Kerala
ശബരിമലയില്‍ നടന്നത് 500 കോടിയുടെ കൊള്ള: രമേശ് ചെന്നിത്തല
മോഷ്ടിച്ച സ്വര്‍ണം പുരാവസ്തു എന്ന പേരില്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വിറ്റതായാണ് തനിക്കു ലഭിച്ച വിവരമെന്നും ചെന്നിത്തല.
കോട്ടയം | ശബരിമലയുമായി ബന്ധപ്പെട്ട് നടന്നത് 500 കോടിയുടെ കൊള്ളയാണെന്നും സ്വര്‍ണം ബ്ലാക്ക് മാര്‍ക്കറ്റില്‍ വിറ്റതായി സംശയിക്കുന്നുവെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മോഷ്ടിച്ച സ്വര്‍ണം പുരാവസ്തു എന്ന പേരില്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വിറ്റതായാണ് തനിക്കു ലഭിച്ച വിവരമെന്നും ചെന്നിത്തല പറഞ്ഞു. കോട്ടയം പ്രസ്സ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുരാവസ്തുക്കള്‍ക്കു വലിയ മൂല്യമാണുള്ളത്. ഇതുമായി ബന്ധപ്പെട്ട മാഫിയയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇക്കാര്യങ്ങളെല്ലാം എസ് ഐ ടി അന്വേഷിക്കണം. ഒരു വ്യവസായിയില്‍ നിന്നാണ് തനിക്ക് ശബരിമലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചതെന്നും ഇക്കാര്യങ്ങളാണ് എസ് ഐ ടിക്കു കൈമാറുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി. കൂടുതല്‍ അന്വേഷണം നടക്കുന്നതോടെ വന്‍ സ്രാവുകള്‍ പുറത്തുവരും. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ തന്റെ പക്കലില്ല. ശബരിമലയിലെ വിവരങ്ങള്‍ നല്‍കിയ വ്യക്തിയുടെ പേര് മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തില്ല. എന്നാല്‍, എസ് ഐ ടിക്ക് വിവരങ്ങള്‍ നല്‍കാന്‍ അദ്ദേഹം ആ വ്യക്തി തയ്യാാറാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സ്വര്‍ണ കൊള്ളയില്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേത്. സി പി എമ്മിലെ രണ്ടു നേതാക്കള്‍ അറസ്റ്റിലായിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. ഇവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും സി പി എമ്മും തയ്യാറായിട്ടില്ല. അതിനാല്‍ പാര്‍ട്ടി അറിഞ്ഞു നടത്തിയ കൊള്ളയാണോ ഇതെന്ന് സംശിക്കണം. കേസില്‍ അറസ്റ്റിലായ പത്മകുമാര്‍ പലതും തുറന്നു പറഞ്ഞേക്കുമോ എന്ന ഭയം മൂലമാണ് പാര്‍ട്ടി അയാള്‍ക്കെതിരേ നടപടി സ്വീകരിക്കാത്തത്. ദേവസ്വം മന്ത്രി വി എന്‍ വാസവനും മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും സ്വര്‍ണക്കൊള്ളയില്‍ പങ്കുണ്ടെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നതോടെ പുതിയ വിവരങ്ങള്‍ വെളിച്ചത്തു വരുമെന്നും ചെന്നിത്തല പറഞ്ഞു.


