local body election 2025
തിരൂരങ്ങാടിയെ തിരിക്കാന്‍ ടീം പോസിറ്റീവിനാകുമോ..?
നിലവില്‍ 39 അംഗ നഗരസഭ ഭരണസമിതിയില്‍ 33 അംഗങ്ങളും യു ഡി എഫാണ്
തിരൂരങ്ങാടി | യു ഡി എഫിന്റെ കുത്തകയായി നില്‍ക്കുന്ന തിരൂരങ്ങാടി നഗരസഭയെ ഇത്തവണ എല്‍ ഡി എഫിന്റെ പുതിയതന്ത്രത്തില്‍ തിരിക്കാനാകുമോ എന്നത് കണ്ടറിയണം. യു ഡി എഫിനെതിരെ എല്‍ ഡി എഫ് ടീം പോസിറ്റീവ് എന്ന പേരില്‍ കൂട്ടായ്മയുണ്ടാക്കിയാണ് പോര്‍ക്കളത്തില്‍ ഇറങ്ങിയത്. എല്‍ ഡി എഫിലെ കക്ഷികള്‍ക്ക് പുറമേ പി ഡി പിയും ഈ കൂട്ടായ്മയിലുണ്ട്. ആദ്യഘട്ടത്തില്‍ ആം ആദ്മി പാര്‍ട്ടി ഉണ്ടായിരുന്നുവെങ്കിലും പിന്നീട് സീറ്റ് വിഭജനത്തിലെ അതൃപ്തിയെ തുടര്‍ന്ന് വിട്ടുപോകുകയായിരുന്നു.
നിലവില്‍ 39 അംഗ നഗരസഭ ഭരണസമിതിയില്‍ 33 അംഗങ്ങളും യു ഡി എഫാണ്. എല്‍ ഡി എഫിന് നാല് അംഗങ്ങളാണുള്ളത്. രണ്ട് സ്വതന്ത്ര അംഗങ്ങളുമുണ്ട്. 40 ഡിവിഷനാണുള്ളത്. എല്‍ ഡി എഫിന് ഒരു സീറ്റുപോലും ലഭിക്കില്ലെന്നാണ് ലീഗ് കേന്ദ്രങ്ങള്‍ പറയുന്നത്. എന്നാല്‍ ചിലയിടങ്ങളില്‍ ശക്തമായ പോരാട്ടം തന്നെയാണ് നടക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ തര്‍ക്കവും പ്രാദേശികമായ ഭിന്നതകളും വിമതരുടെ സാന്നിധ്യവും ലീഗിലേയും ഘടകകക്ഷികളിലേയും വിഭാഗീയതയും യു ഡി എഫിന് തലവേദനയായി നിലനില്‍ക്കുന്നുണ്ട്.
എല്‍ ഡി എഫ് പരമാവധി പുറത്തുനിന്ന് വന്ന പാര്‍ട്ടികളെയും വ്യക്തികളെയും പരിഗണിച്ച് രംഗത്തിറക്കിയിരിക്കുകയാണ്. യു ഡി എഫിന്റെ കുത്തകയായ പല സീറ്റുകളും ഇത്തതവണ തങ്ങള്‍ പിടിച്ചടക്കുമെന്നും എല്‍ ഡി എഫ് നേതാക്കള്‍ പറയുന്നു. ബി ജെ പി ഇത്തവണ അക്കൗണ്ട് തുറക്കുമെന്നാണ് അവര്‍ പറയുന്നത്. 12 ഡിവിഷനുകളിലാണ് ബി ജെ പി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുള്ളത്. നിലവിലെ 40 ഡിവിഷനുകളില്‍ മുസ്്ലിം ലീഗ് 26, കോണ്‍ഗ്രസ്സ് 11, സി എം പി രണ്ട്, വെല്‍ഫെയര്‍ പാര്‍ട്ടി ഒന്ന് സീറ്റുകളിലാണ് മത്സരിക്കുന്നത്.
ടീം പോസിറ്റീവ് സി പി എം നാലിടങ്ങളില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നുണ്ട്. സി പി എം സ്വതന്ത്രരായി 25 ഡിവിവിഷനുകളിലും സി പി ഐ സ്വതന്ത്രര്‍ മൂന്നും പി ഡി പി സ്വതന്ത്രര്‍ നാലും ഐ എന്‍ എല്‍ രണ്ടും സ്വതന്ത്രരായി രണ്ടും സ്ഥാനാര്‍ഥികളെയാണ് രംഗത്തിറക്കിയിട്ടുള്ളത്.
എല്‍ ഡി എഫിലെ പ്രാദേശിക നേതാക്കളായ അഡ്വ. സി ഇബ്‌റാഹീം കുട്ടി, കെ രാമദാസ്, സി പി നൗഫല്‍ തുടങ്ങിയവരും ലീഗിന്റെ നഗരസഭ നേതാക്കളായ യു കെ മുസ്തഫ, എം അബ്ദുര്‍റഹ്‌മാന്‍ കുട്ടി, ഇഖ്ബാല്‍ കല്ലുങ്ങല്‍ തുടങ്ങിയവര്‍ മത്സര രംഗത്തുണ്ട്.



