National
റഷ്യന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം; എട്ട് ഉഭയകക്ഷി കരാറുകളില്‍ ഒപ്പിട്ടു
തൊഴില്‍, കുടിയേറ്റം എന്നീ മേഖലകളില്‍ രണ്ടു വീതം കരാറുകളില്‍ ഒപ്പുവെച്ചു. ആരോഗ്യം, ഷിപ്പിങ് എന്നിവയിലും ഉഭയകക്ഷി കരാര്‍ രൂപവത്കരിച്ചു.
ന്യൂഡല്‍ഹി | റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി എട്ട് കരാറുകളില്‍ ഒപ്പുവച്ച് ഇരു രാജ്യങ്ങളും. തൊഴില്‍, കുടിയേറ്റം എന്നീ മേഖലകളില്‍ രണ്ടു വീതം കരാറുകളില്‍ ഒപ്പുവെച്ചു. ആരോഗ്യം, ഷിപ്പിങ് എന്നിവയിലും ഉഭയകക്ഷി കരാര്‍ രൂപവത്കരിച്ചു. റഷ്യയില്‍ നിന്ന് ഇന്ത്യ കൂടുതല്‍ രാസവളം വാങ്ങും. 2030 വരെയുള്ള സമഗ്ര സാമ്പത്തിക സഹകരണ പദ്ധതിക്കും ധാരണയായി.
സ്വതന്ത്ര വ്യാപാര കരാറിനുള്ള ശ്രമം തുടരുകയാണെന്നും സംയുക്ത യൂറിയ ഉത്പാദനത്തിന് ധാരണയുണ്ടാക്കിയതായും വാര്‍ഷിക ഉച്ചകോടിക്കും ഉഭയകക്ഷി ചര്‍ച്ചയ്ക്കും ശേഷം പുടിനുമൊന്നിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. സൈനികേതര ആണവോര്‍ജ മേഖലയില്‍ സഹകരണം വര്‍ധിപ്പിക്കും. റഷ്യ-യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നതായും ഇതിന് എല്ലാ പിന്തുണയും ഇന്ത്യ നല്‍കുമെന്നും മോദി പറഞ്ഞു. ഭീകരവാദത്തെ ഒന്നിച്ച് നേരിടുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ആഴത്തിലുള്ളതാണെന്ന് പറഞ്ഞ നരേന്ദ്ര മോദി ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതില്‍ പുടിന്റെ പങ്കിനെ പ്രശംസിച്ചു. മോദിയെ അടുത്ത സുഹൃത്തെന്നാണ് പുടിന്‍ വിശേഷിപ്പിച്ചത്. ഇന്ത്യയില്‍ നല്‍കിയ ഊഷ്മള സ്വീകരണത്തിന് നന്ദി പറഞ്ഞ പുടിന്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുമെന്നും സുരക്ഷ, വ്യാപാരം, സാമ്പത്തികം, സൈനിക മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ കരാറുകള്‍ ഒപ്പിട്ടതായും അറിയിച്ചു. ലോകത്തെ തന്നെ ഏറ്റവും വലിയ ആണവോര്‍ജ നിലയങ്ങളിലൊന്നായ കൂടംകുളം ആണവോര്‍ജ നിലയ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സഹകരിക്കുമെന്നും ചെറുകിട ആണവ റിയാക്ടറുകള്‍ ഉണ്ടാക്കുന്നതില്‍ സഹകരണം ശക്തമാക്കുമെന്നും പുടിന്‍ പറഞ്ഞു. സാംസ്‌കാരിക സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് റഷ്യന്‍ ടി വി ചാനല്‍ ഇന്ന് മുതല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും പുടിന്‍ അറിയിച്ചു.



