Connect with us

National

വിട്ടുവീഴ്ചക്കില്ല; പ്രതികാരച്ചുങ്കത്തിൽ ട്രംപിന് മറുപടിയുമായി പ്രധാനമന്ത്രി

റഷ്യയുമായുള്ള വ്യാപാരം തുടരും

Published

|

Last Updated

ന്യൂഡൽഹി | ഇന്ത്യക്കെതിരെ യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രതികാരച്ചുങ്കം കൂടി ഏർപ്പെടുത്തിയതോടെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ ഒരു കാരണവശാലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇതിന് വ്യക്തിപരമായി വലിയ വില നൽകേണ്ടി വരുമെങ്കിലും അതിന് തയ്യാറാണെന്ന് മോദി പറഞ്ഞു. ഡൽഹിയിൽ നടന്ന എം എസ് സ്വാമിനാഥൻ ശതാബ്‍ദി അന്താരാഷ്ട്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

അതേസമയം, റഷ്യയുമായുള്ള വ്യാപാരം തുടരാനാണ് ഇന്ത്യയുടെ തീരുമാനം. റഷ്യ- ഇന്ത്യ വ്യപാരക്കരാറിൽ പ്രകോപിതനായാണ് ട്രംപ് ഇന്ത്യക്കെതിരെ അധിക നികുതി ചുമത്തിയിരുന്നത്. ഇന്ത്യക്കെതിരെ 50 ശതമാനം തീരുവ ഏർപ്പെടുത്തിയ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവിനെ സംയമനത്തോടെ നേരിടാനാണ് കേന്ദ്ര സർക്കാർ നീക്കം. എന്നാൽ, അമേരിക്കയുമായുള്ള വ്യപാര കരാറിന്റെ കാര്യത്തിൽ കൂടുതൽ ഉത്പന്നങ്ങൾക്ക് ഇളവു നൽകുന്നതടക്കം ആലോചിച്ച് ട്രംപിനെ അനുനയിപ്പിക്കാനും ആലോചനയുണ്ട്. ആദ്യം 25 ശതമാനം തീരുവ ഇന്ത്യക്ക് പ്രഖ്യാപിച്ചപ്പോൾ ട്രംപിനെ വിളിച്ച് സംസാരിക്കാൻ നരേന്ദ്ര മോദി തയ്യാറായിരുന്നില്ല. പുതിയ സാഹചര്യം പ്രധാനമന്ത്രി മുതിർന്ന മന്ത്രിമാരുമായി വിലയിരുത്തി  തുടർനടപടികളിലേക്ക് കടക്കും.