ച് വിക്കറ്റിന് വീഴ്ത്തി.

Published

|

Last Updated

ലോര്‍ഡ്‌സ് | ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്ക. ഫൈനലില്‍ ആസ്‌ത്രേലിയയെ വീഴ്ത്തി കിരീടം സ്വന്തമാക്കി. അഞ്ച് വിക്കറ്റിന്റെ ഉജ്ജ്വല വിജയമാണ് കുറിച്ചത്. 27 വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ലോക ടെസ്റ്റ് കിരീടം ദക്ഷിണാഫ്രിക്കന്‍ മണ്ണിലെത്തുന്നത്. സ്‌കോര്‍: ആസ്‌ത്രേലിയ ഒന്നാമിന്നിങ്‌സ്- 212, രണ്ടാമിന്നിങ്‌സ്- 207. ദക്ഷിണാഫ്രിക്ക- 138, 282/5.

ഐ സി സി ടൂര്‍ണമെന്റുകളിലെ നോക്കൗട്ട് ഘട്ടങ്ങളില്‍ വീണുപോകുന്നവരെന്ന ദൗര്‍ഭാഗ്യത്തിനും ഇതോടെ ദക്ഷിണാഫ്രിക്ക തടയിട്ടു. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയോടേറ്റ തോല്‍വിയുടെ വേദന മറക്കാനും ഇത് ടീമിനെ സഹായകമായി.

282 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക ശതകം നേടിയ ഏദന്‍ മക്രമിന്റെ (136)യും 66 റണ്‍സ് നേടിയ ടെമ്പ ബവുമയുടെയും തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തിലൂടെ വിജയതീരമണയുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ മക്രം- ബവുമ സഖ്യം നേടിയ 147 റണ്‍സിന്റെ കൂട്ടുകെട്ടാണ് കിരീട വിജയത്തില്‍ നിര്‍ണായകമായത്. ആസ്‌ത്രേലിയയുടെ പേസ് ആക്രമണത്തെ സധൈര്യം നേരിട്ടാണ് ഇരുവരും ടീമിനെ ലക്ഷ്യത്തിലേക്ക് നയിച്ചത്. കാലിലെ പേശീവലിവിനെ വകവെയ്ക്കാതെയായിരുന്നു ബവുമയുടെ പ്രകടനം. 21 റണ്‍സുമായി ഡേവിഡ് ബെഡിങാമും നാലു റണ്‍സുമായി കൈല്‍ വെരെയ്നും പുറത്താകാതെ നിന്നു. ആസ്‌ത്രേലിയക്കായി മിഷേല്‍ സ്റ്റാര്‍ക് 66 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. ജോഷ് ഹേസല്‍വുഡ് 58 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തി.

മിഷേല്‍ സ്റ്റാര്‍കും അലക്‌സ് കാരിയും മാത്രമാണ് ഓസീസ് രണ്ടാമിന്നിങ്‌സില്‍ താരതമ്യേന മികച്ച പ്രകടനം കാഴ്ചവച്ചത്. സ്റ്റാര്‍ക് 58ഉം കാരി 43ഉം റണ്‍സെടുത്തു. 28 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റെടുത്ത പാറ്റ് കമ്മിന്‍സാണ് ദക്ഷിണാഫ്രിക്കന്‍ ബൗളിങ് നിരയില്‍ തിളങ്ങിയത്. മിഷേല്‍ സ്റ്റാര്‍ക് 41 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് സ്വന്തമാക്കി.

 

---- facebook comment plugin here -----

Latest