Connect with us

Kerala

പുള്ളിമാന്റെ പുള്ളി തേച്ചാൽ പോകുമോ; ഒഡീഷയിലെ ബജ്റംഗ്ദൾ ആക്രമണത്തിൽ ബി ജെ പിക്കെതിരെ മന്ത്രി റിയാസ്

കേരളത്തിൽ കേക്ക് മുറിക്കുകയും കേരളത്തിന് പുറത്ത് മറ്റെന്തെങ്കിലും മുറിക്കുകയും ചെയ്യുന്ന രീതി ആളുകൾക്ക് മനസ്സിലാകും

Published

|

Last Updated

തിരുവനന്തപുരം | ഒഡീഷയിൽ കന്യാസ്ത്രീകൾക്കും വൈദികർക്കും നേരെയുണ്ടായ ബജ്‌റംഗ്ദൾ ആക്രമണത്തിനെതിരെ മന്ത്രി പി കെ റിയാസ്. ബി ജെ പി എന്ത് നയതന്ത്രം കൊണ്ടുവന്നാലും സത്യം എല്ലാവർക്കും അറിയാമെന്നും പുള്ളിമാൻ്റെ പുള്ളി തേച്ചാൽ പോകുമോയെന്നും മന്ത്രി പറഞ്ഞു.

ബി ജെ പി എന്താണെന്ന് അറിയുന്നവർക്ക് ഇതൊരു അത്ഭുതമേയല്ല. ആഭ്യന്തര ശത്രുക്കളായി സംഘ്പരിവാർ കണ്ട മൂന്ന് പേരിൽ ഒന്നാണ് മിഷണറിമാർ. കേരളത്തിൽ ബി ജെ പി മറ്റൊരു മുഖം നൽകാൻ ശ്രമിച്ചാൽ അതിലൊരു കാര്യവുമില്ല. കേരളത്തിൽ കേക്ക് മുറിക്കുകയും കേരളത്തിന് പുറത്ത് മറ്റെന്തെങ്കിലും മുറിക്കുകയും ചെയ്യുന്ന രീതി ആളുകൾക്ക് മനസ്സിലാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഗ്രഹാം സ്റ്റെയ്ൻസ് ഇന്നും ഒരു ഓർമയായി നമ്മുടെ മുൻപിൽ നിൽക്കുന്നുണ്ട്. ഒരു പ്രത്യേക മതവിഭാഗം മാത്രം നേരിടുന്ന ഒരു പ്രശ്നമല്ല ഇത്. ഭരണഘടന മുന്നോട്ടുവെക്കുന്ന ആശയത്തിനേൽക്കുന്ന പോറലാണ് ഈ സംഭവങ്ങൾ. കന്യാസ്ത്രീകൾ മലയാളികളായതുകൊണ്ടാണ് ഈ വിഷയം ചർച്ചയാകുന്നത്. കേരളത്തിലെ ബി ജെ പിയിൽ ചിലർക്ക് മാത്രമാണ് ക്രൈസ്തവർക്ക് കേക്ക് കൊടുക്കണമെന്ന അഭിപ്രായമുള്ളത്. ബാക്കി എല്ലാവരും ഉത്തരേന്ത്യയിൽ നടക്കുന്നതിനെ അനുകൂലിക്കുകയാണെന്നും ആളുകളെ പറ്റിക്കാൻ ഉള്ള ശ്രമമാണ് ബി ജെ പി നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

ഇന്നലെ രാത്രിയാണ് ബി ജെ പി ഭരിക്കുന്ന ഒഡീഷയില്‍ കന്യാസ്ത്രീകള്‍ക്കും മലയാളി വൈദികര്‍ക്കും നേരെ ബജ്‌റംഗ്ദൾ ആക്രമണമുണ്ടായത്. ജലേശ്വറിലെ ഇടവക വികാരി ഫാ. ലിജോ നിരപ്പലും ബാലസോർ രൂപതയിലെ ജോഡ ഇടവകയിലെ ഫാ. വി ജോജോയുമാണ് ആക്രമണത്തിന് ഇരയായത്.

---- facebook comment plugin here -----