Connect with us

Uae

ലോക ഗവൺമെൻ്റ് ഉച്ചകോടി ഫെബ്രുവരി 13 മുതൽ ദുബൈയിൽ

150 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ 20 രാഷ്ട്രത്തലവന്മാരും 250ലധികം മന്ത്രിമാരും 10,000 സർക്കാർ ഉദ്യോഗസ്ഥരും സംഗമിക്കും

Published

|

Last Updated

ദുബൈ | ലോകത്തിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ സർക്കാർ സമ്മേളനം ഈ മാസം 13 മുതൽ 15 വരെ ദുബൈയിൽ ആരംഭിക്കും. ഉച്ചകോടിയിൽ 150 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ 20 രാഷ്ട്രത്തലവന്മാരും 250ലധികം മന്ത്രിമാരും 10,000 സർക്കാർ ഉദ്യോഗസ്ഥരും ചിന്താ നേതാക്കളും ആഗോള വിദഗ്ധരും ഒത്തുചേരും.

ഈജിപ്ത് പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് അൽസിസി, തുർക്കി പ്രസിഡൻ്റ്  ത്വയ്യിബ് ഉർദുഗാൻ, സെനഗൽ പ്രസിഡൻ്റ് മക്കി സാൽ, പരാഗ്വേ പ്രസിഡൻ്റ് ബെനിറ്റെസ്, അസർബൈജാൻ പ്രസിഡൻ്റ് ഇൽഹാം അലിയേവ് എന്നിവർ രാഷ്ട്രത്തലവന്മാരിൽ ഉൾപ്പെടും.

അടുത്ത ഘട്ട വികസനത്തിനായുള്ള സർക്കാരുകളുടെ സന്നദ്ധതയും വഴക്കവും വർധിപ്പിക്കുന്ന 220ലധികം സെഷനുകൾ 22 അന്താരാഷ്ട്ര ഫോറങ്ങൾ എന്നിവയും നടക്കും.

ഈ വർഷം 80ലധികം ആഗോള, പ്രാദേശിക സംഘടനകളെ ഒരുമിച്ച് കൊണ്ടുവരും. 80 ഉഭയകക്ഷി കരാറുകളിൽ ഒപ്പുവെക്കുകയും 20 തന്ത്രപ്രധാനമായ റിപ്പോർട്ടുകൾ സമാരംഭിക്കുകയും ചെയ്യും.

• വേൾഡ് ഇക്കണോമിക് ഫോറത്തിൻ്റെ സ്ഥാപകനും പ്രസിഡൻ്റുമായ പ്രൊഫസർ ക്ലോസ് ഷ്വാബ്, ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ടിൻ്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ക്രിസ്റ്റീന ജോർജീവ, വേൾഡ് ട്രേഡ് ഓർഗനൈസേഷൻ ഡയറക്ടർ എൻഗോസി ഒകോൻജോ- ഇവേല, ലോകാരോഗ്യ ഡയറക്ടർ ജനറൽ ടെഡ്രോസ് ഗെബ്രിയേസസ്, ലീഗ് ഓഫ് അറബ് സ്‌റ്റേറ്റ്‌സ് സെക്രട്ടറി ജനറൽ അഹമ്മദ് അബുൽ ഗെയ്ത്, ഇസ്‌ലാമിക് ഡെവലപ്‌മെൻ്റ്  ബേങ്ക് ഗ്രൂപ്പ് പ്രസിഡൻ്റ് മുഹമ്മദ് അൽ ജാസർ, ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറലും ഇൻ്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ ഡയറക്‌ടറുമായ ജാസിം അൽ ബുദൈവി എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കും. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ, ലോക ബേങ്ക് പ്രസിഡൻ്റ്  എന്നിവർ സന്ദേശം നൽകും.

ഇൻ്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി, ഇൻ്റർനാഷണൽ ലേബർ ഓർഗനൈസേഷൻ, നിരവധി പ്രമുഖ സ്വകാര്യ കമ്പനികൾ എന്നിവയുടെ പങ്കാളിത്തമുണ്ടാവും.

സമൂഹങ്ങളുടെ ഭാവി, ആരോഗ്യ പരിപാലനം, സാമ്പത്തിക പ്രതിരോധ ഭരണം, ആശയവിനിമയം, വിദ്യാഭ്യാസം, ജോലികൾ, വികസനവും ഭരണവും ത്വരിതപ്പെടുത്തൽ, പുതിയ ചക്രവാളങ്ങൾ പര്യവേക്ഷണം ചെയ്യൽ, ആഗോള നഗരങ്ങളുടെ രൂപകല്പനയും സുസ്ഥിരതയും സംബന്ധിച്ച ആറ് പ്രധാന പോയിൻ്റിലാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.