National
മാലിദ്വീപിലെ ഇന്ത്യക്കാര്‍ക്ക് സ്വരാജ്യത്തേക്ക് അയക്കാവുന്ന പ്രതിമാസ തുക വെട്ടിക്കുറച്ച നടപടി; പ്രശ്‌നം പരിഹരിച്ചതായി കേന്ദ്ര മന്ത്രി
തുക 300 യു എസ് ഡോളര്‍ ആയി വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് ആന്റോ ആന്റണി എം പിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര മന്ത്രി പറഞ്ഞു.
ന്യൂഡല്‍ഹി | മാലിദ്വീപില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് അവിടെ നിന്നും സ്വരാജ്യത്തേക്ക് അയക്കാവുന്ന പ്രതിമാസ തുക വെട്ടിക്കുറച്ച പ്രശ്‌നം പരിഹരിച്ചതായി കേന്ദ്ര വിദേശകാര്യ വകുപ്പ് സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ്. തുക 300 യു എസ് ഡോളര്‍ ആയി വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് ആന്റോ ആന്റണി എം പിയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
150 യു എസ് ഡോളര്‍ ആയാണ് നേരത്തെ തുക വെട്ടിക്കുറച്ചിരുന്നത്. ഇതേ തുടര്‍ന്ന് ഇന്ത്യക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് മാലിദ്വീപ് സര്‍ക്കാരുമായും, അവിടുത്തെ മോണിറ്ററി അതോറിറ്റിയുമായും ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് പ്രശ്‌നത്തിന് പരിഹാരമായത്. മാലിദ്വീപില്‍ യു എസ് ഡോളറിന്റെ ലഭ്യതയിലുണ്ടായ കുറവിനെ തുടര്‍ന്നാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നത്.
സര്‍ക്കാര്‍ നിയന്ത്രണം ഗുരുതരമായി ബാധിച്ചതിനെ തുടര്‍ന്ന്, മാലിദ്വീപില്‍ ജോലി ചെയ്യുന്ന കേരളീയര്‍ കേന്ദ്ര വിദേശ, ധനകാര്യ മന്ത്രിമാര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയിരുന്നു. ഇത് പരിഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വഴി മാലിദ്വീപ് സര്‍ക്കാരുമായും മോണിറ്ററി അതോറിറ്റിയുമായും ചര്‍ച്ചകള്‍ നടത്തി. തുടര്‍ന്ന്, എസ് ബി ഐ വഴി അയക്കാവുന്ന തുകയുടെ പരിധി കഴിഞ്ഞ മാസം 16 മുതല്‍ 300 യു എസ് ഡോളര്‍ ആയി വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് സഹമന്ത്രി പങ്കജ് ചൗധരിയും വ്യക്തമാക്കി. മാലിദ്വീപില്‍ യു എസ് ഡോളറിന്റെ ലഭ്യത വര്‍ധിക്കുന്നതിനനുസരിച്ച് നിയന്ത്രണ പരിധിയില്‍ കൂടുതല്‍ ഇളവ് വരുത്തുമെന്നും പങ്കജ് ചൗധരി, ആന്റോ ആന്റണി എം പിയെ അറിയിച്ചു.



